ഏഷ്യൻ ജൂനിയർ സ്ക്വാഷ് ചാമ്പ്യൻഷിപ്പിൽ സ്വർണത്തിളക്കവുമായി ഇന്ത്യ
ഞായറാഴ്ച ചൈനയിലെ ഡാലിയനിൽ നടന്ന 30-ാമത് ഏഷ്യൻ ജൂനിയർ സ്ക്വാഷ് വ്യക്തിഗത ചാമ്പ്യൻഷിപ്പിൽ അണ്ടർ 17 പെൺകുട്ടികളുടെ വിഭാഗത്തിൽ ഇന്ത്യയുടെ കോമൺവെൽത്ത് ഗെയിംസ് സ്ക്വാഷ് താരം അനാഹത് സിംഗ് സ്വർണം നേടി.
ആഗസ്ത് 16 മുതൽ 20 വരെ നടന്ന മത്സരത്തിൽ ഹോങ്കോങ്ങിന്റെ എന ക്വോംഗിനെ 3-1 ന് പരാജയപ്പെടുത്തിയാണ് 15 കാരിയായ അനാഹത്ത് കിരീടം ചൂടിയത്. നേരത്തെ ക്വാർട്ടറിൽ മലേഷ്യയുടെ ഡോയ്‌സ് ലീയെയും സെമിയിൽ മലേഷ്യയുടെ വിറ്റ്‌നി ഇസബെല്ലെ വിൽസണെയും പരാജയപ്പെടുത്തിയാണ് ഡൽഹിയിൽ നിന്നുള്ള സ്‌ക്വാഷ് താരം ഫൈനലിലെത്തിയത്.
ഏഷ്യൻ ജൂനിയേഴ്സിൽ മുൻ ഇന്ത്യൻ താരം റിത്വിക് ഭട്ടാചാര്യ പരിശീലിപ്പിക്കുന്ന അനാഹത്തിന് ഇത് രണ്ടാം സ്വർണവും മൂന്നാം മെഡലുമാണ്. 2022-ൽ തായ്‌ലൻഡിൽ നടന്ന ഏഷ്യൻ ജൂനിയർ ചാമ്പ്യൻഷിപ്പിൽ 15 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ ആദ്യ സ്വർണവും 2019-ൽ മക്കാവുവിൽ നടന്ന ഏഷ്യൻ ജൂനിയർ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ അണ്ടർ-13 വിഭാഗത്തിൽ വെങ്കലവും നേടി.