ഗ്രൂപ്പ് ഡിയിൽ ഇന്ന് തീപാറും; ഫ്രാൻസിന് എതിരാളികൾ ഡെന്മാർക്ക്.!
ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം റൗണ്ട് പോരാട്ടത്തിൽ ഒരു തീപാറും പോരാട്ടത്തിനാണ് ദോഹയിലെ 974 സ്റ്റേഡിയം സാക്ഷ്യം വഹിക്കാൻ ഒരുങ്ങുന്നത്. ഇന്ത്യൻ സമയം രാത്രി 9.30ന് ആരംഭിക്കുന്ന മത്സരത്തിൽ യൂറോപ്പിലെ കരുത്തന്മാരായ ഫ്രാൻസും ഡെന്മാർക്കും തമ്മിൽ കൊമ്പുകോർക്കും. മികച്ച ഫോമിലാണ് നിലവിലെ ചാംപ്യൻമാരായ ഫ്രാൻസ് ഉള്ളത്. ആദ്യ മത്സരത്തിൽ ഓസ്ട്രേലിയ തകർത്തുകൊണ്ടാണ് അവരുടെ വരവ്. പരിക്കേറ്റ് ടീമിലെ ഒരുപിടി പ്രധാന താരങ്ങളെ നഷ്ടമായെങ്കിൽ പോലും അതിലൊന്നും തളരാതെയാണ് ദെഷാംപ്സും സംഘവും ഖത്തറിൽ എത്തിയിരിക്കുന്നത്. ഇന്നത്തെ മത്സരം കൂടി വിജയിക്കാൻ കഴിഞ്ഞാൽ ഫ്രാൻസിന് പ്രീക്വാർട്ടർ ഉറപ്പിക്കാൻ കഴിയും.

അതേസമയം ദുർബലരായ ടുണീഷ്യയോട് സമനില വഴങ്ങിക്കൊണ്ടാണ് ഡെന്മാർക്കിൻ്റെ വരവ്. അതിൻ്റെ ക്ഷീണം ഇന്നത്തെ മത്സരത്തിലും ഉണ്ടായാൽ ഫ്രാൻസിന് മുന്നിൽ ഡെന്മാർക്ക് വിയർക്കുമെന്ന് ഉറപ്പാണ്. എന്നിരുന്നാലും പ്രീക്വാർട്ടർ പ്രവേശനം സാധ്യമാക്കണമെങ്കിൽ ഡാനിഷ് പടയ്ക്ക് വിജയം കൂടിയേ തീരൂ. അതുകൊണ്ടുതന്നെ മികച്ചൊരു പോരാട്ടം തന്നെ അവർ കളത്തിൽ കാഴ്ചവെക്കുമെന്ന് ഉറപ്പാണ്. എന്തായാലും യൂറോപ്പിലെ രണ്ട് വമ്പന്മാർ തമ്മിൽ പോരടിക്കുമ്പോൾ വിജയം ആർക്കൊപ്പം നിൽക്കുമെന്ന് അറിയാൻ നമുക്ക് ആകാംഷയോടെ കാത്തിരിക്കാം.