ഒഗ്ബെച്ചെയുടെ ഇരട്ടഗോൾ മികവിൽ ബംഗളുരുവിനെ തകർത്ത് ഹൈദരാബാദ്.!
ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന അതിവാശിയേറിയ പോരാട്ടത്തിൽ ബംഗളുരുവിനെതിരെ ഹൈദരാബാദിന് തകർപ്പൻ വിജയം. ബംഗളുരുവിൻ്റെ തട്ടകമായ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത 3 ഗോളുകൾക്കാണ് സന്ദർശകരായ ഹൈദരാബാദ് വിജയം സ്വന്തമാക്കിയത്. മത്സരത്തിൽ സൂപ്പർതാരം ബർതലോമിയോ ഒഗ്ബെച്ചെ ഇരട്ടഗോളുകൾ നേടിയപ്പോൾ ശേഷിച്ച ഗോൾ സ്വന്തമാക്കിയത് മറ്റൊരു വിദേശതാരം ചിയാനീസെയാണ്. ആദ്യപകുതിയുടെ 26ആം മിനിറ്റിലാണ് മത്സരത്തിലെ ആദ്യഗോൾ പിറക്കുന്നത്. ഷോർട്ട് ആക്കി എടുത്ത ഫ്രീകിക്കിൽ നിന്നും ഒരു ബുള്ളറ്റ് ഷോട്ടിലൂടെ ഒഗ്ബെച്ചെ വലകുലുക്കുകയായിരുന്നു.

ശേഷം ഗോൾ മടക്കുവാനുള്ള ബംഗളുരുവിൻ്റെ ശ്രമങ്ങൾ ആണ് കണ്ടത്. എന്നാൽ എരിതീയിൽ എണ്ണയൊഴിക്കും പോലെ 44ആം ഹൈദരാബാദ് തങ്ങളുടെ ലീഡ് രണ്ടാക്കി ഉയർത്തി. ഇത്തവണയും ക്യാപ്റ്റൻ ഒഗ്ബെച്ചെ തന്നെയായിരുന്നു സ്കോറർ. നർസാരിയുടെ ക്രോസിൽ നിന്നും ഒരു മികച്ച ഹെഡ്ഡറിലൂടെയാണ് താരം ഗോൾ നേടിയത്. അതോടെ ആദ്യപകുതിക്ക് വിരാമമായി. തുടർന്ന് രണ്ടാം പകുതിയിൽ തിരിച്ചടിക്കുവാനായി ബംഗളുരു നിരന്തരം ശ്രമങ്ങൾ നടത്തിക്കൊണ്ടിരുന്നെങ്കിലും ഹൈദരാബാദിൻ്റെ പോരാട്ടവീര്യത്തിന് മുന്നിൽ അതെല്ലാം വിഫലമാകുകയായിരുന്നു. ഒടുവിൽ ഒരു കൗണ്ടർ അറ്റാക്കിൽ നിന്നും 90ആം മിനിറ്റിൽ ചിയാനീസെ കൂടി ഗോൾ നേടിയതോടെ ബംഗളുരുവിൻ്റെ പതനം പൂർത്തിയായി. അബ്ദുൽ റബിയുടെ കട്ട്പാസിൽ ഒരു ഫസ്റ്റ്ടൈം ഷോട്ടിലൂടെയാണ് താരം ഗോൾ സ്വന്തമാക്കിയത്.

അങ്ങനെ എതിരില്ലാത്ത 3 ഗോളുകൾക്ക് ആതിഥേയരായ ബംഗളുരു ഹൈദരാബാദിന് മുന്നിൽ അടിയറവ് പറയുകയായിരുന്നു. ഈയൊരു മിന്നും വിജയത്തോടെ 11 മത്സരങ്ങളിൽ നിന്നും 25 പോയിൻ്റുമായി മനോലോ മാർക്കസും സംഘവും ഒന്നാംസ്ഥാനം തിരികെപ്പിടിച്ചു. അത്രയും മത്സരങ്ങളിൽ നിന്നും 10 പോയിൻ്റുമായി ബംഗളുരു 8ആം സ്ഥാനത്ത് തുടരുകയാണ്. ഇരട്ടഗോൾ നേട്ടത്തോടെ മത്സരത്തിൽ മിന്നിത്തിളങ്ങിയ ഒഗ്ബെച്ചെ തന്നെയാണ് കളിയിലെ താരം.