യുവന്‍റ്റസിനെ മലര്‍ത്തിയടിച്ച് സെവിയ്യ ; യൂറോപ്പ ഫൈനലില്‍ റോമ – സെവിയ്യ പോരാട്ടം
വ്യാഴാഴ്‌ച യുവന്റസിനെതിരെ 2-1ന് വിജയം നേടി കൊണ്ട് യൂറോപ്പ ലീഗ് ഫൈനല്‍ ബെര്‍ത്ത് സെവിയ്യ ബുക്ക് ചെയ്തിരിക്കുന്നു.അഗ്രിഗേറ്റ് സ്കോര്‍ 3-2.മെയ് 31 ന് ബുഡാപെസ്റ്റിൽ നടക്കുന്ന ഫൈനലിൽ എഎസ് റോമയെ ആണ് സെവിയ്യ നേരിടാന്‍ പോകുന്നത്.ലാലിഗയില്‍ പത്താം സ്ഥാനത്തുള്ള സേവിയ്യക്ക് ഇത്തവണ യൂറോപ്പ നേടാന്‍ ആയാല്‍ ഏഴ് യൂറോപ്പ കിരീടം എന്ന സ്വപ്നം നിറവേറ്റാന്‍ അവര്‍ക്ക് സാധിക്കും.

ആദ്യ പാദത്തിൽ സെവിയ്യയോട് 1-1ന് സമനില വഴങ്ങിയ യുവന്റസ്, 65-ാം മിനിറ്റിൽ ഡുസാൻ വ്‌ലഹോവിച്ചിലൂടെ ലീഡ് നേടി.എന്നാൽ ആറ് മിനിറ്റിന് ശേഷം മിഡ്ഫീൽഡർ സൂസോ ഒരു മികച്ച ലോംഗ് റേഞ്ച് സ്ട്രൈക്കിലൂടെ സ്കോര്‍ സമനിലയാക്കി.അതോടെ മത്സരം അധിക സമയത്തേക്ക് നീണ്ടു.95 ആം മിനുട്ടില്‍ എറിക്ക് ലമേല ഒരു മികച്ച ഹെഡറിലൂടെ സെവിയക്ക് ലീഡ് നല്‍കിയതോടെ യുവേയുടെ എല്ലാ പ്രതീക്ഷയും നഷ്ട്ടമായി.സെവിയ്യയുടെ ഏക വിഷമം അധിക സമയത്ത് , രണ്ടാം മഞ്ഞക്കാർഡ് ലഭിച്ച ലെഫ്റ്റ് ബാക്ക് മാർക്കോസ് അക്യൂന ബുഡാപെസ്റ്റ് ഫൈനൽ കളിക്കില്ല എന്നതാണ്.