ഐപിഎൽ 2023: ചെപ്പോക്കിൽ മുംബൈ ഇന്ത്യൻസിനെ തകർത്ത് സിഎസ്‌കെ
ശനിയാഴ്ച നടന്ന ഐപിഎൽ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന് (സിഎസ്‌കെ) മുംബൈ ഇന്ത്യൻസിനെതിരെ ആറ് വിക്കറ്റിന്റെ അനായാസ ജയം. 140 റൺസിന്റെ മിതമായ വിജയലക്ഷ്യം പിന്തുടർന്ന സിഎസ്‌കെ രണ്ടോവറിൽ കൂടുതൽ ബാക്കിനിൽക്കെ വിജയം സ്വന്താമാക്കി. 2011ന് ശേഷം ചെപ്പോക്കിൽ മുംബൈക്കെതിരെ സിഎസ്‌കെയുടെ ആദ്യ ജയമാണിത്. ചെന്നൈക്ക് വേണ്ടി ഡേവിഡ് കോൺവെ 44 റൺസ് നേടിയപ്പോൾ റുതുരാജ് 30 റൺസ് നേടി.
ജയത്തോടെ 11 മത്സരങ്ങളിൽ നിന്ന് 13 പോയിന്റുമായി സിഎസ്‌കെ രണ്ടാം സ്ഥാനത്തെത്തി, അത്രയും മത്സരങ്ങളിൽ നിന്ന് 10 പോയിന്റുമായി മുംബൈ ആറാം സ്ഥാനത്ത് തുടരുന്നു. നേരത്തെ സിഎസ്‌കെ മുംബൈയെ 139/8 എന്ന നിലയിൽ പരിമിതപ്പെടുത്തിയിരുന്നു. എം എസ് ധോണി ബാറ്റിംഗിന് ഇറക്കിയതിന് പിന്നാലെ മുംബൈയ്ക്ക് അവരുടെ ആദ്യ മൂന്ന് വിക്കറ്റുകൾ പെട്ടെന്ന് നഷ്ടമായി. ഓപ്പണർ കാമറൂൺ ഗ്രീനിനെ തുഷാർ ദേശ്പാണ്ഡെ ആറ് റൺസിന് പുറത്താക്കി.ദീപക് ചാഹർ ഇഷാൻ കിഷനെ ഏഴ് റൺസിന് മടക്കി അയച്ചപ്പോൾ രോഹിത് അതേ ഓവറിൽ ഡക്കിൽ വീണു, മുംബൈ 14/3 എന്ന നിലയിലേക്ക് വീണു.
സൂര്യകുമാർ യാദവും നെഹാൽ വധേരയും നാലാം വിക്കറ്റിൽ 55 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. 22 പന്തിൽ 26 റൺസെടുത്ത സൂര്യകുമാറിനെ രവീന്ദ്ര ജഡേജ പുറത്താക്കി. 51 പന്തിൽ 64 റൺസെടുത്ത വധേര മതീശ പതിരണയുടെ പന്തിൽ ക്ലീൻ ബൗൾഡായി. എട്ട് ഫോറും ഒരു സിക്‌സറും അടങ്ങുന്നതായിരുന്നു ഇടംകയ്യൻ താരത്തിൻറെ ഇന്നിങ്ങ്സ്. പതിരണ തന്റെ നാലോവറിൽ 3/15 എന്ന നിലയിൽ അവസാനിച്ചു. ദേശ്പാണ്ഡെ, ചാഹർ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.