ക്ലെയ്റ്റണ് ഡബിൾ; ജംഷഡ്പൂരിനെ തകർത്ത് ഈസ്റ്റ് ബംഗാൾ.!
ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിലെ താഴേത്തട്ടുകാരുടെ പോരാട്ടത്തിൽ ജംഷഡ്പൂരിനെതിരെ ഈസ്റ്റ് ബംഗാളിന് തകർപ്പൻ വിജയം. ജംഷഡ്പൂരിൻ്റെ തട്ടകമായ ജെ.ആർ.ഡി ടാറ്റ കോംപ്ലക്സിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ 3 ഗോളുകൾക്കാണ് സന്ദർശകരായ ഈസ്റ്റ് ബംഗാൾ വിജയം സ്വന്തമാക്കിയത്. മത്സരത്തിൽ ബ്രസീലിയൻ സൂപ്പർതാരം ക്ലെയ്റ്റൺ സിൽവ ഇരട്ടഗോളുകൾ നേടി. ടീമിൻ്റെ 3 ഗോളുകളിലും പങ്കാളിയാകാൻ മഹേഷ് സിംഗിന് കഴിഞ്ഞു. മത്സരത്തിലെ ആകെ 4 ഗോളുകളിൽ 3 എണ്ണവും പിറന്നത് ആദ്യ പകുതിയിൽ ആയിരുന്നു. മത്സരം ആരംഭിച്ച് 2ആം മിനിറ്റിൽ തന്നെ ഗോൾ നേടുവാൻ സന്ദർശകർക്കായി. മഹേഷ് സിംഗിൻ്റെ പാസിൽ നിന്നും മലയാളിതാരം വി.പി. സുഹൈർ ആണ് ഈസ്റ്റ് ബംഗാളിനായി വലകുലുക്കിയത്. തുടർന്ന് 26ആം മിനിറ്റിൽ ഈസ്റ്റ് ബംഗാളിൻ്റെ രണ്ടാം ഗോളും വന്നെത്തി. ഇത്തവണ ക്ലെയ്റ്റണിൻ്റെ ഊഴമായിരുന്നു.

ഈയൊരു ഗോളിനും വഴിയൊരുക്കിയത് മഹേഷ് സിംഗ് തന്നെയായിരുന്നു. ശേഷം ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ലഭിച്ച പെനൽറ്റിയിലൂടെ ഇംഗ്ലീഷ് താരം ഇമ്മാനുവേൽ തോമസ് ആതിഥേയർക്കായി ഒരു ഗോൾ മടക്കി. അതോടെ മത്സരം 2-1 എന്ന നിലയിലായി. തുടർന്ന് രണ്ടാം പകുതിയുടെ 58ആം മിനിറ്റിൽ ക്ലെയ്റ്റൺ തൻ്റെ ഇരട്ടഗോളും ടീമിൻ്റെ മൂന്നാം ഗോളും സ്വന്തമാക്കി. ഇതിൻ്റെ പിന്നിലും മഹേഷ് സിംഗ് തന്നെയായിരുന്നു. അതോടെ മത്സരത്തിൽ 3 അസിസ്റ്റുകൾ സ്വന്തമാക്കാൻ താരത്തിനായി.

അതോടെ കളി പൂർണമായും ഈസ്റ്റ് ബംഗാളിൻ്റെ നിയന്ത്രണത്തിലായി. ഇരുടീമുകളും ഒട്ടേറെ അവസരങ്ങൾ മത്സരത്തിൽ സൃഷ്ടിച്ചെടുത്തെങ്കിലും ഫിനിഷിംഗിലെ പോരായ്മകൾ മൂലം അധികം ഗോളുകൾ പിറന്നില്ല. കൂടുതൽ ഷോട്ടുകൾ പായിച്ചത് ജംഷഡ്പൂർ ആയിരുന്നെങ്കിൽ പോലും നിർഭാഗ്യവശാൽ അവർക്ക് കേവലം ഒരു ഗോൾ മാത്രമാണ് നേടാനായത്. അതോടെ മത്സരം ഈസ്റ്റ്ബംഗാൾ കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു. ഈയൊരു വിജയത്തോടെ 8 മത്സരങ്ങളിൽ നിന്നും 9 പോയിൻ്റോടെ അവർ ടേബിളിൽ 8ആം സ്ഥാനത്തേക്ക് പ്രവേശിച്ചു. 7 മത്സരങ്ങളിൽ നിന്നും 4 പോയിൻ്റുമായി ജംഷഡ്പൂർ 10ആം സ്ഥാനത്ത് തന്നെ തുടരുകയാണ്.