രോഹിത്തിന്റെ മോശം ക്യാപ്റ്റൻസിയെന്ന് വിമർശിച്ച് മുൻ പാക് താരം
ആദ്യ ഏകദിനത്തിൽ ബംഗ്ലദേശിനോട് ഇന്ത്യ ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയതിനു പിന്നാലെ ഇന്ത്യൻ നായകൻ രോഹിത് ശർമ്മയ്ക്കെതിരെ രൂക്ഷവിമർശനവുമായി മുൻ പാകിസ്ഥാൻ സ്പിന്നർ ഡാനിഷ് കനേരിയ രംഗത്ത്. രോഹിത്തിന്റെ നിരവധി മോശം തീരുമാനങ്ങളാണ് ജയപരാജയം മാറിമറിഞ്ഞ മത്സരം ബംഗ്ലദേശിന് അനുകൂലമാക്കിയതെന്നു ഡാനിഷ് കനേരിയ പറഞ്ഞു.
സുന്ദറിന് അഞ്ച് ഓവറുകൾ ബാക്കി ഉണ്ടായിരുന്നു. മുസ്തഫിസുർ റഹ്മാൻ ഇടംകൈ ബാറ്ററാണ്. വാലറ്റത്തെ ഇടംകൈ ബാറ്റർക്കെതിരെ ഓഫ് സ്പിന്നറായ വാഷിങ്ടൻ സുന്ദറിനെ കൊണ്ട് ബോൾ ചെയ്യിപ്പിച്ചാൽ വിക്കറ്റ് ലഭിക്കുമെന്നു രോഹിതിന് അറിയില്ലേയെന്നും കനേറിയ ചോദിച്ചു.
187 റൺസ് എന്ന നിസ്സാര വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലദേശ് ഒരു ഘട്ടത്തിൽ മൂന്നിന് 95 എന്ന സുരക്ഷിത നിലയിലായിരുന്നു. തുടർന്ന് 41 റൺസിനിടെ 6 വിക്കറ്റുകൾ വീഴ്ത്തി ബോളർമാർ തിരിച്ചടിച്ചതോടെ ഇന്ത്യയ്ക്കു വിജയ പ്രതീക്ഷയായി. എന്നാൽ മെഹ്ദി ഹസ്സൻ (38 നോട്ടൗട്ട്) മുസ്തഫിസുർ റഹ്മാനെ (10 നോട്ടൗട്ട്) കൂട്ടുപിടിച്ച് പത്താം വിക്കറ്റിൽ നേടിയ 50 റൺസിന്റെ കരുത്തിൽ, കൈവിട്ടുപോയെന്നു കരുതിയ മത്സരത്തിൽ ബംഗ്ലദേശ് വിജയം പിടിച്ചെടുക്കുകയായിരുന്നു.