തുടർച്ചയായി ഏഴാം പരാജയം ഏറ്റുവാങ്ങി നോർത്ത് ഈസ്റ്റ്; മുംബൈക്ക് തകർപ്പൻ വിജയം.!
ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിക്കെതിരെ മുൻ ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ്സിക്ക് തകർപ്പൻ വിജയം. നോർത്ത് ഈസ്റ്റിൻ്റെ തട്ടകമായ ഗുവാഹത്തിയിലെ ഇന്ദിരഗാന്ധി ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് മുംബൈ വിജയം സ്വന്തമാക്കിയത്. മത്സരത്തിൻ്റെ 10ആം മിനിറ്റിൽ തന്നെ ലീഡ് നേടുവാൻ സന്ദർശകരായ മുംബൈക്ക് കഴിഞ്ഞു. ഗ്രെഗ് സ്റ്റുവർട്ടിനെ ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനൽറ്റിയിൽ നിന്നും അഹമ്മദ് ജാഹുവാണ് മുംബൈക്കായി ഗോൾ നേടിയത്. എന്നാൽ അതൊരു വിവാദച്ചുവയുള്ള ഗോൾ ആയിരുന്നു. കാരണം സ്റ്റുവർട്ടിനെ ഫൗൾ ചെയ്തത് ബോക്സിന് വെളിയിൽ വെച്ചാണ് എന്നുള്ളത് റീപ്ലേയിൽ വ്യക്തമായിരുന്നു. റഫറിയുടെ തെറ്റായ തീരുമാനം പക്ഷേ നോർത്ത് ഈസ്റ്റിന് തിരിച്ചടിയായി.

അങ്ങനെ മുമ്പോട്ട് നീങ്ങിയ മത്സരത്തിൽ 17ആം മിനിറ്റിൽ ആതിഥേയർ ഒരു ഗോൾ മടക്കി. ഫിലിപ്പത്തുവിൻ്റെ പാസ് സ്വീകരിച്ച് ഒരു തകർപ്പൻ ഗോളിലൂടെ ഗൊഗോയിയാണ് നോർത്ത് ഈസ്റ്റിനു വേണ്ടി വലകുലുക്കിയത്. പക്ഷേ അതൊരു താത്കാലിക ആശ്വാസം മാത്രമായിരുന്നു. 27ആം മിനിറ്റിൽ സ്റ്റുവർട്ടിൻ്റെ അസിസ്റ്റിൽ നിന്നും ബിപിൻ സിംഗ് മുംബൈക്കായി രണ്ടാം ഗോൾ സ്വന്തമാക്കി. ശേഷം ഇതേ സ്കോറിന് ആദ്യപകുതി അവസാനിച്ചു. തുടർന്ന് രണ്ടാംപകുതി ആരംഭിച്ച ഉടൻ തന്നെ ഡയസ് മുബൈയുടെ ലീഡ് വർധിപ്പിച്ചു. ബിപിൻ സിംഗിൻ്റെ ഷോട്ട് മിർഷാദ് തടുത്തിട്ടെങ്കിലും റീബൗണ്ട് ആയിവന്ന പന്ത് ഡയസ് വലയിലാക്കുകയായിരുന്നു. അതോടെ മത്സരം പൂർണമായും മുംബൈയുടെ വരുതിയിലായി. അതിന് ശേഷവും ആക്രമണം തുടർന്ന സന്ദർശകർക്ക് നിർഭാഗ്യം കൊണ്ടുമാത്രം കൂടുതൽ ഗോളുകൾ നേടുവാൻ കഴിഞ്ഞില്ല. സ്റ്റുവർട്ടിൻ്റെ മികച്ചൊരു ഷോട്ട് ക്രോസ് ബാറിൽ തട്ടി മടങ്ങിയതും മുംബൈ ആരാധകർക്ക് നിരാശയായി. ഗോൾ മടക്കുവാനുള്ള ഒരുപിടി അവസരങ്ങൾ നോർത്ത് ഈസ്റ്റിനും ലഭിച്ചെങ്കിലും അതൊന്നും മുതലാക്കാൻ അവർക്കും കഴിഞ്ഞില്ല. ഒടുവിൽ 3-1 എന്ന സ്കോറിന് മത്സരം മുംബൈ കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു.

ഇതോടെ തുടർച്ചയായ 7ആം പരാജയമാണ് നോർത്ത് ഈസ്റ്റ് ഏറ്റുവാങ്ങിയത്. ഒരു സീസണിലെ ആദ്യ 7 മത്സരങ്ങൾ പരാജയപ്പെടുന്ന ആദ്യ ടീമെന്ന മോശം റെക്കോർഡ് ഇതോടെ നോർത്ത് ഈസ്റ്റിൻ്റെ പേരിലായി. ഒപ്പം തുടർച്ചയായി 7 മത്സരങ്ങൾ പരാജയപ്പെടുന്ന ടീം എന്ന റെക്കോർഡും. എന്തായാലും ഇത്രയും മോശമായ തുടക്കം ഇതുവരെ അവർക്ക് നേരിടേണ്ടി വന്നിട്ടില്ല. ടേബിളിൽ അവസാന സ്ഥാനത്താണ് നോർത്ത് ഈസ്റ്റ്. അതേസമയം മിന്നുന്ന വിജയം സ്വന്തമാക്കിയ മുംബൈ 8 മത്സരങ്ങളിൽ നിന്നും 18 പോയിൻ്റുമായി അപരാജിതരായിക്കൊണ്ട് ഒന്നാം സ്ഥാനത്തേക്ക് പ്രവേശിച്ചു. മത്സരത്തിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത ഗ്രെഗ് സ്റ്റുവർട്ട് ആണ് മത്സരത്തിലെ താരം.