ഡിഎഫ്ബി പൊക്കാല്‍ ; ഒന്നാം റൌണ്ടില്‍ മ്യൂണിക്കിന്‍റെ എതിരാളി പ്ര്യൂസെൻ മൺസ്റ്റര്‍
വിഎഫ്എല്‍ ബോച്ചുമിനെതിരെ ഏഴു ഗോള്‍ വിജയം നേടിയ ബയേണ്‍ മ്യൂണിക്ക് ബുണ്ടസ്ലിഗയില്‍ തങ്ങള്‍ക്ക് നഷ്ട്ടപ്പെട്ട ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചിരുന്നു.ഇനി അവരുടെ ലക്ഷ്യം ഡിഎഫ്ബി പൊക്കാല്‍ കപ്പില്‍ ഒരു മികച്ച തുടക്കം കുറിക്കാന്‍ ആണ്.ഡിഎഫ്ബി റൌണ്ട് 1 ല്‍ ഇന്ന് ബയേണ്‍ ജര്‍മന്‍ മൂന്നാം നിര ടീം ആയ പ്ര്യൂസെൻ മൺസ്റ്ററിനെ നേരിടും.

പ്ര്യൂസെൻ മൺസ്റ്ററിന്‍റെ ഹോം സ്റ്റേഡിയമായ പ്രീസെൻസ്റ്റഡിയനില്‍ വെച്ച് ഇന്ത്യന്‍ സമയം പന്ത്രണ്ടേ കാലിന് ആണ് കിക്കോഫ്.ഫോമിലെത്താന്‍ കുറച്ച് പാടുപ്പെട്ടു എങ്കിലും ഇപ്പോള്‍ ബയേണ്‍ ആ പഴയ ഫോമിലേക്ക് മടങ്ങി എത്തുന്നതിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ട്. കഴിഞ്ഞ രണ്ടു മല്‍സരങ്ങളില്‍ നിന്നു അവര്‍ നേടിയത് പതിനൊന്നു ഗോളുകള്‍ ആണ്.ഹാരി കെയിന്‍ ടീമുമായി പൊരുത്തപ്പെട്ടത് മാനേജര്‍ ടൂഷലിന് നല്ല വാര്‍ത്തയാണ്.താരം കഴിഞ്ഞ മല്‍സരത്തില്‍ ക്ലബിന് വേണ്ടി ആദ്യ ഹാട്രിക്ക് നേടിയിരുന്നു.എന്നാല്‍ ഇന്നതെ മല്‍സരത്തില്‍ ഇത്രയും കാലം ആദ്യ ഇലവനില്‍ സ്ഥാനം ലഭിക്കാതെ പോയ താരങ്ങള്‍ക്ക് ആണ് ടൂഷല്‍ അവസരം നല്കാന്‍ പോകുന്നത്.