പോർച്ചുഗലിനെ വിറപ്പിച്ച് ഘാന കീഴടങ്ങി, ജയവുമായി റൊണോയും സംഘവും
ഫിഫ ലോകകപ്പിൽ ഘാനയ്ക്കെതിരെ 3–2ന്റെ വിജയവുമായി തുടക്കം ഗംഭീരമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോയും പോർച്ചുഗലും. ജയപരാജയങ്ങള്‍ മാറിമറിഞ്ഞ മത്സരത്തില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയിലൂടെ പോര്‍ച്ചുഗല്‍ ലീഡെടുത്തു. പിന്നാലെയെത്തി ഘാനയുടെ സൂപ്പര്‍ താരം അയൂവിന്റെ മറുപടി. പോര്‍ച്ചുഗീസ് പടയെ ഞെട്ടിച്ച് അയൂ ഗോളടിച്ചപ്പോള്‍ മത്സരം ആവേശത്തിലേക്ക് കത്തിക്കയറി.
പിന്നാലെ ജാവോ ഫെലിക്‌സും റാഫേല്‍ ലിയോയും തുടരെത്തുടരെ വെടിപൊട്ടിച്ചപ്പോള്‍ ഘാന തകര്‍ന്നു. സ്‌കോര്‍ 3-1. എന്നാല്‍ അവരുടെ പോരാട്ടവീര്യത്തിന്റെ കനല്‍ അവിടെ നിന്ന് ആളിക്കത്തി. 89-ാം മിനിറ്റില്‍ ഒരു ഗോള്‍ കൂടി നേടിക്കൊണ്ട് അവര്‍ ആഫ്രിക്കന്‍ ഫുട്‌ബോളിന്റെ മനോഹാരിത ലോകത്തിന് കാട്ടിക്കൊടുത്തു.
ഘാനയ്ക്കു വേണ്ടി ആന്ദ്രെ അയു (73), ഒസ്മാൻ ബുക്കാരി (89) എന്നിവരാണ് വല കുലുക്കിയത്. ആദ്യ പകുതിയിലെ ഗോള്‍ ക്ഷാമത്തിനു ശേഷം രണ്ടാം പകുതിയിലായിരുന്നു പോർച്ചുഗലും ഘാനയും ചേർന്ന് അഞ്ച് ഗോളുകൾ അടിച്ചു കൂട്ടിയത്. ആവേശക്കൊടുമുടി കയറിയ മത്സരത്തില്‍ അതിശക്തരായ പോര്‍ച്ചുഗലിനെ വിറപ്പിച്ചാണ് ഘാന വീണത്.
രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്ക് പോര്‍ച്ചുഗല്‍ വിജയിച്ചെങ്കിലും ആരാധകരുടെ മനം കീഴടക്കിയാണ് ഘാന മടങ്ങുന്നത്. ഖത്തർ ലോകകപ്പിൽ ഒരു ടീമും ചെറുതല്ല എന്ന കാര്യവും ഇതിനോടകം തന്നെ തെളിഞ്ഞിട്ടുണ്ട്.