ഖത്തറിൽ തീപാറും; സ്പെയിൻ ഇന്ന് ജർമനിക്കെതിരെ.!
ലോകകപ്പിലെ ഗ്രൂപ്പ് ഇയിൽ നടക്കുന്ന വമ്പൻ പോരാട്ടത്തിൽ സ്പെയിൻ ഇന്ന് ജർമനിക്കെതിരെ. ഇന്ത്യൻ സമയം പുലർച്ചെ 12.30 ന് ആരംഭിക്കുന്ന മത്സരം ദോഹയിലെ അൽ ബയ്ത് സ്റ്റേഡിയത്തിൽ വെച്ചാകും അരങ്ങേറുക. ലോകകപ്പിലെ കിരീട സാധ്യതകൾ കൽപ്പിക്കപ്പെടുന്ന 2 ടീമുകൾ ആയത് കൊണ്ടുതന്നെ ഒരു കിടിലൻ പോരാട്ടം തന്നെയാകും നടക്കാൻ പോകുക. ആദ്യ മത്സരത്തിൽ ജപ്പാനോട് ഏറ്റ അപ്രതീക്ഷിത തോൽവിയിൽ കാലിടറി കൊണ്ടാണ് ജർമനിയുടെ വരവ്. അതുകൊണ്ടുതന്നെ പ്രീക്വാർട്ടർ പ്രവേശനം സാധ്യതമാകണമെങ്കിൽ ഇന്ന് അവർക്ക് വിജയം കൂടിയേ തീരൂ. മറുവശത്ത് മിന്നുന്ന ഫോമിലാണ് സ്പെയിൻ ഉള്ളത്. കോസ്റ്റാറിക്കയെ എതിരില്ലാത്ത ഏഴ് ഗോളുകൾക്ക് തകർത്തു കൊണ്ടാണ് സ്പാനിഷ് പടയുടെ വരവ്. അതേ മികവ് ഇന്ന് പുറത്തെടുക്കാൻ കഴിഞ്ഞാൽ അവർക്ക് ജർമനിയെ അനായാസം മറികടക്കാൻ കഴിയും.

മധ്യനിരയിൽ മുൻതൂക്കം നേടുന്ന ടീമിനാകും ഇന്ന് വിജയസാധ്യത. മികച്ച പന്തടക്കമുള്ള സ്പെയിനെ പ്രത്യാക്രമണങ്ങളിലൂടെ മറികടക്കാൻ ആകും ജർമനിയുടെ ശ്രമം. ഇന്ന് വിജയത്തിൽ കുറഞ്ഞതൊന്നും ലക്ഷ്യം വെക്കാതെ ഫ്ലിക്കും സംഘവും കളത്തിലിറങ്ങുമ്പോൾ സ്പെയിൻ അവരെ എങ്ങനെ തടുത്ത് നിർത്തുമെന്ന് കണ്ടുതന്നെ അറിയണം. എന്തായാലും വാശിയേറിയൊരു പോരാട്ടം തന്നെ നമുക്ക് പ്രതീക്ഷിക്കാം.