സെല്‍റ്റക്കെതിരെ എതിരില്ലാത്ത രണ്ടു ഗോള്‍ ജയം നേടി റയല്‍
ശനിയാഴ്ച സാന്റിയാഗോ ബെർണബ്യൂവിൽ സെൽറ്റയ്‌ക്കെതിരെ മാർക്കോ അസെൻസിയോയും എഡർ മിലിറ്റാവോയും നേടിയ ഗോളുകളുടെ ബലത്തിൽ റയൽ മാഡ്രിഡിന് സെള്‍ട്ട വിഗോക്കെതിരെ 2-0ന് ജയം. അതോടെ ലാലിഗയിൽ ഒന്നാമതുള്ള ബാഴ്‌സലോണയുടെ ലീഡ് എട്ടായി കുറഞ്ഞിരിക്കുന്നു. ഇന്ന് മൂന്നാം സ്ഥാനക്കാരായ അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെ ബാഴ്സലോണ കളിക്കുന്ന മത്സരം ഇതോടെ വളരെ നിര്‍ണായകം ആയിരിക്കുന്നു.

തുടക്കത്തില്‍ തന്നെ അക്രമിച്ച് കളിക്കാന്‍ റയലിന് ഒരു തിടുക്കവും ഉണ്ടായിരുന്നില്ല. ലക്ഷ്യത്തിലെ ആദ്യ ഷോട്ട് നേടാന്‍ റയലിന് 42 മിനുട്ട് വരെ വേണ്ടി വന്നു. എന്നാല്‍ ആദ്യ ഷോട്ട് തന്നെ ഗോളാക്കി മാറ്റി അസന്‍സിയോ അന്‍സലോട്ടിയുടെ വിശ്വാസം കാത്തു.പിന്നീട് രണ്ടാം പകുതിയുടെ ആരംഭത്തില്‍ തന്നെ അസന്‍സിയോയുടെ കോര്‍ണര്‍ കിക്കില്‍ നിന്ന് ഹെഡറിലൂടെ ഗോള്‍ കണ്ടെത്തി ഡിഫൻഡർ മിലിറ്റാവോ റയലിന്റെ ലീഡ് ഇരട്ടിപ്പിച്ചു. വരാനിരിക്കുന്ന ചൊവാഴ്ച്ച (25 ഏപ്രില്‍ ) ലീഗില്‍ പത്താം സ്ഥാനത്തുള്ള ജിറോണക്കെതിരെയാണ് റയലിന്റെ അടുത്ത മത്സരം.