ഏഴിൻ്റെ നിറവിൽ സ്പെയിൻ; ഗോൾമഴയിൽ മുങ്ങി കോസ്റ്റാറിക്ക.!
ലോകകപ്പിലെ ഗ്രൂപ്പ് ഇയിൽ നടന്ന മത്സരത്തിൽ കോസ്റ്റാറിക്കക്കെതിരെ സ്പെയിന് വമ്പൻ വിജയം. അൽ തുമാമ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഏഴ് ഗോളുകൾക്കാണ് അവർ കോസ്റ്റാറിക്കയെ പഞ്ഞിക്കിട്ടത്. മത്സരത്തിൻ്റെ തുടക്കം മുതൽ ആരംഭിച്ച ആക്രമണം അവസാന വിസിൽ വരെ സ്പെയിൻ തുടർന്നു. അക്ഷരാർത്ഥത്തിൽ കുഞ്ഞു പിള്ളേരുമായി കളിക്കുന്ന ലാഘവത്തോടെയാണ് സ്പാനിഷ് ഈയൊരു മത്സരത്തെ കണ്ടതെന്ന് പറയാം. അത്രയ്ക്ക് മേധാവിത്വമാണ് മത്സരത്തിൽ സ്പാനിഷ് ടീമിന് ഉണ്ടായിരുന്നത്. പന്ത് ഇടക്കിടെ ഒന്ന് കോസ്റ്റാറിക്കൻ താരങ്ങൾക്ക് നൽകും.. വീണ്ടും തിരിച്ചു വാങ്ങും. ഒരൊറ്റ ഷോട്ട് പോലും ഉതിർക്കുവാൻ കോസ്റ്റാറിക്കയെ സ്പാനിഷ് പട അനുവദിച്ചില്ല.

മത്സരത്തിൽ ഫെറാൻ ടോറസ് ഇരട്ടഗോളുകൾ നേടിയപ്പോൾ ഡാനി ഓൽമോ, മാർക്കോ അസെൻസിയോ, ഗാവി, കാർലോസ് സോളർ, അൽവാരോ മൊറാറ്റ എന്നിവരാണ് ശേഷിച്ച ഗോളുകൾ നേടിയത്. 1056 പാസ്സുകളാണ് മത്സരത്തിൽ സ്പെയിൻ പൂർത്തിയാക്കിയത്. മറ്റു ടീമുകളെ ഭയപ്പെടുത്തുന്ന പ്രകടനം എന്നുതന്നെ പറയാം. ആദ്യ പകുതിയിൽ ഓൽമോ (11′), അസെൻസിയോ (21′), ടോറസ് (31′) എന്നിവരുടെ ഗോളിൽ സ്പെയിൻ 3-0 എന്ന ലീഡ് കൈവരിച്ചു. രണ്ടാം പകുതിയിലാണ് ശേഷിച്ച ഗോളുകൾ പിറന്നത്. 54ആം മിനിറ്റിൽ ടോറസ്സിൻ്റെ രണ്ടാം ഗോൾ പിറന്നു. ശേഷം 74ആം മിനിറ്റിൽ ഗാവിയും 90ആം മിനിറ്റിൽ സോളറും ഇഞ്ചുറി ടൈമിൽ മൊറാറ്റയും സ്പെയിന് വേണ്ടി ലക്ഷ്യം കണ്ടു.

എന്തായാലും സ്പാനിഷ് ആരാധകരെ സമ്പന്ധിച്ചിടത്തോളം ഒരുപാട് പ്രതീക്ഷകളാണ് ഈയൊരു വിജയത്തിലൂടെ അവർക്ക് കൈവന്നിരിക്കുന്നത്. ഇന്ന് ജപ്പാനോട് പരാജയപ്പെട്ട ജർമനിക്ക് ഉള്ളൊരു മുന്നറിയിപ്പ് ആണ് ഈയൊരു വിജയം. കാരണം, ഇനി ജർമനിക്ക് സ്പെയിനുമായി മത്സരമുണ്ട്. എന്തായാലും ഈയൊരു വിജയത്തോടെ ടേബിളിൽ ഒന്നാംസ്ഥാനം ആധിപത്യത്തോടെ സ്വന്തമാക്കാൻ സ്പാനിഷ് ടീമിന് കഴിഞ്ഞു. കോസ്റ്റാറിക്ക അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.