ഫിഫ ലോകകപ്പിൽ നെതർലൻഡ്സിനെ സമനിലയിൽ തളച്ച് ഇക്വഡോർ
ഫിഫ ലോകകപ്പിൽ നെതർലൻഡ്സിനെ സമനിലയിൽ തളച്ച് ഇക്വഡോർ. ആദ്യപകുതിയുടെ തുടക്കത്തിൽ ഗോൾ നേടി ഓറഞ്ച് പട മുന്നിലെത്തിയപ്പോൾ രണ്ടാം പകുതിയുടെ തുടക്കത്തിൽ ഇക്വഡോർ സമനില ഗോൾ നേടി. നെതർലൻഡ്സിനായി കോഡി ഗാക്പോയും (ആറ്) ഇക്വഡോറിനു വേണ്ടി എന്നര്‍ വലെൻസിയയും (49) ഗോളടിച്ചു.
മത്സരത്തില്‍ എക്വഡോര്‍ ടീം ഒത്തിണക്കം കാണിക്കാന്‍ ഇത്തിരി വൈകിയപ്പോള്‍ അവസരം മുതലെടുത്ത് ആറാം മിനിറ്റില്‍ തന്നെ നെതര്‍ലന്‍ഡ്‌സ് മുന്നിലെത്തി. കോഡി ഗാക്‌പോയുടെ കിടിലന്‍ ഗോളിലാണ് ഡച്ച് ടീം ലീഡെടുത്തത്. ഒരു ഡച്ച് അറ്റാക്കിങ് റണ്ണിനൊടുവില്‍ ഡിഫ്‌ളക്റ്റായ ഒരു പാസ് പിടിച്ചെടുത്ത് ഡേവി ക്ലാസന്‍ നല്‍കിയ പന്ത് തകര്‍പ്പനൊരു ഇടംകാലനടിയിലൂടെ ഗാക്‌പോ വലയിലെത്തിക്കുകയായിരുന്നു.
ഗോള്‍ വീണതോടെ എക്വഡോര്‍ ഉണര്‍ന്നു, ആക്രമണങ്ങള്‍ ശക്തമായി. ആഞ്ജലോ പ്രെസിയാഡോ പലപ്പോഴും ഡച്ച് ബോക്‌സില്‍ പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ടേയിരുന്നു. 59–ാം മിനിറ്റില്‍ ഗോൺസാലോ പ്ലാറ്റായുടെ ഗോളെന്നുറപ്പിച്ച ഷോട്ട് ബാറില്‍ തട്ടിത്തെറിച്ചത് ഇക്വഡോർ താരങ്ങൾക്കു നിരാശയായി. പിന്നീട് ലഭിച്ച മുന്നേറ്റങ്ങളൊന്നും ഗോളാക്കി മാറ്റാനും ഇക്വഡോറിനായില്ല. ലീഡെടുക്കാനുള്ള നെതർലൻഡ്സ് മുന്നേറ്റങ്ങളും ലക്ഷ്യം കണ്ടില്ല.
ആദ്യ മത്സരം വിജയിച്ചു തുടങ്ങിയ ഇരു ടീമുകൾക്കും ഇപ്പോൾ നാലു പോയിന്റുകൾ വീതമുണ്ട്. എ ഗ്രൂപ്പിൽ നെതർലൻഡ്സ് ഒന്നാം സ്ഥാനത്തും ഇക്വഡോർ രണ്ടാമതുമാണ്.