Foot Ball qatar worldcup Top News

ഖത്തറിൽ തീപാറിക്കാൻ മെസ്സിയും സംഘവും ഇറങ്ങുന്നു; എതിരാളികൾ സൗദി അറേബ്യ.!

November 22, 2022

author:

ഖത്തറിൽ തീപാറിക്കാൻ മെസ്സിയും സംഘവും ഇറങ്ങുന്നു; എതിരാളികൾ സൗദി അറേബ്യ.!

ഖത്തർ ലോകകപ്പിലെ തങ്ങളുടെ ആദ്യ പോരാട്ടത്തിനായി അർജൻ്റീന ഇന്ന് കളത്തിലിറങ്ങുകയാണ്. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.30 ന് കിക്കോഫ് ആകുന്ന മത്സരത്തിൽ സൗദി അറേബ്യയാണ് മെസ്സിയുടെയും സംഘത്തിൻ്റെയും എതിരാളികൾ. ഖത്തർ ലോകകപ്പിൻ്റെ ഫൈനൽ മത്സരത്തിന് ഉൾപ്പെടെ വേദിയാകുന്ന ദോഹയിലെ ലൂസയിൽ സ്റ്റേഡിയത്തിൽ വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക. ആദ്യ മത്സരത്തിൽ തന്നെ മികച്ചൊരു വിജയം നേടിക്കൊണ്ട് വരും മത്സരങ്ങളെ സമീപിക്കുവാൻ ആകും നീലപ്പടയുടെ ശ്രമം. ഒപ്പം കിരീടപോരാട്ടത്തിൽ തങ്ങൾ മുൻനിരയിൽ തന്നെയുണ്ടെന്ന് മറ്റുള്ള ടീമുകൾക്ക് മുന്നറിയിപ്പ് നൽകുക കൂടിയാണ് അർജൻ്റീനയുടെ ലക്ഷ്യം.

ഇത് തൻ്റെ അവസാന ലോകകപ്പ് ആയിരിക്കുമെന്ന് ലയണൽ മെസ്സി മുമ്പൊരു വട്ടം പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ കയ്യും മെയ്യും മറന്ന് കിരീടം ആൽബിസെലസ്റ്റിയൻസിൻ്റെ മണ്ണിലേക്ക് എത്തിക്കുവാൻ ആകും ഓരോ അർജൻ്റൈൻ താരങ്ങളും ആഗ്രഹിക്കുന്നത്. സൗദിയെ സമ്പന്ധിച്ചിടത്തോളം അർജൻ്റീന എന്നതൊരു ബാലികേറാ മലയാണ്. കഴിഞ്ഞ മൂന്നര വർഷമായി ഒരു തോൽവി പോലും വഴങ്ങാതെ 36 മത്സരങ്ങളിൽ അപരാജിതരായിക്കൊണ്ട് മുന്നേറി വരുന്ന അർജൻ്റീനയെ, സൗദി എങ്ങനെ തടഞ്ഞു നിർത്തുമെന്ന് കണ്ടുതന്നെ അറിയണം. ഇനി കേവലം 2 മത്സരങ്ങളിൽ കൂടി ഈയൊരു അപരാജിത കുതിപ്പ് തുടർന്നാൽ അവർക്ക് ഇറ്റലിയുടെ റെക്കോർഡ് മറിക്കാൻ കഴിയും. അതുകൊണ്ടുതന്നെ ലോകഫുട്ബോളിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ അപരാജിതരായി മുന്നോട്ട് പോയ ടീം എന്ന റെക്കോഡ് ഇനി അർജൻ്റീനയ്ക്ക് വിദൂരമല്ല. താരതമ്യേന ദുർബലരായ എതിരാളികൾ ആണെങ്കിൽ പോലും ശക്തമായ ടീമിനെ തന്നെയാകും സ്കലോണി ഇന്നത്തെ മത്സരത്തിനായി കളത്തിലിറക്കുക.

എന്തായാലും നമുക്ക് അർജൻ്റീനയുടെ സാധ്യത ഇലവൻ ഒന്നു പരിശോധിക്കാം;

D Martinez (GK), N Tagliafico, N Otamendi, C Romero, N Molina, R De Paul, L Paredes, P Gomez, Di Maria, L Martinez, L Messi (C).

ഇതായിരിക്കും ഇന്നത്തെ മത്സരത്തിൽ സ്കലോണി ഇറക്കാൻ ഒരുങ്ങുന്ന ഇലവൻ.

പൂർണമായും ഫിറ്റ്നസ് വീണ്ടെടുക്കാൻ കഴിയാത്തതിനാൽ അക്കുഞ്ഞ ഇന്നത്തെ മത്സരത്തിൽ ആദ്യ ഇലവനിൽ ഉണ്ടാകാൻ ഇടയില്ല. ഒരുപക്ഷേ ഗോമസിന് പകരം മക്കലിസ്റ്റർ ഇറങ്ങുവാനും സാധ്യതകളുണ്ട്. എന്തായാലും ഒരു മികച്ച മത്സരം തന്നെ നമുക്ക് പ്രതീക്ഷിക്കാം. അർജൻ്റീനയുടെ മിന്നൽ ആക്രമണങ്ങളെ സൗദി എങ്ങനെ തടുത്ത് നിർത്തുന്നു എന്നതിനെ ആശ്രയിച്ച് ആയിരിക്കും ഇന്നത്തെ മത്സരത്തിൻ്റെ ഫലം നിർണയിക്കപ്പെടുക. എന്തായാലും 2014ൽ കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടപ്പെട്ട ആ കനകകിരീടത്തിൽ ഫുട്ബോളിൻ്റെ മിശിഹായ്ക്ക് ഇത്തവണ മുത്തമിടാൻ കഴിയട്ടെ എന്ന് നമുക്ക് ആശംസിക്കാം.

Leave a comment