ഈ സീസണിൽ, ഇതിലും മികച്ച ഒരു മത്സരം ഇനി ഉണ്ടാകില്ല !!
ശ്വാസം അടക്കി പിടിച്ചല്ലാതെ ഒരു ആഴ്‌സണൽ – യുണൈറ്റഡ് ആരാധകനും ഈ മത്സരം കണ്ടു തീർത്തിട്ടുണ്ടാവില്ല. ഏത് നിമിഷവും എന്തും സംഭവിക്കാവുന്ന, മുഴവൻ കളിക്കാരും തങ്ങളുടെ സർവവും സമർപ്പിച്ച ഇത് പോലെ മത്സരം, ഈ സീസണിൽ ഇത് വരെ ഉണ്ടായിട്ടില്ല. ഇനി അങ്ങോട്ട് ഉണ്ടായില്ലെങ്കിലും അത്ഭുദപ്പെടാനില്ല. അതായിരുന്നു കാണികൾക്ക് മുന്നിൽ ഈ രണ്ടു ടീമുകൾ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ കാഴ്ച വെച്ചത്.
ഗ്രൗണ്ടിലെ ഓരോ ഇഞ്ചിനു വേണ്ടിയും, ഓരോ നിമിഷത്തിന് വേണ്ടിയും അവർ യുദ്ധം തന്നെ ചെയ്തു. ഒരു ചെറിയ അശ്രദ്ധക്ക് പോലും അവസരം ഇല്ലാഞ്ഞിട്ടും, ടോപ് ക്ലാസ് ഗെയിം കളത്തിലിറങ്ങിയ 22 പേരും കാഴ്ച്ച വെച്ചു. വിജയത്തിൽ കുറഞ്ഞൊന്നും ആരും ചിന്തിക്കാത്ത ഒരു മനോഹര മത്സരം. അപ്പോൾ പിറന്നതോ അതി മനോഹരമായ അഞ്ച് ഗോളുകളും, അതിലേറെ സുന്ദരമായ കുറെ മുഹൂർത്തങ്ങളും.
മത്സരം തത്സമയം കാണാഞ്ഞവർക്ക് നഷ്ടപ്പെട്ടത്, എക്കാലത്തേയും മികച്ച 90 മിനിറ്റുകളിൽ ഒന്ന്. ഹോട്ട് സ്റ്റാറിൽ റീപ്ലേ കണ്ടാലും നഷ്ടം വരില്ല, തീർച്ച. വിജയത്തോടെ ആഴ്‌സണൽ നടത്തിയിരിക്കുന്നത് ഒരു തുറന്ന താക്കീതാണ്. ‘They are the team to beat’. പക്ഷെ നമുക്ക് ആ പഴയ യൂണൈറ്റഡിനെയും തിരിച്ചു കിട്ടി എന്ന് പറയേണ്ടി വരും. ഏത് നിമിഷവും ആഴ്സണലിന്റെ കയ്യിൽ നിന്ന് വിജയം തട്ടിപ്പറിക്കാൻ അവർക്ക് സാധിക്കുമായിരുന്നു എന്ന് തോന്നിപ്പിച്ചു.
സാക്കയുടെയും റാഷ്‌ഫോർഡിന്റെയും ഗോളുകൾ ഇനി വരുന്ന മാസങ്ങളിൽ വരെ ചർച്ച ആയേക്കാം. കാസീമിറോയെ എല്ലാ യുണൈറ്റഡ് ആരാധകരും മിസ് ചെയ്തിട്ടുണ്ടാകും എന്ന് തോന്നുന്നു. ആഴ്‌സണൽ ചേരിയിൽ, ഷിൻചെങ്കോ നടത്തിയ പ്രകടനം, വെള്ളി തളികയിൽ കൊത്തിവെക്കപ്പെടും. എഡി എന്കെത്തിയ ഒരു ആഴ്‌സണൽ ലെജൻഡ് ആയി മാറിക്കഴിഞ്ഞിരിക്കുകയും ചെയ്തിരിക്കുന്നു.