അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഈഡൻ ഹസാർഡ്.!
ലോകകപ്പിലെ പുറത്താവലിന് പിന്നാലെ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും ബെൽജിയൻ സൂപ്പർ താരമായ ഈഡൻ ഹസാർഡ് വിരമിക്കൽ പ്രഖ്യാപിച്ചു. ഖത്തറിൽ വലിയ പ്രതീക്ഷകളുമായി എത്തിയ ബെൽജിയത്തിൻ്റെ സുവർണ തലമുറയ്ക്ക് ഗ്രൂപ്പ്ഘട്ടം പോലും പിന്നിടുവാൻ കഴിഞ്ഞിരുന്നില്ല. 2018ലെ റഷ്യൻ ലോകകപ്പിൽ സെമിയിൽ വരെയെത്തിയ അവരുടെ പോരാട്ടവീര്യത്തിൻ്റെ പത്തിൽ ഒന്നുപോലും ഖത്തറിൽ പുറത്തെടുക്കാൻ കഴിയാതിരുന്നത് അവർക്ക് തിരിച്ചടിയാകുകയായിരുന്നു. അതിന് പിന്നാലെയാണ് ഹസാർഡ് ഇപ്പോൾ തൻ്റെ വിരമിക്കൽ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ചെൽസിയിൽ നിന്നും റയൽ മാഡ്രിഡിലേക്ക് ചേക്കേറിയതിന് ശേഷം നിരന്തരം വേട്ടയാടുന്ന പരിക്കുകളും, ആവശ്യമായ മത്സരസമയം ലഭിക്കാത്തതും താരത്തിൻ്റെ ഫോമിനെ ബാധിക്കുകയായിരുന്നു.

കേവലം 31 വയസുമാത്രം പ്രായമുള്ള താരം 2008ൽ 17ആം വയസിലാണ് ബെൽജിയം ജേഴ്സിയിൽ അരങ്ങേറുന്നത്. 14 വർഷ കാലയളവിൽ ഇതുവരെ 126 മത്സരങ്ങളിൽ താരം പന്തുതട്ടി. അതിൽ നിന്നും 33 ഗോളുകളും സ്വന്തം പേരിൽ കുറിക്കാൻ ഹസാർഡിന് കഴിഞ്ഞിട്ടുണ്ട്. 2018ൽ റഷ്യൻ ലോകകപ്പിൽ ബെൽജിയം മൂന്നാംസ്ഥാനം സ്വന്തമാക്കിയപ്പോൾ അതിൽ നിർണായകപങ്ക് വഹിച്ചത് ഹസാർഡ് ആയിരുന്നു. എന്തായാലും ബെൽജിയം ടീമിനെ സംബന്ധിച്ച് വലിയൊരു തിരിച്ചടി തന്നെയാണിത്.