പ്രീക്വാർട്ടർ കടമ്പ കടക്കാൻ ഇംഗ്ലണ്ട്; വെല്ലുവിളിയായി സെനഗൽ.!
ലോകകപ്പ് അതിൻ്റെ പര്യവസാനത്തിലേക്ക് മെല്ലെ അടുത്തുകൊണ്ടിരിക്കുകയാണ്. അതിന് മുന്നോടിയായുള്ള പ്രീക്വാർട്ടർ മത്സരങ്ങളാണ് ഖത്തറിൽ ഇപ്പൊൾ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഇന്ന് യൂറോപ്യൻ വമ്പന്മാരായ ഇംഗ്ലണ്ട് തങ്ങളുടെ പ്രീക്വാർട്ടർ മത്സരത്തിനായി തയ്യാറെടുക്കുമ്പോൾ വെല്ലുവിളിയായി മുന്നിലുള്ളത് ആഫ്രിക്കൻ ചാമ്പ്യന്മാരായ സെനഗൽ ആണ്. ഇന്ത്യൻ സമയം അർദ്ധരാത്രി 12.30 ന് ദോഹയിലെ അൽ ബയ്ത് സ്റ്റേഡിയത്തിൽ വെച്ചാകും ഈയൊരു മത്സരം നടക്കുക.

ഗ്രൂപ്പ് ബിയിൽ നിന്നും ഒന്നാം സ്ഥാനക്കാരായിക്കൊണ്ടാണ് ഇംഗ്ലണ്ടിൻ്റെ വരവ്. അതേസമയം ഗ്രൂപ്പ് എയിൽ നെതർലൻഡ്സിന് പിന്നിൽ രണ്ടാം സ്ഥാനക്കാരായാണ് സെനഗൽ പ്രീക്വാർട്ടർ പ്രവേശനം നേടിയത്. സാദിയോ മാനെ എന്ന അവരുടെ സൂപ്പർതാരത്തിൻ്റെ അഭാവത്തിലും സെനഗൽ മികച്ച പ്രകടനം തന്നെയാണ് ഇതുവരെ പുറത്തെടുത്തിട്ടുള്ളത്. അതേ മികവ് ഇന്നും പുറത്തെടുക്കാൻ കഴിഞ്ഞാൽ ഇംഗ്ലണ്ടിനെ വിറപ്പിക്കാൻ അവർക്ക് സാധിക്കും.

മറുവശത്ത് പ്രീമിയർ ലീഗിലെ പ്രതിഭാസമ്പന്നരായ താരനിരയുമായാണ് ഇംഗ്ലണ്ടിൻ്റെ വരവ്. കെയ്ൻ, സാകാ, റാഷ്ഫോർഡ്, സ്റ്റെർലിങ് തുടങ്ങിയ താരങ്ങൾ ഫോമിലേക്ക് ഉയർന്നാൽ സെനഗൽ അവരെ പിടിച്ചു കെട്ടാൻ നന്നേ വിയർക്കുമെന്ന കാര്യത്തിൽ യാതൊരുവിധ സംശയവുമില്ല. ഫ്രാൻസ്-പോളണ്ട് പ്രീക്വാർട്ടർ മത്സരത്തിലെ വിജയികളുമായാണ് ഇന്നത്തെ മത്സരത്തിലെ വിജയികൾ ഏറ്റുമുട്ടുക. എന്തായാലും മികച്ചൊരു മത്സരം തന്നെ നമുക്ക് പ്രതീക്ഷിക്കാം