ഘാനയെ കീഴടക്കിയിട്ടും പ്രീക്വാർട്ടർ കാണാതെ ഉറുഗ്വായ് പുറത്ത്.!
ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ പ്രീക്വാർട്ടർ നിർണയ പോരാട്ടത്തിൽ ഘാനക്കെതിരെ ഉറുഗ്വായ്ക്ക് എതിരില്ലാത്ത 2 ഗോൾ വിജയം. അൽ ജനൗബ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ലൂയിസ് സുവാരസും സംഘവും വിജയം സ്വന്തമാക്കിയത്. ഒരു ജീവന്മരണ പോരാട്ടത്തിനായി ഇറങ്ങിയ ഉറുഗ്വായ് ആദ്യപകുതിയിൽ തന്നെ 2 ഗോളിന് മുന്നിലെത്തി. 26ആം മിനിറ്റിൽ അരസ്കെയറ്റയിലൂടെയാണ് ഉറുഗ്വായ് മത്സരത്തിലെ ആദ്യ ഗോൾ നേടിയത്. ലൂയിസ് സുവാരസിൻ്റെ ഷോട്ട് ഗോളി തടുത്തെങ്കിലും പോസ്റ്റിനു നേരെ തന്നെയാണ് പന്ത് നീങ്ങിയത്. ഓടി വന്ന അരസ്കെയറ്റ ഓപ്പൺ പോസ്റ്റിലേക്ക് ഒരു ഹെഡ്ഡറിലൂടെ പന്ത് എത്തിക്കുകയായിരുന്നു.

തുടർന്ന് 32ആം മിനിറ്റിൽ താരം തൻ്റെ ഇരട്ടഗോൾ നേട്ടവും പൂർത്തിയാക്കി. സുവാരസ് തന്നെയായിരുന്നു ഈയൊരു ഗോളിനും വഴിയൊരുക്കിയത്. ശേഷം 2-0 എന്ന നിലയിൽ പുരോഗമിച്ച മത്സരം അതേ സ്കോറിന് തന്നെ ഇടവേളയ്ക്ക് പിരിയുകയായിരുന്നു. 17ആം മിനിറ്റിൽ കുഡൂസിനെ ഉറുഗ്വായ് ഗോൾകീപ്പർ ബോക്സിൽ ഫൗൾ ചെയ്തതിന് ഘാനയ്ക്ക് അനുകൂലമായി പെനൽറ്റി ലഭിച്ചിരുന്നെങ്കിലും കിക്ക് എടുത്ത അയുവിന് പിഴച്ചു. പെനൽറ്റി വഴങ്ങിയ റോഷെറ്റ് തന്നെ അത് സേവ് ചെയ്യുകയായിരുന്നു. തുടർന്ന് രണ്ടാം പകുതിയിൽ ഗോൾ മടക്കുവാനുള്ള അവസരങ്ങൾ ഘാനയ്ക്കും, ലീഡ് വർധിപ്പിക്കാൻ ഉറുഗ്വായ്ക്കും അവസരങ്ങൾ ഉണ്ടായിരുന്നെങ്കിലും നിർഭാഗ്യവശാൽ കൂടുതൽ ഗോളുകൾ ഒന്നുംതന്നെ മത്സരത്തിൽ പിറന്നില്ല. ഒടുവിൽ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് ഉറുഗ്വായ് വിജയം സ്വന്തമാക്കുകയായിരുന്നു. മത്സരം വിജയിച്ചെങ്കിലും പ്രീക്വാർട്ടർ എന്ന കടമ്പയിലേക്ക് കാലെടുത്ത് വെക്കുവാൻ അവർക്ക് കഴിഞ്ഞില്ല.

സൗത്ത് കൊറിയയുമായി ഒരേ പോയിൻ്റും, ഒരേ ഗോൾ വ്യത്യാസവും വന്നതിനാൽ മഞ്ഞ കാർഡുകളുടെ എണ്ണം പരിശോധിച്ചാണ് സ്ഥാനനിർണയം നടത്തിയത്. അതിനാൽ 3 മത്സരങ്ങളിൽ നിന്നും 8 കാർഡുകൾ വഴങ്ങിയ ഉറുഗ്വായ് കൊറിയയ്ക്ക് പിന്നിലേക്ക് പിന്തള്ളപ്പെടുകയായിരുന്നു. അതോടെ അവരുടെ പ്രീക്വാർട്ടർ സ്വപ്നങ്ങളും ഇല്ലാതെയായി. കണ്ണീരോടെയാണ് അവസാന ലോകകപ്പ് കളിച്ച ലൂയിസ് സുവാരസും സഹതാരങ്ങളും മൈതാനം വിട്ടത്. മത്സരം പരാജയപ്പെട്ട ഘാന 3 പോയിൻ്റുമായി അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.