ജിറൗഡിന് ഡബിൾ; ഓസ്ട്രേലിയയെ തകർത്ത് ഫ്രാൻസ്.!
ലോകകപ്പിലെ ഡി ഗ്രൂപ്പിൽ നടന്ന മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിന് തകർപ്പൻ വിജയം. അൽ ജനൗബ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ഫ്രാൻസ് വിജയക്കൊടി പാറിച്ചത്. ഒരു ഗോളിന് പിന്നിൽ പോയതിനു ശേഷമായിരുന്നു ഫ്രഞ്ച് പട നാല് ഗോളുകൾ തിരിച്ചടിച്ചത്. 9ആം മിനിറ്റിലാണ് മത്സരത്തിലെ ആദ്യ ഗോൾ പിറക്കുന്നത്. മാത്യു ലെക്കീയുടെ ക്രോസിൽ നിന്നും ക്രെയിഗ് ഗുഡ്വിനാണ് ഒരു മികച്ച ഫിനിഷിലൂടെ ഓസ്ട്രേലിയയ്ക്ക് ലീഡ് നേടിക്കൊടുത്തത്. ഈയൊരു ലീഡ് വഴങ്ങിയ ശേഷം കൂടുതൽ ആക്രമിച്ചു കളിച്ച ഫ്രാൻസ് 27ആം മിനിറ്റിൽ റാബിയോട്ടിലൂടെ ഒപ്പമെത്തി. തെയോ ഹെർണാണ്ടെസ് ബോക്സിലേക്ക് നീട്ടി നൽകിയ പന്ത് ഒരു ഹെഡ്ഡറിലൂടെയാണ് താരം വലയിലാക്കിയത്. തുടർന്ന് 5 മിനിട്ടിൻ്റെ ഇടവേളയിൽ ഫ്രാൻസ് രണ്ടാം ഗോളും സ്വന്തമാക്കി. ഇത്തവണ ജിറൗഡ് ആയിരുന്നു സ്കോർ ചെയ്തത്. ആദ്യ ഗോളിൻ്റെ ഉടമയായ റാബിയോട്ട് തന്നെയാണ് ഈയൊരു ഗോളിന് വഴിയൊരുക്കിയത്. അതോടെ 2-1 നിലയിൽ ആദ്യപകുതി അവസാനിച്ചു. ശേഷം രണ്ടാം പകുതിയിൽ ആക്രമണം തുടർന്ന ഫ്രാൻസ് 68ആം മിനിറ്റിൽ എംബാപ്പെയിലൂടെ 3ആം ഗോൾ നേടിക്കൊണ്ട് തങ്ങളുടെ ലീഡ് രണ്ടായി ഉയർത്തി. ഡെമ്പെലെ നൽകിയ ക്രോസിൽ നിന്നും ഒരു ഹെഡ്ഡറിലൂടെയാണ് താരം ഗോൾ നേടിയത്.

പിന്നാലെ 3 മിനിട്ടുകൾക്ക് ശേഷം ജിറൗഡിൻ്റെ ഇരട്ടഗോൾ നേട്ടം പൂർത്തിയായി. 3ആം ഗോളുമായി സാമ്യമുള്ളതായിരുന്നു ഈയൊരു ഗോളും. എംബാപ്പെ നൽകിയ ക്രോസിൽ നിന്നും ഒരു ഹെഡ്ഡറിലൂടെയാണ് ജിറൗഡ് വലകുലുക്കിയത്. അതോടെ ഫ്രാൻസിൻ്റെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരിൽ മുൻ ഇതിഹാസ താരം തിയറി ഹെൻറിയുടെ ഒപ്പമെത്തുവാൻ (51) ജിറൗഡിന് സാധിച്ചു. അതോടെ ഫ്രാൻസിൻ്റെ പട്ടിക പൂർത്തിയായി. അങ്ങനെ 4-1 എന്ന സ്കോറിന് നിലവിലെ ജേതാക്കൾ വിജയിക്കുകയായിരുന്നു. മത്സരത്തിൽ നിരവധി ഗോൾ നേടുവാൻ ഉള്ള സുവർണാവസരങ്ങൾ ഫ്രാൻസിന് ലഭിച്ചതാണ്. അവയെല്ലാം അവർ പാഴാക്കി. അല്ലായിരുന്നെങ്കിൽ സ്കോർഷീറ്റിൽ ഗോൾ എണ്ണം കൂടിയേനെ. മറുവശത്ത് ഓസ്ട്രേലിയയ്ക്കും ലഭിച്ചിരുന്നു ഒന്നിൽ കൂടുതൽ അവസരങ്ങൾ. എന്തായാലും ഈയൊരു വിജയത്തോടെ ഗ്രൂപ്പ് ഡിയിൽ 3 പോയിൻ്റുമായി ഒന്നാം സ്ഥാനത്ത് എത്തുവാൻ ഫ്രാൻസിന് കഴിഞ്ഞു. ഓസ്ട്രേലിയ അവസാന സ്ഥാനത്താണ്.