സൗദി അറേബ്യക്കെതിരെ ആദ്യ പകുതിയിൽ അർജന്റീന മുന്നിൽ
ഫിഫ ലോകകപ്പില്‍ ഗ്രൂപ്പ് സിയില്‍ സൗദി അറേബ്യക്കെതിരെ ആദ്യ പകുതി അവസാനിച്ചപ്പോൾ ഒരു ഗോളിന് അർജന്റീന മുന്നിൽ. പത്താം മിനിറ്റിൽ സൂപ്പർതാരം ലയണൽ മെസിയുടെ പെനാൽറ്റി ഗോളിലാണ് അർജന്റീന ലീഡ് എടുത്തത്. പിന്നാലെ മൂന്ന് തവണ കൂടി അര്‍ജന്‍റീനന്‍ താരങ്ങള്‍ വല ചലിപ്പിച്ചെങ്കിലും റഫറി ഓഫ്‌സൈഡ് പിടികൂടിയത് തിരിച്ചടിയായി.
മത്സരം തുടങ്ങി ആദ്യ സെക്കന്‍ഡ് തൊട്ട് അര്‍ജന്റീന ആക്രമിച്ചുകളിച്ചു. രണ്ടാം മിനിറ്റില്‍ തന്നെ സൗദി പോസ്റ്റിലേക്ക് ആദ്യ ഷോട്ടുതിര്‍ക്കുകയും ചെയ്തു. ലയണല്‍ മെസിയാണ് ആദ്യ ഷോട്ട് സൗദി പോസ്റ്റിലേക്കടിച്ചത്. പിന്നാലെ മെസിയിലൂടെ അര്‍ജന്റീന ആദ്യ ഗോള്‍ നേടുകയും ചെയ്തു. പെനാല്‍ട്ടിയിലൂടെയാണ് ഗോള്‍ പിറന്നത്. എട്ടാം മിനിറ്റില്‍ അര്‍ജന്റീനയുടെ പരെഡെസിനെ അല്‍ ബുലയാഹി ബോക്‌സിനകത്തുവെച്ച് ഫൗള്‍ ചെയ്തതിനാണ് റഫറി അര്‍ജന്റീനയ്ക്കനുകൂലമായി പെനാല്‍ട്ടി വിധിച്ചത്.
മറുവശത്ത്, അർജന്റീനയുടെ പേരും പെരുമയും വകവയ്ക്കാതെ പൊരുതിയ സൗദി അറേബ്യയും തീരെ മോശമാക്കിയില്ല. ഒന്നു രണ്ടു തവണ ഗോളിന് അടുത്തെത്തിയ അവർക്ക് ഫിനിഷിങ്ങിലെ പോരായ്മകൾ വിനയാവുകയായിരുന്നു.