മെസ്സി മാജിക് വീണ്ടും; ക്രൊയേഷ്യയെ നിലംപരിശാക്കി അർജൻ്റീന ഫൈനലിൽ.!
ഖത്തർ ലോകകപ്പിലെ ആദ്യ ഫൈനലിസ്റ്റുകളായി അർജൻ്റീന. ലുസൈൽ സ്റ്റേഡിയത്തിൽ അരങ്ങേറിയ സെമിഫൈനൽ ഫൈനൽ മത്സരത്തിൽ ക്രൊയേഷ്യയെ എതിരില്ലാത്ത 3 ഗോളുകൾക്ക് തകർത്തു വിട്ടുകൊണ്ടാണ് മെസ്സിയും സംഘവും വീണ്ടുമൊരു ലോകകപ്പ് ഫൈനലിലേക്ക് കാലെടുത്ത് വെച്ചത്. മത്സരത്തിൽ ജൂലിയൻ അൽവാരസ് ഇരട്ടഗോൾ നേടിയപ്പോൾ, ലയണൽ മെസ്സി ഓരോ ഗോൾ ഗോളും, അസിസ്റ്റും സ്വന്തമാക്കി. ആദ്യ പകുതിയിൽ പന്തടക്കം കൂടുതൽ ക്രൊയേഷ്യയ്ക്കായിരുന്നെങ്കിലും മൂർച്ചയുള്ള ആക്രമണം അർജൻ്റീനയുടേത് തന്നെയായിരുന്നു. 4 ഷോട്ടുകൾ ആദ്യ പകുതിയിൽ അർജൻ്റീന ഓൺ ടാർഗറ്റിലേക്ക് ഉതിർത്തപ്പോൾ ക്രൊയേഷ്യയ്ക്ക് ഒന്ന് പോലും ലക്ഷ്യത്തിലേക്ക് അടിക്കുവാൻ കഴിഞ്ഞില്ല.

അങ്ങനെ ആദ്യ പകുതി 2-0 എന്ന നിലയിൽ അവസാനിച്ചു. തുടർന്ന് രണ്ടാം പകുതിയിൽ ഗോൾ മടക്കുവാൻ ലക്ഷ്യമിട്ടാണ് ക്രൊയേഷ്യ കളത്തിലിറങ്ങിയതെങ്കിലും അർജൻ്റൈൻ പ്രതിരോധത്തിന് മുന്നിൽ അവർ മുട്ടുമടക്കുകയായിരുന്നു. 69ആം മിനിറ്റിൽ മെസ്സിയുടെ പാസിൽ നിന്നും അൽവാരസ് അർജൻ്റീനയ്ക്കായി മൂന്നാം ഗോളും സ്വന്തമാക്കിയതോടെ ക്രൊയേഷ്യയുടെ പതനം പൂർത്തിയായി. ഈ ലോകകപ്പിലെ ഏറ്റവും മികച്ച ഡിഫൻഡർ എന്ന് ഇതിനോടകം പേരെടുത്ത ഗ്വാർഡിയോളിനെ തകർപ്പൻ ഡ്രിബിളിംഗിലൂടെ നിഷ്പ്രഭമാക്കിക്കൊണ്ടാണ് മെസ്സി അൽവാരസിന് പന്ത് കൈമാറിയത്.

2014ൽ കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടപ്പെട്ട കിരീടം ഇത്തവണ സ്വന്തമാക്കാനുള്ള അവസരമാണ് മെസ്സിയെ കാത്തിരിക്കുന്നത്. കഴിഞ്ഞ 3 ലോകകപ്പുകൾക്കിടയിൽ അർജൻ്റീനയുടെ 2ആം ഫൈനൽ ആണിത്. അതോടൊപ്പം ലോകകപ്പ് ചരിത്രത്തിൽ അർജൻ്റീനക്കായി ഏറ്റവുമധികം ഗോൾ നേടിയ താരം എന്ന റെക്കോർഡ് ഇനി ലയണൽ മെസ്സിയുടെ പേരിലാകും അറിയപ്പെടുക. ഇന്നത്തെ ഗോളോട് കൂടി താരത്തിന് 11 ഗോളുകളായി.

ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയെയാണ് മെസ്സി മറികടന്നത്. കൂടാതെ ലോകകപ്പിൽ 5 ഗോളുകൾ നേടുന്ന ഏറ്റവും പ്രായം കൂടിയ താരവും മെസ്സി തന്നെയാണ് (35). കേവലം ഒരു വിജയത്തിനകലെ നീലക്കുപ്പായക്കാരെ തേടി ലോകകപ്പ് എന്ന കനകകിരീടം ഇരിക്കുമ്പോൾ ലോകം കാത്തിരിക്കുന്നത് ആ ഒരു നിമിഷത്തിന് വേണ്ടിയാണ്. വരുന്ന ഞായറാഴ്ചയാണ് ലോകകപ്പിൻ്റെ ഫൈനൽ മത്സരം അരങ്ങേറുക. മൊറോക്കോ-ഫ്രാൻസ് മത്സരത്തിലെ വിജയികളെയാകും അർജൻ്റീന ഫൈനലിൽ നേരിടുക.

പരാജയം ഏറ്റുവാങ്ങിയ ക്രൊയേഷ്യ ലൂസേർസ് ഫൈനലിൽ രണ്ടാം സെമിഫൈനലിൽ പരാജയപ്പെടുന്ന ടീമുമായി ഏറ്റുമുട്ടും. തൻ്റെ അവസാന ലോകകപ്പിൽ കിരീടം നേടണം എന്ന മോഹം പൂവണിയിക്കാൻ കഴിയാതെ മോഡ്രിച്ചും പടിയിറങ്ങി.