അർജന്റീനയുടെ ചിറകരിഞ്ഞ് അറേബ്യൻപട! ആദ്യ മത്സരത്തിൽ തോൽവിയോടെ മെസിയും സംഘവും
ഫിഫ ലോകകപ്പില്‍ ഗ്രൂപ്പ് സിയില്‍ അര്‍ജന്‍റീനയെ അട്ടിമറിച്ച് സൗദി അറേബ്യ. കിരീട പ്രതീക്ഷകളുമായെത്തിയ അർജന്റീനയെയും ലയണൽ മെസിയേയും കിടിലൻ പോരാട്ടത്തിനൊടുവിലാണ് അറേബ്യൻപട തകർത്തെറിഞ്ഞത്. ആദ്യ പകുതിയിലെ അർജന്റീനയുടെ ലീഡിന് രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഇരട്ട തിരിച്ചടി നല്‍കി സൗദി അറേബ്യ മത്സരം കൈയ്യടക്കുകയായിരുന്നു.
പത്താം മിനുറ്റില്‍ ലിയോണല്‍ മെസിയുടെ ഗോളില്‍ മുന്നിലെത്തിയ അര്‍ജന്‍റീനയെ 48-ാം മിനുറ്റില്‍ സലേ അല്‍ഷെഹ്‌രിയിലൂടെ സൗദി 1-1ന് സമനില പിടിച്ചപ്പോള്‍ തൊട്ടുപിന്നാലെ 53-ാം മിനുറ്റില്‍ സലീം അല്‍ദസ്വാരി 2-1 ന്റെ ലീഡ് സമ്മാനിച്ചു. ആദ്യ പകുതിയിൽ തന്ത്രപരമായ നീക്കങ്ങളിലൂടെ അർജന്റീനയുടെ മൂന്നു ഗോളുകൾ ഓഫ്സൈഡ് കെണിയിൽ വീണതും തിരിച്ചടിയായി.
മൂന്നു ഗോളുകൾ ഉൾപ്പെടെ ആദ്യ പകുതിയിൽ മാത്രം അർജന്റീനയ്ക്ക് ഏഴു തവണയാണ് സൗദി പ്രതിരോധം ഓഫ്സൈഡ് പൂട്ടിട്ടത്. രണ്ടാം പകുതിയുടെ തുടക്കം മുതൽ കനത്ത ആക്രമണം അഴിച്ചുവിട്ടാണ് സൗദി അറേബ്യ അപ്രതീക്ഷിത ലീഡ് സ്വന്തമാക്കിയത്. ഈ ലോകകപ്പിലെ ആദ്യ അട്ടിമറി വിജയം കൂടിയാണ് അർജന്റീനയ്ക്കെതിരെ സൗദി നേടിയെടുത്തതും.