ഏകഗോളിൽ കാനഡയെ മറികടന്ന് ബെൽജിയം.!
ലോകകപ്പിലെ ഗ്രൂപ്പ് എഫിൽ നടന്ന വാശിയേറിയൊരു പോരാട്ടത്തിൽ കാനഡക്കെതിരെ ബെൽജിയത്തിന് വിജയം. അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബെൽജിയം ജയിച്ചുകയറിയത്. ആദ്യ പകുതിയുടെ അവസാന നിമിഷമാണ് മത്സരത്തിലെ ഏകഗോൾ പിറന്നത്. പ്രതിരോധ താരം ടോബി ആൽഡർവിയറാൾഡ് നൽകിയ പാസിൽ നിന്നും ബാറ്റ്ഷുയിയാണ് ബെൽജിയത്തിനായി വലകുലുക്കിയത്. അതിൻ്റെ പിന്നാലെ ആദ്യ പകുതിക്ക് വിരാമമായി. രണ്ടാം പകുതിയിൽ ഗോൾ മടക്കുവാൻ കാനഡ ആവുന്നത്ര പൊരുതിയെങ്കിലും ഗോൾ മാത്രം അവരിൽ നിന്നും അകന്നു നിന്നു. മത്സരത്തിൻ്റെ 8ആം മിനിറ്റിൽ കാനഡയ്ക്ക് അനുകൂലമായി പെനൽറ്റി ലഭിച്ചതാണ്. എന്നാൽ സൂപ്പർതാരം അൽഫോൻസോ ഡേവിസ് അത് പാഴാക്കി. ഈയൊരു പെനൽറ്റി ഗോൾ ആയിരുന്നെങ്കിൽ അവർക്ക് തോൽവി ഒഴിവാക്കാമായിരുന്നു.

എങ്കിൽപോലും ബെൽജിയത്തിനെ വിറപ്പിക്കാൻ അവർക്ക് കഴിഞ്ഞു. 22 ഷോട്ടുകളാണ് കാനഡ മത്സരത്തിൽ ഉതിർത്തത്. എന്നാൽ 3 ഷോട്ടുകൾ മാത്രമാണ് ഓൺ ടാർഗറ്റിലേക്ക് പോയത്. ഒടുവിൽ ഏകപക്ഷീയമായ ഒരു ഗോളിന് കാനഡ തോൽവി സമ്മതിക്കുകയായിരുന്നു. ഡിബ്രുയ്ൻ, ഹസാർഡ് തുടങ്ങിയ പേര് കേട്ട താരങ്ങൾ ഉണ്ടായിട്ടും മത്സരത്തിൽ അധികം മേധാവിത്വം പുലർത്താൻ ബെൽജിയത്തിന് സാധിച്ചില്ല. എങ്കിലും വിജയത്തോടെ ടേബിളിൽ ഒന്നാം സ്ഥാനം സ്വന്തമാക്കാൻ അവർക്ക് സാധിച്ചു. തോൽവി വഴങ്ങിയ കാനഡ അവസാന സ്ഥാനത്താണ്.