പ്രീക്വാർട്ടർ പ്രതീക്ഷകൾ നിലനിർത്താൻ പോളണ്ട്; പോരാട്ടമികവ് തുടരാൻ സൗദി.!
ലോകകപ്പിൽ ഇതിനോടകം തന്നെ പേരെടുത്ത് കഴിഞ്ഞ ടീമാണ് സൗദി അറേബ്യ. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ കരുത്തരായ അർജൻ്റീനയെ അട്ടിമറിച്ചുകൊണ്ട് അവർ ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചിരുന്നു. അതിൻ്റെ ചൂട് വിട്ടുമാറും മുമ്പേ രണ്ടാം അങ്കത്തിനായി സൗദി കളത്തിലിറങ്ങുകയാണ്. ഇന്ത്യൻ സമയം വൈകിട്ട് 6.30ന് എജ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന മത്സരത്തിൽ റോബർട്ട് ലെവണ്ടോസ്കിയുടെ പോളണ്ട് ആണ് സൗദിയുടെ എതിരാളികൾ. പ്രീക്വാർട്ടർ നിർണയിക്കുന്ന മത്സരമായത് കൊണ്ടുതന്നെ ഒരു വാശിയേറിയ പോരാട്ടത്തിനായിരിക്കും ഖത്തർ സാക്ഷ്യം വഹിക്കുക. ആദ്യ മത്സരത്തിൽ അർജൻ്റീനയെ കീഴടക്കിയതിൻ്റെ അമിത ആത്മവിശ്വാസത്തിലാണ് സൗദിയുടെ വരവ്. ഇന്നത്തെ മത്സരം കൂടി വിജയിക്കാൻ കഴിഞ്ഞാൽ അവർക്ക് പ്രീക്വാർട്ടർ ഏറെക്കുറെ ഉറപ്പിക്കാൻ കഴിയും. അതുകൊണ്ടുതന്നെ വിജയം മാത്രമായിരിക്കും സൗദിയുടെ ലക്ഷ്യം.

മറുവശത്ത് മെക്സിക്കോയുമായി സമനില വഴങ്ങിയതിന് ശേഷമാണ് പോളണ്ട് വരുന്നത്. മത്സരത്തിൽ പാഴാക്കിയ പെനൽറ്റി ഓർത്ത് ലെവണ്ടോസ്കി ഇപ്പോഴും ദുഃഖിക്കുന്നുണ്ടാവാം. എന്തായാലും പോളിഷ് പടയ്ക്ക് പ്രീക്വാർട്ടർ സ്വപ്നം കാണണമെങ്കിൽ ഇന്ന് വിജയം കൂടിയേ തീരൂ. നിലവിൽ 1 പോയിൻ്റാണ് അവരുടെ സമ്പാദ്യം. അർജൻ്റീനയെ കീഴടക്കിയത് കൊണ്ടുതന്നെ സൗദിയെ കരുതിതന്നെയാവും പോളണ്ട് നേരിടുക. എന്തായാലും മികച്ചൊരു മത്സരം തന്നെ നമുക്ക് പ്രതീക്ഷിക്കാം.