Foot Ball qatar worldcup Top News

ഘാന കടന്ന് പോർച്ചുഗൽ.!

November 24, 2022

author:

ഘാന കടന്ന് പോർച്ചുഗൽ.!

ലോകകപ്പിലെ ഗ്രൂപ്പ് എച്ചിൽ നടന്ന അതിവാശിയേറിയ പോരാട്ടത്തിൽ ഘാനക്കെതിരെ പോർച്ചുഗലിന് വിജയം. 974 സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് പറങ്കിപ്പട ജയിച്ചുകയറിയത്. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് മത്സരത്തിലെ മുഴുവൻ ഗോളുകളും പിറന്നത്. 65ആം മിനിറ്റിൽ റൊണാൾഡോയെ ബോക്സിൽ ഫൗൾ ചെയ്തതിന് പോർച്ചുഗലിന് അനുകൂലമായി റഫറി പെനൽറ്റി വിധിച്ചു. കിക്ക് എടുത്തത് റൊണാൾഡോ തന്നെയായിരുന്നു. താരത്തിന് പിഴച്ചില്ല. സ്കോർ 1-0. ഈയൊരു ഗോൾ നേട്ടത്തോടെ 5 വ്യത്യസ്ത ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യതാരമെന്ന റെക്കോർഡ് റൊണാൾഡോ സ്വന്തം പേരിൽ കുറിച്ചു. ശേഷം വാശിയേറിയ മത്സരത്തിൽ 73ആം മിനിറ്റിൽ ആന്ദ്രേ ആയുവിലൂടെ ഘാന ഗോൾ മടക്കി. കുഡുസിൻ്റെ ക്രോസിൽ നിന്നുമാണ് ആയു ലക്ഷ്യം കണ്ടത്. എന്നാൽ ഘാനയ്ക്ക് ആശ്വസിക്കാൻ വകയുണ്ടായിരുന്നില്ല. 78ആം മിനിറ്റിൽ ജൊവാവോ ഫെലിക്സിലൂടെ പോർച്ചുഗൽ മത്സരത്തിൽ വീണ്ടും ലീഡ് നേടി.

ബ്രൂണോ ഫെർണാണ്ടസ് ആയിരുന്നു ഈയൊരു ഗോളിന് വഴിയൊരുക്കിയത്. അവിടംകൊണ്ടും തീർന്നില്ല. വെറും 2 മിനിട്ടിൻ്റെ ഇടവേളയിൽ റാഫേൽ ലിയാവോ കൂടി സ്കോർ ചെയ്തതോടെ മത്സരം പോർച്ചുഗലിൻ്റെ വരുതിയിലായി. ഈ ഗോളിൻ്റെ സൂത്രധാരനും ബ്രൂണോ തന്നെയായിരുന്നു. സബ് ആയി കളത്തിലിറങ്ങിയ ഉടനെയാണ് ലിയാവോ ഗോൾ നേടിയത്. കളി ഘാന കൈവിട്ടെന്ന് കരുതിയെങ്കിലും 89ആം മിനിറ്റിൽ ഓസ്മാൻ ബുകാരിയുടെ ഹെഡ്ഡർ ഗോളിലൂടെ അവർ വീണ്ടും മത്സരത്തിലേക്ക് തിരിച്ചുവന്നു. എന്നാൽ സമയം അവർക്കൊപ്പം നിന്നില്ല. എന്നിരുന്നാലും ഇഞ്ചുറി ടൈമിൻ്റെ അവസാന നിമിഷം പോർച്ചുഗീസ് ഗോൾകീപ്പറിൻ്റെ പിന്നിൽ പാത്ത് നിന്ന് ഇനാക്കി വില്യംസ് പന്ത് തട്ടിയെടുത്തെങ്കിലും താരത്തിന് അത് ഗോളിലേക്ക് എത്തിക്കുവാൻ കഴിഞ്ഞില്ല. അതോടെ 3-2 എന്ന സ്കോറിന് മത്സരം പോർച്ചുഗൽ വിജയിക്കുയായിരുന്നു. തോറ്റെങ്കിലും യൂറോപ്പിലെ വമ്പന്മാരെ വിറപ്പിക്കാൻ കഴിഞ്ഞതിൽ അവർക്ക് അഭിമാനിക്കാം. വരാനിരിക്കുന്ന ഉറുഗ്വായുമായുള്ള മത്സരത്തിൽ ആത്മവിശ്വാസം പകുരുന്നതായി പോർച്ചുഗലിനെ സമ്പന്ധിച്ചിടത്തോളം ഈയൊരു വിജയം.

Leave a comment