ഇക്വഡോറിനെതിരെ ആദ്യ പകുതിയിൽ നെതർലൻഡ്സിനു ലീഡ്
ഖത്തർ ലോകകപ്പിൽ ഗ്രൂപ്പ് എയിലെ പോരാട്ടത്തിൽ ഇക്വഡോറിനെതിരെ ആദ്യ പകുതിയിൽ നെതർലൻഡ്സിനു ലീഡ്. ആറാം മിനിറ്റിൽ കോഡി ഗാക്പോയാണു ഗോള്‍ നേടിയത്. ഖത്തർ ലോകകപ്പിലെ ഏറ്റവും വേഗമേറിയ ഗോളാണിത്. മത്സരം ആരംഭിച്ച് അഞ്ചു മിനിറ്റും നാലു സെക്കൻഡ് പൂർത്തിയാകുമ്പോഴാണു വല കുലുങ്ങിയത്.
ഒരു ഡച്ച് അറ്റാക്കിങ് റണ്ണിനൊടുവില്‍ ഡിഫ്ളക്റ്റായ ഒരു പാസ് പിടിച്ചെടുത്ത് ഡേവി ക്ലാസന് നല്കിയ പന്ത് തകര്‍പ്പനൊരു ഇടംകാലനടിയിലൂടെ കോഡി ഗാക്പോ വലയിലെത്തിക്കുകയായിരുന്നു. ഗോള്‍ വീണതോടെ എക്വഡോര്‍ ആക്രമണങ്ങള്‍ ശക്തമാക്കിയതും കളിയഴക് വർധിപ്പിച്ചു. ആഞ്ജലോ പ്രെസിയാഡോ പലപ്പോഴും ഡച്ച് ബോക്സില്‍ മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗോൾ മാത്രം അകന്നുനിന്നു.
28–ാം മിനിറ്റിൽ നെതർലൻഡ് ബോക്സിൽ എന്നർ വലെൻസിയ, മിച്ചേൽ എസ്ത്രാഡയ്ക്കു നൽകിയ പാസിൽ ലക്ഷ്യം കാണാൻ ഇക്വഡോറിനു സാധിച്ചില്ല. 32–ാം മിനിറ്റിൽ ഇക്വഡോറിന്റെ കൗണ്ടർ ആക്രമണത്തിൽ എന്നർ വലെൻസിയയുടെ മുന്നേറ്റം നെതർലൻഡ്സ് ഗോളി ആൻഡ്രിസ് നൊപ്പെർട്ട് പരാജയപ്പെടുത്തി. ആദ്യ പകുതിയുടെ അധിക സമയത്ത് ഇക്വഡോർ വല കുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. ആദ്യ പകുതി അവസാനിച്ചപ്പോൾ നെതർലൻഡ്സ് ഒരു ഗോളിനു മുന്നിൽ.