ഗോവയെ കീഴടക്കി എ.ടി.കെ ടേബിളിൽ മൂന്നാം സ്ഥാനത്ത്.!
ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന അതിവാശിയേറിയ പോരാട്ടത്തിൽ എഫ്സി ഗോവയ്ക്കെതിരെ എ.ടി.കെ മോഹൻ ബഗാന് വിജയം. സ്വന്തം തട്ടകമായ സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ആതിഥേയർ വിജയം സ്വന്തമാക്കിയത്. മത്സരത്തിൻ്റെ 9ആം മിനിറ്റിലാണ് ആദ്യഗോൾ പിറക്കുന്നത്. ലിസ്റ്റണിൻ്റെ പക്കൽ നിന്നും സ്വീകരിച്ച പന്തുമായി മുന്നേറിയ പെട്രറ്റോസ് ബോക്സിന് വെളിയിൽ നിന്നും തൊടുത്ത പവർഫുൾ ഷോട്ട് പൊസിഷൻ തെറ്റിനിന്ന ഗോവൻ ഗോൾകീപ്പർ ധീരജ് സിംഗിനെ മറികടന്ന് ഗോളായി മാറുകയായിരുന്നു.

ശേഷം പുരോഗമിച്ച മത്സരത്തിൽ 25ആം മിനിറ്റിൽ ഗോവ ഗോൾ മടക്കി. എഡു ബേഡിയ എടുത്ത ഫ്രീകിക്കിൽ നിന്നും അൻവർ അലിയാണ് സന്ദർശകർക്കായി ലക്ഷ്യം കണ്ടത്. അതോടെ മത്സരം 1-1 എന്ന നിലയിലായി. കൂടുതൽ ഗോളുകൾ ഒന്നും പിറക്കാതെ ആദ്യപകുതി അതേനിലയിൽ തന്നെ അവസാനിച്ചു. തുടർന്ന് രണ്ടാം പകുതിയിൽ 52ആം മിനിറ്റിൽ തന്നെ എ.ടി.കെ വീണ്ടും ലീഡ് നേടി. ഇത്തവണ പെട്രറ്റോസിൻ്റെ അസിസ്റ്റിൽ നിന്നും ഹ്യൂഗോ ബൗമസാണ് ആതിഥേയർക്കായി വലകുലുക്കിയത്. പിന്നീട് വീണ്ടും ഒപ്പമെത്താനായി ഗോവ കിണഞ്ഞു പരിശ്രമിച്ചെങ്കിലും എല്ലാം വിഫലമായി. അൻവർ അലിയുടെ ഷോട്ട് ബാറിൽ തട്ടി പോയതും സന്ദർശകർക്ക് തിരിച്ചടിയായി.

അതേസമയം ലീഡ് ഉയർത്തുവാനുള്ള അവസരങ്ങൾ എ.ടി.കെയ്ക്കും ലഭിച്ചതാണ്. ഫിനിഷിങ്ങിലെ പോരായ്മകൾ അവർക്കും തിരിച്ചടിയായി. തുറന്ന പോസ്റ്റിൽ ഗോൾ അടിക്കാൻ കിട്ടിയ അവസരം മലയാളി താരം ആഷിക്ക് കുരുണിയൻ പാഴാക്കുകയും ചെയ്തു. ഒടുവിൽ നിശ്ചിതസമയം അവസാനിച്ചപ്പോൾ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് എ.ടി.കെ വിജയം കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു. ഈയൊരു വിജയത്തോടെ 12 മത്സരങ്ങളിൽ നിന്നും 23 പോയിൻ്റുമായി എ.ടി.കെ വീണ്ടും മൂന്നാംസ്ഥാനത്തേക്ക് കയറി. അത്രയും മത്സരങ്ങളിൽ നിന്നും 19 പോയിൻ്റുമായി ഗോവ അഞ്ചാം സ്ഥാനത്ത് തുടരുകയാണ്.
സീസണിലെ അഞ്ചാം തോൽവിയാണ് കാർലോസ് പെനയും സംഘവും ഏറ്റുവാങ്ങിയത്.