Cricket Cricket-International Top News

വാശിയേറിയ പോരാട്ടത്തിനൊടുവിൽ ശ്രീലങ്കക്ക് മുന്നിൽ മുട്ടുമടക്കി ഇന്ത്യ.!

January 6, 2023

author:

വാശിയേറിയ പോരാട്ടത്തിനൊടുവിൽ ശ്രീലങ്കക്ക് മുന്നിൽ മുട്ടുമടക്കി ഇന്ത്യ.!

ശ്രീലങ്കക്കെതിരായ രണ്ടാം ടി20 മത്സരത്തിൽ പൊരുതിവീണ് ടീം ഇന്ത്യ. പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 16 റൺസിനാണ് ഇന്ത്യ പരാജയം സമ്മതിച്ചത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക കുശാൽ മെൻ്റിസ് 52(31), ദസുൻ ഷനക 56(22) എന്നിവരുടെ അർദ്ധ സെഞ്ചുറികളുടെ പിൻബലത്തിൽ 6 വിക്കറ്റ് നഷ്ടത്തിൽ 206 എന്ന വമ്പൻ സ്കോർ പടുത്തുയർത്തുകയായിരുന്നു. ഇവരെ കൂടാതെ 37 റൺസ് നേടിയ അസലങ്കയും, 33 റൺസ് നേടിയ നിസങ്കയുമാണ് ലങ്കൻ നിരയിൽ തിളങ്ങിയത്.

ഇന്ത്യക്കായി ഉമ്രാൻ മാലിക്ക് 3 വിക്കറ്റ് നേടിയപ്പോൾ, അക്സർ പട്ടേൽ 2ഉം ശേഷിച്ച ഒരു വിക്കറ്റ് ചഹലും നേടി. 4 ഓവറിൽ 53 റൺസ് വഴങ്ങിയ ശിവം മാവിയാണ് കൂടുതൽ തല്ല് വാങ്ങിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് മോശം തുടക്കമാണ് ലഭിച്ചത്. സ്കോർബോർഡിൽ 57 റൺസ് കൂട്ടിച്ചേർത്തപ്പോഴേക്കും 5 മുൻനിര വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. വൻതകർച്ച നേരിട്ട നിമിഷം ഒത്തുചേർന്ന സൂര്യകുമാർ-അക്സർ പട്ടേൽ സഖ്യം ഇന്ത്യയെ പ്രതീക്ഷകളിലേക്ക് കൈപിടിച്ചു കയറ്റുകയായിരുന്നു. ഇരുവരും ചേർന്ന് 40 പന്തിൽ 91 റൺസാണ് കൂട്ടിച്ചേർത്തത്.

തുടർന്ന് സ്കോർ 148ൽ നിൽക്കെ 36 പന്തിൽ 51 റൺസുമായി സൂര്യ മടങ്ങി. അവിടെയാണ് ഇന്ത്യയുടെ പ്രതീക്ഷകൾ നിലച്ചത്. ശേഷം ശിവം മാവിയുമായി ചേർന്ന് അക്സർ ഇന്നിംഗ്സ് മുമ്പോട്ട് കൊണ്ടുപോയെങ്കിലും അവസാന ഓവറിൽ അക്സറും വീണു. 31 പന്തിൽ 65 റൺസ് ആയിരുന്നു താരത്തിൻ്റെ സമ്പാദ്യം. 15 പന്തിൽ 26 റൺസുമായി മാവിയും പൊരുതി നോക്കിയെങ്കിലും കാര്യമുണ്ടായില്ല. വമ്പൻ പരാജയം ഏറ്റുവാങ്ങേണ്ടി വരുമെന്ന് തോന്നിയിടത്തു നിന്ന് ടീമിന് അവസാന നിമിഷം വരെ വിജയപ്രതീക്ഷ നൽകുവാൻ സൂര്യക്കും, അക്സറിനും കഴിഞ്ഞു.

ഒടുവിൽ ഇന്ത്യയുടെ മറുപടി 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 190 റൺസിന് ഒതുങ്ങുകയായിരുന്നു. ലങ്കക്കായി രജിത, ഷനക, മധുശങ്ക എന്നിവർ 2 വിക്കറ്റുകൾ വീതം നേടി. 3 ഓവറിൽ 41 റൺസ് വഴങ്ങിയ ഹസരംഗയാണ് ലങ്കൻ നിരയിൽ കൂടുതൽ തല്ല് വാങ്ങിയത്. എന്തായാലും ഈയൊരു വിജയത്തോടെ പരമ്പരയിൽ ഇന്ത്യയ്ക്ക് ഒപ്പമെത്താൻ (1-1) ശ്രിലങ്കക്ക് കഴിഞ്ഞു. ജനുവരി 7 ശനിയാഴ്ചയാണ് പരമ്പരയിലെ അവസാന മത്സരം അരങ്ങേറുക.

Leave a comment