Foot Ball qatar worldcup Top News

സ്വപ്നം സാക്ഷാത്കാരത്തിനായി അർജൻ്റീന; കിരീടം നിലനിർത്താൻ ഫ്രാൻസ്; ഖത്തറിൽ തീപാറും.!

December 18, 2022

author:

സ്വപ്നം സാക്ഷാത്കാരത്തിനായി അർജൻ്റീന; കിരീടം നിലനിർത്താൻ ഫ്രാൻസ്; ഖത്തറിൽ തീപാറും.!

ലോകമെമ്പാടും ഓരോ ഫുട്ബോൾ ആരാധകനും ഒരുപോലെ കാത്തിരിക്കുന്ന ഖത്തർ ലോകകപ്പിൻ്റെ കലാശക്കൊട്ട് ഇങ്ങ് അടുത്തിരിക്കുകയാണ്. 2014ൽ കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടപ്പെട്ട കനകകിരീടം വീണ്ടെടുക്കാൻ അർജൻ്റീന ഇറങ്ങുമ്പോൾ എതിരാളികൾ ആയ ഫ്രാൻസിൻ്റെ ലക്ഷ്യം കിരീടം നിലനിർത്തുക എന്നതാണ്. ഇന്ത്യൻ സമയം രാത്രി 8.30ന് കിക്കോഫ് ആകുന്ന മത്സരം ദോഹയിലെ ലുസൈൽ സ്റ്റേഡിയത്തിൽ വെച്ചാകും അരങ്ങേറുക. സൂപ്പർതാരം ലയണൽ മെസ്സിയുടെ അവസാന ലോകകപ്പ് ആയേക്കാം ഇതെന്ന കാരണം കൊണ്ടുതന്നെ അർജൻ്റൈൻ താരങ്ങൾ കയ്യും മെയ്യും മറന്ന് ഈയൊരു കിരീടത്തിനായി പോരാടും എന്ന കാര്യത്തിൽ സംശയമൊന്നും തന്നെയില്ല.

മാത്രമല്ല ആൽബിസെലസ്റ്റിയൻസിൻ്റെ മാലാഖ എന്നറിയപ്പെടുന്ന ഏയ്ഞ്ചൽ ഡി മരിയയും തൻ്റെ അവസാന അന്താരാക്ഷ്ട്ര മത്സരത്തിനായാണ് കളത്തിലിറങ്ങുന്നത്. അതുകൊണ്ടുതന്നെ കിരീടത്തിലൂടെയുള്ള ഒരു പടിയിറക്കം തന്നെയാവും ഈ രണ്ട് ഇതിഹാസ താരങ്ങൾക്കും അർജൻ്റൈൻ ടീമിന് നൽകുവാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനം. എന്നാൽ എതിരാളികൾ അത്ര നിസാരക്കാരല്ല. നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ് ആണ്. എമ്പാപ്പെയുടെ വേഗത്തിനൊപ്പം മൊളീനയ്ക്കും റൊമേറോയ്ക്കുമൊക്കെ പിടിച്ചുനിൽക്കാൻ കഴിയുമോയെന്ന് കണ്ടുതന്നെ അറിയണം.

ഒപ്പം ഏരിയൽ ബോളുകളിൽ ജിറൗഡ് സൃഷ്ടിക്കുന്ന വെല്ലുവിളി മറികടക്കാനും അർജൻ്റൈൻ താരങ്ങൾ നന്നേ വിയർക്കുമെന്ന് ഉറപ്പാണ്. തുല്യശക്തികൾ ആയതുകൊണ്ട് തന്നെ വിജയം ആർക്കൊപ്പം നിൽക്കുമെന്ന് പ്രവചിക്കുക അസാധ്യമാണ്. ഗ്രൂപ്പ് ഘട്ടത്തിൽ ഇരുടീമുകളും ഓരോ മത്സരങ്ങൾ വീതം പരാജയപ്പെട്ടിരുന്നു. രണ്ടിൽ ആര് കിരീടം നേടിയാലും അത് അവരുടെ മൂന്നാം കിരീടം ആയിരിക്കും. അർജൻ്റീന ലയണൽ മെസ്സിയിൽ പ്രതീക്ഷ അർപ്പിക്കുമ്പോൾ, ഫ്രഞ്ച് ആരാധകരുടെ പ്രതീക്ഷകൾ എമ്പാപ്പെയിലാണ്. ഇരുതാരങ്ങളിലേക്കും എത്തുന്ന പാസുകൾ പരമാവധി തടയുക എന്നതാവും രണ്ട് ടീമുകളുടെയും ലക്ഷ്യം. ഏറ്റവും ഒടുവിൽ റഷ്യൻ ലോകകപ്പിൽ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ ഫ്രാൻസിനൊപ്പമായിരുന്നു വിജയം(4-3). അന്നത്തെ തോൽവിക്ക് പകരംവീട്ടാൻ കൂടിയാവും അർജൻ്റീന കളത്തിലിറങ്ങുക.

എന്നാലും പരസ്പരം ഏറ്റുമുട്ടിയതിൽ 6 മത്സരങ്ങൾ വിജയിച്ച അർജൻ്റിനക്കാണ് കണക്കുകളിൽ മുൻതൂക്കം. ഫ്രാൻസ് 3 മത്സരങ്ങളാണ് വിജയിച്ചിട്ടുള്ളത്. 3 മത്സരങ്ങൾ സമനിലയുമായി.

ഗോൾഡൻബൂട്ട് റെയ്‌സിലും മെസ്സിയും, എമ്പാപ്പെയും (5) ഒപ്പത്തിനൊപ്പമാണ്. അതുകൊണ്ടുതന്നെ ഇവരിൽ ഒരാൾ ഇന്ന് ഗോൾ നേടുകയാണെങ്കിൽ ഗോൾഡൻ ബൂട്ട് അവർക്കാകും ലഭിക്കുക. 5 ഗോളുകളും, 3 അസിസ്റ്റുകളുമായി ഇതുവരെ മിന്നും പ്രകടനം പുറത്തെടുത്തിട്ടുള്ള മെസിക്ക് തന്നെയാണ് നിലവിൽ ഗോൾഡൻ ബോൾ ലഭിക്കുവാനുള്ള സാധ്യതകൾ കൂടുതൽ. എന്തായാലും കിരീടം നേടിയാൽ ഒരുപിടി റെക്കോർഡുകൾ കൂടി സ്വന്തമാക്കാൻ താരത്തിന് സാധിക്കും.

ഫ്രഞ്ച് നിരയിൽ വയറസ് ബാധയേറ്റ താരങ്ങൾ എല്ലാവരും അതിൽനിന്നും മുക്തരായിട്ടുണ്ടെന്ന് ആണ് അറിയുവാൻ കഴിയുന്നത്. എന്തായാലും ഖത്തറിലെ കലാശക്കൊട്ടിന് ഏതാനും മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോൾ ആരാകും കിരീടം നേടുകയെന്ന് അറിയാൻ നമുക്ക് ആകാംഷയോടെ കാത്തിരിക്കാം.

Leave a comment