ജപ്പാൻ്റെ കുതിപ്പ് അവസാനിപ്പിച്ച് കോസ്റ്റാറിക്ക.!
ലോകകപ്പിലെ ഗ്രൂപ്പ് ഇയിൽ നടന്ന പോരാട്ടത്തിൽ ജപ്പാൻ്റെ കുതിപ്പിന് അവസാനം കുറിച്ച് കോസ്റ്റാറിക്ക. ദോഹയിലെ അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് കോസ്റ്റാറിക്ക വിജയം സ്വന്തമാക്കിയത്. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് മത്സരത്തിലെ ഏകഗോൾ പിറന്നത്. റ്റെജഡയുടെ പാസ് സ്വീകരിച്ച കെയ്ഷർ ഫുള്ളർ ഒരു ഇടംകാലൻ കർവിങ് ഷോട്ടിലൂടെ കോസ്റ്റാറിക്കയെ മുന്നിലെത്തിക്കുകയായിരുന്നു. ലോകകപ്പിലെ അവരുടെ ആദ്യ ഓൺ ടാർഗറ്റ് ഷോട്ട് ആയിരുന്നു ഇത്. മത്സരത്തിൽ കൂടുതൽ ആക്രമിച്ചു കളിച്ചത് ജപ്പാൻ ആയിരുന്നെങ്കിലും ഫിനിഷിംഗിലെ അപാഗതകളും നിർഭാഗ്യവും അവർക്ക് വില്ലനായി.

അല്ലാത്തപക്ഷം മത്സരത്തിൽ ഒപ്പമെത്താനോ അല്ലെങ്കിൽ വിജയം നേടുവാനോ ജാപ്പനീസ് സംഘത്തിന് സാധിച്ചേനെ. ജർമനിയെ തോൽപ്പിച്ച് വന്നിട്ട് കോസ്റ്റാറിക്കയ്ക്ക് മുന്നിൽ മുട്ടുമടക്കേണ്ടി വന്നത് ജപ്പാന് ക്ഷീണമായി. ഈയൊരു വിജയത്തോടെ, നഷ്ടപ്പെട്ട പ്രീക്വാർട്ടർ പ്രതീക്ഷകൾ വീണ്ടെടുക്കാൻ കോസ്റ്റാറിക്കയ്ക്ക് കഴിഞ്ഞു. 2 മത്സരങ്ങളിൽ നിന്നും 3 പോയിൻ്റ് നേടിയ കോസ്റ്റാറിക്ക 3ആം സ്ഥാനത്താണ്. അതേ പോയിൻ്റുമായി ജപ്പാൻ തൊട്ടുമുകളിലുണ്ട്.