ഇന്ത്യക്കെതിരായ വരാനിരിക്കുന്ന മൂന്നാം ഏകദിനത്തിന്റെ വേദിയിൽ മാറ്റം
ഇന്ത്യക്കെതിരായ വരാനിരിക്കുന്ന മൂന്നാം ഏകദിനം ധാക്കയിൽ നിന്ന് ചിറ്റഗോംഗിലേക്ക് മാറ്റി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി). അതേ ദിവസം ബംഗ്ലാദേശ് നാഷണൽ പാർട്ടി (ബിഎൻപി) ആതിഥേയത്വം വഹിക്കുന്ന റാലിക്ക് കാരണമായേക്കാവുന്ന തടസങ്ങൾ ഒഴിവാക്കാനാണ് ബോർഡ് വേദി മാറ്റിയിരിക്കുന്നത്.
ഈ ദിവസം ആയിരക്കണക്കിന് ആളുകൾ ധാക്കയിലെ തെരുവുകളിൽ എത്തുമെന്നാണ് വിലയിരുത്തൽ. അതിനാൽ നേരിടുന്ന കുഴപ്പങ്ങൾ ഒഴിവാക്കാൻ ബിസിബി മാനേജ്മെന്റ് വേദി മാറ്റൽ പ്രഖ്യാപിക്കുകയായിരുന്നു. ഏഴ് വർഷത്തിന് ശേഷം ആദ്യമായാണ് ടീം ഇന്ത്യ ബംഗ്ലാദേശിൽ പരമ്പരക്കായി എത്തുന്നത്. മൂന്ന് മത്സരങ്ങളുടെ ഏകദിനവും രണ്ട് മത്സര ടെസ്റ്റ് പരമ്പരയുമാണ് പര്യടനത്തിന്റെ ഭാഗമായി കളിക്കുക. പരമ്പരയിലെ ആദ്യ രണ്ട് ഏകദിനങ്ങൾക്ക് ധാക്ക ആതിഥേയത്വം വഹിക്കുമ്പോൾ പരമ്പരയിലെ മൂന്നാം മത്സരം ഇപ്പോൾ ആദ്യ ടെസ്റ്റ് നടക്കുന്ന ചിറ്റഗോങ്ങിൽ നടക്കും.
ക്യാപ്റ്റൻ രോഹിത് ശർമ്മ, കെഎൽ രാഹുൽ, വിരാട് കോലി എന്നിവരെല്ലാം ബംഗ്ലാദേശിനെതിരായ പരമ്പരയിൽ ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തും. ഓസ്‌ട്രേലിയയിൽ നടന്ന ടി20 ലോകകപ്പ് നേടുന്നതിൽ പരാജയപ്പെട്ടതിന് ശേഷം, ടീം മികച്ച പ്രകടനം കാഴ്ചവെക്കാനാണ് ലക്ഷ്യമിടുന്നത്. ഏറ്റവും പ്രധാനമായി, അടുത്ത വർഷത്തെ ഏകദിന ലോകകപ്പിനായി ഒരു മികച്ച ടീമിനെ കെട്ടിപ്പടുക്കുക എന്നതാണ് പ്രധാന ലക്ഷ്യങ്ങളിൽ ഒന്ന്.