സ്പെയിനെയും കീഴടക്കി ഗ്രൂപ്പ് ചാമ്പ്യന്മാരായി ജപ്പാൻ പ്രീക്വാർട്ടറിൽ.!
ലോകകപ്പിലെ ഗ്രൂപ്പ് ഇയിൽ നടന്ന തകർപ്പൻ പോരാട്ടത്തിൽ മുൻ ചാമ്പ്യന്മാരായ സ്പെയിനെ അട്ടിമറിച്ച് ജപ്പാൻ പ്രീക്വാർട്ടറിൽ കടന്നു. ദോഹയിലെ അൽ ബയ്ത് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് സ്പാനിഷ് പടയെ ഏഷ്യൻ പുലികളായ ജപ്പാൻ മുട്ടുകുത്തിച്ചത്. മത്സരത്തിൻ്റെ 11ആം മിനിറ്റിൽ തന്നെ അൽവാരോ മൊറാറ്റയിലൂടെ സ്പെയിൻ ലീഡ് നേടുകയുണ്ടായി. അസ്പ്ലിക്വേറ്റ നൽകിയ ക്രോസിൽ നിന്നും ഒരു ഹെഡ്ഡറിലൂടെയാണ് താരം ഗോൾ കണ്ടെത്തിയത്. ഈയൊരു ഗോളിൻ്റെ ലീഡിൽ തന്നെ ആദ്യ പകുതി അവസാനിപ്പിക്കാൻ സ്പെയിന് സാധിച്ചു. എന്നാൽ രണ്ടാം പകുതിയിൽ 3,4 മിനിറ്റുകൾ കൊണ്ട് കാര്യങ്ങൾ മാറി മറയുകയായിരുന്നു.

48ആം മിനിറ്റിൽ റിട്സു ഡൊവാൻ ആണ് ജപ്പാന് വേണ്ടി ആദ്യ ഗോൾ കണ്ടെത്തിയത്. ഇറ്റോയാണ് ഈയൊരു ഗോളിന് വഴിയൊരുക്കിയത്. തുടർന്ന് 3 മിനിറ്റുകൾക്ക് ശേഷം സ്പെയിനെ ഞെട്ടിച്ചുകൊണ്ട് ജപ്പാൻ ഓ ടനകയിലൂടെ ലീഡും നേടി. മിട്ടോമയായിരുന്നു ഗോളിന് പങ്കാളിയായത്. വാർ പരിശോധനയ്ക്ക് ശേഷമായിരുന്നു റഫറി ഗോൾ അനുവദിച്ചത്. സ്കോർ 2-1. പിന്നീടുള്ള സമയം ഗോൾ മടക്കാൻ വേണ്ടി സ്പെയിൻ കൂടുതൽ ഉണർന്ന് കളിച്ചെങ്കിലും ജപ്പാൻ എല്ലാത്തിനും തടയിട്ടു. ഒടുവിൽ മത്സരം ജപ്പാൻ കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു. ഇതോടെ 3 മത്സരങ്ങളിൽ നിന്നും 6 പോയിൻ്റുമായി ഒന്നാം സ്ഥാനക്കാർ ആയികൊണ്ട് ജപ്പാൻ നോക്കൗട്ടിലേക്ക് പ്രവേശിച്ചു. ഗ്രൂപ്പ് എഫിലെ രണ്ടാം സ്ഥാനക്കാരായ ക്രൊയേഷ്യയെ ആകും ജപ്പാൻ പ്രീക്വാർട്ടറിൽ നേരിടുക. തോൽവി വഴങ്ങിയെങ്കിലും സ്പെയിൻ രണ്ടാം സ്ഥാനക്കാർ ആയി നോക്കൗട്ടിലേക്ക് പ്രവേശിച്ചു.


ഗ്രൂപ്പ് എഫിലെ ഒന്നാം സ്ഥാനക്കാരായ മൊറോക്കോയെ ആകും അവർ പ്രീക്വാർട്ടറിൽ നേരിടുക.
ഈയൊരു തകർപ്പൻ വിജയത്തോടെ ഗ്രൂപ്പ് സ്റ്റേജിൽ 2 വമ്പന്മാരെയും കീഴടക്കാൻ ഏഷ്യൻ പുലികളായ ജപ്പാന് സാധിച്ചു. ആദ്യ മത്സരത്തിൽ ജർമനിയെ അവർ ഇതേ സ്കോറിന് പരാജയപ്പെടുത്തിയിരുന്നു. അവിശ്വസനീയമായ പ്രകടനം എന്നുതന്നെ പറയാം. എന്തായാലും ജപ്പാൻ്റെ കുതിപ്പ് ഇനിയും നീളട്ടെ എന്ന് നമുക്ക് ആശംസിക്കാം.