ക്ലെയ്റ്റൺ അടിച്ചു; ബംഗളുരുവിനെ വീഴ്ത്തി ഈസ്റ്റ് ബംഗാൾ.!
ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് വൈകിട്ട് നടന്ന അതിവാശിയേറിയ പോരാട്ടത്തിൽ ബംഗളുരു എഫ്സിയെ അവരുടെ മൈതാനത്ത് കീഴടക്കി ഈസ്റ്റ് ബംഗാൾ. ഏകപക്ഷീയമായ ഒരു ഗോളിനാണ് സന്ദർശകരായ ഈസ്റ്റ് ബംഗാൾ ജയിച്ചുകയറിയത്. മുൻ ബംഗളുരു താരമായിരുന്ന ക്ലെയ്റ്റൺ സിൽവയാണ് മത്സരത്തിൽ ഈസ്റ്റ് ബംഗാളിനായി ഗോൾവല ചലിപ്പിച്ചത്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് മത്സരത്തിലെ ഏകഗോൾ പിറക്കുന്നത്. 69ആം മിനിറ്റിൽ ബംഗളുരു പ്രതിരോധത്തിൽ നിന്നും തട്ടിയെടുത്ത ബോൾ ബോക്സിലേക്ക് കയറിയതിനു ശേഷം മഹേഷ് സിംഗ് നവോറം, ക്ലെയ്റ്റൺ സിൽവയ്ക്ക് മറിച്ചുനൽകി. പന്ത് പോസ്റ്റിലേക്ക് തട്ടിയിടേണ്ട ജോലി മാത്രമേ ക്ലെയ്റ്റണ് ഉണ്ടായിരുന്നുള്ളൂ. ഇതോടെ തൻ്റെ പഴയ ടീമിനെതിരെ പഴയ ഹോംഗ്രൗണ്ടിൽ ഗോൾ നേടുവാൻ താരത്തിന് സാധിച്ചു. കൂടുതൽ ഗോൾ നേടുവാനുള്ള അവസരങ്ങൾ ഈസ്റ്റ് ബംഗാളിന് ലഭിച്ചതാണ്. എന്നാൽ അതൊന്നും ലക്ഷ്യത്തിലേക്ക് എത്തിയില്ല.

അതേസമയം ബംഗളുരുവും മത്സരത്തിൽ ലഭിച്ച സുവർണാവസരങ്ങൾ പാഴാക്കി. റോയ് കൃഷ്ണയ്ക്ക് കുറഞ്ഞത് 2 ഗോളുകളെങ്കിലും നേടുവാൻ കഴിയുമായിരുന്നു. എന്നാൽ ആ അവസരങ്ങൾ ഒന്നും തന്നെ മുതലെടുക്കാൻ താരത്തിനായില്ല. പ്രതിരോധഭടൻ ഇവാൻ ഗോൺസാലസിൻ്റെ മികച്ച പ്രകടനവും സന്ദർശകരെ അകമഴിഞ്ഞ് സഹായിച്ചു. അങ്ങനെ ഏകപക്ഷീയമായ ഒരു ഗോളിന് സുനിൽ ഛേത്രിയും സംഘവും ഈസ്റ്റ് ബംഗാളിനോട് പരാജയം സമ്മതിക്കുകയായിരുന്നു. ഈയൊരു വിജയത്തോടെ 6 മത്സരങ്ങളിൽ നിന്നും 6 പോയിൻ്റുമായി ഈസ്റ്റ് ബംഗാൾ 8ആം സ്ഥാനത്തേക്ക് കയറി. 5 മത്സരങ്ങളിൽ നിന്നും 4 പോയിൻ്റ് മാത്രം കൈവശമുള്ള ബംഗളുരു 9ആം സ്ഥാനത്താണ്. കേവലം 2 ഗോളുകൾ മാത്രമാണ് 5 മത്സരങ്ങളിൽ നിന്നും ഛേത്രിയും, റോയ് കൃഷ്ണയും, ഉദാന്തയും എല്ലാമുള്ള ബംഗളുരുവിന് ഇതുവരെ നേടാനായത്.