നഥാൻ ജോൺസ് സതാംപ്ടണിൻ്റെ പുതിയ മാനേജർ ആയി ചുമതലയേറ്റു.!
പ്രീമിയർ ലീഗ് ക്ലബായ സതാംപ്ടണിൻ്റെ പുതിയ മാനേജർ ആയി നഥാൻ ജോൺസ് ചുമതലയേറ്റു. നാളെ ലിവർപൂളിനെതിരെയുള്ള മത്സരത്തോടെയാകും ജോൺസിൻ്റെ സതാംപ്ടണിലെ പുതിയ അധ്യായത്തിൻ്റെ തുടക്കം. 2018 മുതൽ ടീമിൻ്റെ പരിശീലകനായിരുന്ന ഓസ്ട്രിയക്കാരൻ റാൾഫ് ഹസൻഹുട്ടിനെ ക്ലബ്ബ് കഴിഞ്ഞ വാരം പുറത്താക്കിയിരുന്നു. ശേഷം കഴിഞ്ഞ കരബാവോ കപ്പിലെ മത്സരത്തിൽ റൂബൻ സെല്ലസ് ആയിരുന്നു ടീമിൻ്റെ താത്കാലിക പരിശീലകൻ ആയത്. എന്തായാലും ഇനി അങ്ങോട്ട് ജോൺസിൻ്റെ ഊഴമായിരിക്കും. നിലവിൽ 14 മത്സരങ്ങളിൽ 12 പോയിൻ്റുമായി 18ആം സ്ഥാനത്താണ് സതാംപ്ടൺ. അതുകൊണ്ടുതന്നെ അവർ തരംതാഴ്തൽ മേഖലയിലാണ്. ഈയൊരു വെല്ലുവിളിയിൽ നിന്നും ടീമിനെ കരകയറ്റുക എന്നതാവും ജോൺസിൻ്റെ ചുമതല. ഇംഗ്ലീഷ് സെക്കൻ്റ് ഡിവിഷൻ ക്ലബായ ലുട്ടൺ ടൗണിൽ നിന്നുമാണ് ജോൺസ് സതാംപ്ടണിലേക്ക് എത്തിയിട്ടുള്ളത്. 2026 വരെയുള്ള 4 വർഷ കരാർ ആണ് ജോൺസുമായി സതാംപ്ടൺ ഒപ്പുവച്ചിട്ടുള്ളത്. എന്തായാലും ക്ലബിനും പുതിയ മാനേജർക്കും മികച്ചൊരു ഭാവി തന്നെ നമുക്ക് ആശംസിക്കാം






































