മികച്ചൊരു തുടക്കത്തിനായി സ്പെയിൻ; വെല്ലുവിളിയായി മുന്നിൽ കോസ്റ്റാറിക്ക.!
2010ലെ സൗത്ത് ആഫ്രിക്കൻ ലോകകപ്പിൽ കിരീടം നേടിയതിന് ശേഷം കാര്യമായ മുന്നേറ്റം ലോകകപ്പിൽ നടത്തുവാൻ കഴിയാത്തവർ ആണ് സ്പെയിൻ. എന്നാൽ ഇത്തവണ ലൂയിസ് എൻറിക്കെയുടെ കീഴിൽ വലിയ പ്രതീക്ഷകളോടെയാണ് അവർ ഖത്തറിലേക്ക് എത്തിയിരിക്കുന്നത്. ഇന്ന് ഗ്രൂപ്പ് ഇയിൽ ആദ്യ മത്സരത്തിനായി അവർ ഇറങ്ങുകയാണ്. ഇന്ത്യൻ സമയം രാത്രി 9.30 ന് അൽ തുമാമ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന മത്സരത്തിൽ കോസ്റ്റാറിക്കയാണ് സ്പാനിഷ് ടീമിൻ്റെ എതിരാളികൾ. താരനിബിഡമായൊരു ടീമുമായാണ് എൻറിക്കെ ലോകകപ്പിന് എത്തിയിരിക്കുന്നത്. ഗോൾവലയം മുതൽ മുന്നേറ്റനിരവരെ യൂറോപ്യൻ ലീഗുകളിൽ പയറ്റിതെളിഞ്ഞ താരങ്ങൾ ആണുള്ളത്. അൽവാരോ മൊറാറ്റ അല്ലാതെ മറ്റൊരു മികച്ച നമ്പർ 9 സ്ട്രൈക്കർ ടീമിൽ ഇല്ല എന്നുള്ളത് മാത്രമാണ് സ്പെയിന് നിലവിലുള്ള പോരായ്മ.

കുറിയ പാസുകളിലൂടെയും പന്തടക്കത്തിലൂടെയും മൈതാനം നിറഞ്ഞു കളിക്കുന്ന ശൈലിയാണ് സ്പെയിനിൻ്റേത്. അതുകൊണ്ടുതന്നെ കാലിൽ പന്ത് കിട്ടുമ്പോഴെല്ലാം കൗണ്ടർ അറ്റാക്ക് നടത്താൻ ആകും കോസ്റ്റാറിക്ക പ്ലാൻ ചെയ്യുന്നത്. 2014ൽ ഇറ്റലി, ഇംഗ്ലണ്ട്, ഉറുഗ്വായ് എന്നിവർ ഉൾപ്പെടുന്ന മരണഗ്രൂപ്പിൽ നിന്നും ക്വാർട്ടർ ഫൈനൽ വരെ എത്തിയ ടീമാണ് കോസ്റ്റാറിക്ക. അതുകൊണ്ടുതന്നെ അവരെ വിലകുറച്ചു കാണുവാൻ സ്പെയിന് സാധിക്കുകയില്ല. ഏകദേശം ഇത്തവണയും അതുപോലൊരു മരണഗ്രൂപ്പിൽ തന്നെയാണ് അവരുള്ളത്. അന്നത്തെ മികവ് ഇത്തവണത്തെ ലോകകപ്പിലും അവർ പുറത്തെടുത്താൽ സ്പെയിനും, ജർമനിയും, ജപ്പാനുമെല്ലാം അല്പം വിയർക്കുമെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. എന്തായാലും കോസ്റ്റാറിക്കയെ തകർത്ത് ലോകകപ്പിൽ വരവ് അറിയിക്കുവാൻ സ്പാനിഷ് പടയ്ക്ക് കഴിയുമോയെന്ന് നമുക്ക് കാത്തിരുന്നു കാണാം.