ഡെന്മാർക്കിനെ സമനിലയിൽ തളച്ച് ടുണീഷ്യ.!
ലോകകപ്പിൽ ഗ്രൂപ്പ് ഡിയിൽ നടന്ന മത്സരത്തിൽ കരുത്തരായ ഡെന്മാർക്കിനെ സമനിലയിൽ തളച്ച് ടുണീഷ്യ. എജ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരുടീമുകളും ഗോളുകൾ ഒന്നും നേടാതെ പിരിയുകയായിരുന്നു. അപ്രതീക്ഷിത മുഹൂർത്തങ്ങളാണ് ഖത്തറിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഇന്ന് വൈകുന്നേരം നടന്ന മത്സരത്തിൽ വമ്പന്മാരായ അർജൻ്റീനയെ സൗദി അറേബ്യ അട്ടിമറിച്ചിരുന്നു. ഇപ്പോഴിതാ അതിന് പിന്നാലെ തന്നെ ടുണീഷ്യയും കരുത്ത് കാട്ടിയിരിക്കുകയാണ്. ഇന്നലെ നടന്ന മത്സരത്തിൽ നെതർലൻഡ്സിനെ വിറപ്പിച്ചതിന് ശേഷമാണ് സെനഗൽ തോൽവി സമ്മതിച്ചത്. ഗോൾ നേടുവാനായി ഡെന്മാർക്ക് കിണഞ്ഞു പരിശ്രമിച്ചെങ്കിലും ടുണീഷ്യ അതിനെല്ലാം കടിഞ്ഞാൺ ഇടുകയായിരുന്നു.

അതേ സമയം ഗോൾ നേടുവാൻ പോന്ന അവസരങ്ങൾ ടുണീഷ്യയും മത്സരത്തിൽ തുറന്നെടുത്തിരുന്നെങ്കിലും അവയൊന്നും ലക്ഷ്യത്തിൽ എത്തിക്കാൻ അവർക്ക് സാധിച്ചില്ല. എന്തായാലും നിർണായകമായ ഒരു പോയിൻ്റ് സ്വന്തമാക്കാൻ അവർക്ക് സാധിച്ചു എന്നതിൽ അഭിമാനിക്കാം.