ഗോളും അസിസ്റ്റുമായി മെസ്സി; മെക്സിക്കൻ കോട്ട തകർത്ത് അർജൻ്റീന.!
ഗ്രൂപ്പ് സിയിലെ രണ്ടാം റൗണ്ട് പോരാട്ടത്തിൽ ജീവന്മരണ പോരാട്ടത്തിനായി കളത്തിലിറങ്ങിയ അർജൻ്റീനയ്ക്ക് മെക്സിക്കോയ്ക്കെതിരെ തകർപ്പൻ വിജയം. ദോഹയിലെ ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് സ്കലോണിയുടെ പട്ടാളം മെക്സിക്കൻ കോട്ട ഭേദിച്ചത്. സൂപ്പർ താരം ലയണൽ മെസ്സി ആയിരുന്നു മത്സരത്തിൻ്റെ ശ്രദ്ധാകേന്ദ്രം. താരം ഒരു ഗോളും ഒരു അസിസ്റ്റും നേടിക്കൊണ്ട് മത്സരത്തിൽ നിർണായക പങ്ക് വഹിച്ചു. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ ആയിരുന്നു രണ്ട് ഗോളുകളും പിറന്നത്. ആദ്യ പകുതിയിൽ ഇരുടീമുകളും അധികം ആക്രമണങ്ങൾക്ക് മുതിരുന്നതിനു പകരം ഗോൾ വഴങ്ങുവാതിരിക്കാനാണ് ശ്രമിച്ചത്. അതോടെ ആദ്യ പകുതിയിൽ ഗോൾ അകന്നുനിന്നു.
തുടർന്ന് രണ്ടാം പകുതിയും 64 മിനിറ്റ് വരെ ഗോൾരഹിതമായി മുമ്പോട്ട് പോയി. അർജൻ്റീനയുടെ നിരന്തര ഗോൾ ശ്രമങ്ങളാണ് അതുവരെ കണ്ടുകൊണ്ട് ഇരുന്നത്. ഒടുവിൽ നിർണായക ഘട്ടത്തിൽ ആൽബിസെലസ്റ്റിയൻസിനായി അവരുടെ മിശിഹാ വീണ്ടും അവതരിച്ചു.

എയ്ഞ്ചൽ ഡി മരിയയുടെ പാസ്സ് സ്വീകരിച്ച് ബോക്സിന് വെളിയിൽ നിന്നും മെസ്സി തൊടുത്ത നിലംപറ്റെയുള്ള തകർപ്പൻ ഷോട്ട് മെക്സിക്കൻ ഗോൾകീപ്പർ ഒച്ചോവയെ മറികടന്ന് വലയിൽ. ലുസൈൽ സ്റ്റേഡിയം പൊട്ടിത്തെറിച്ച നിമിഷം. സ്കോർ 1-0. തുടർന്ന് പുരോഗമിച്ച മത്സരത്തിൽ 87ആം മിനിറ്റിൽ അർജൻ്റീന തങ്ങളുടെ ലീഡ് രണ്ടാക്കി ഉയർത്തി. ബോക്സിൻ്റെ ഇടത് മൂലയിൽ നിന്നും 2 മെക്സിക്കൻ താരങ്ങളെ വെട്ടിയൊഴിഞ്ഞു കൊണ്ട് സബ് ആയി കളത്തിലിറങ്ങിയ എൻസോ ഫെർണാണ്ടസ് അടിച്ച കർവിങ് ഷോട്ട് വലയുടെ ഇടത് മൂലയിൽ പതിച്ചു. മെസ്സി തന്നെയായിരുന്നു ഈയൊരു ഗോളിന് വഴിയൊരുക്കിയതും. അതോടെ മത്സരം പൂർണമായും അർജൻ്റീനയുടെ വരുതിയിലായി.

ഒരൊറ്റ ഷോട്ട് മാത്രമാണ് മെക്സിക്കോയ്ക്ക് ലക്ഷ്യ സ്ഥാനത്തേക്ക് അടിക്കുവാൻ സാധിച്ചത്. അതും ഫ്രീകിക്ക് ലഭിച്ചത് കൊണ്ടുമാത്രം. മത്സരത്തിൽ സ്കലോണി വരുത്തിയ മാറ്റങ്ങൾ 100% ഫലം കണ്ടെന്ന് തറപ്പിച്ചു പറയാം. പ്രതിരോധത്തിൽ മികച്ച പ്രകടനമാണ് ലിസാൻഡ്രോ മാർട്ടിനെസും പുറത്തെടുത്തത്. ഒടുവിൽ തങ്ങളുടെ തിരിച്ചുവരവിനായി കാത്തിരുന്ന ആരാധകരെ ആവേശത്തിലാഴ്ത്തിക്കൊണ്ട് അർജൻ്റീന എതിരില്ലാത്ത 2 ഗോളുകൾക്ക് വിജയിക്കുകയായിരുന്നു. ഇനി വരുന്ന മത്സരത്തിൽ പോളണ്ടിനെ കൂടി കീഴടക്കിയാൽ മെസ്സിക്കും സംഘത്തിനും ഗ്രൂപ്പ് ചാമ്പ്യന്മാർ ആയിത്തന്നെ പ്രീക്വാർട്ടറിൽ പ്രവേശിക്കാം. നിലവിൽ 2 മത്സരങ്ങളിൽ നിന്നും 3 പോയിൻ്റുമായി 2ആം സ്ഥാനത്താണ് അർജൻ്റീന. ഒരു പോയിൻ്റ് മാത്രമുള്ള മെക്സിക്കോ അവസാന സ്ഥാനത്താണ്.