European Football Foot Ball Top News

പിക്വെയുടെ വിടവാങ്ങൽ മത്സരത്തിൽ അൽമേരിയയെ കീഴടക്കി ബാർസ.!

November 6, 2022

author:

പിക്വെയുടെ വിടവാങ്ങൽ മത്സരത്തിൽ അൽമേരിയയെ കീഴടക്കി ബാർസ.!

ലാലിഗയിൽ അൽമേരിയയ്ക്കെതിരെ നടന്ന മത്സരത്തിൽ വമ്പന്മാരായ ബാർസലോണയ്ക്ക് വിജയം. എതിരില്ലാത്ത 2 ഗോളുകൾക്കാണ് ക്യാമ്പ് നൗവിൽ സാവിയും സംഘവും ജയിച്ചുകയറിയത്. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് 2 ഗോളുകളും പിറന്നത്. മത്സരത്തിൻ്റെ 7ആം മിനിറ്റിൽ ബാർസയ്ക്ക് അനുകൂലമായി ഒരു പെനൽറ്റി ലഭിച്ചിരുന്നെങ്കിലും സൂപ്പർ താരം ലെവണ്ടോസ്കി അത് പാഴാക്കി. ഗോൾകീപ്പറെ കബളിപ്പിക്കാൻ ലെവക്ക് കഴിഞ്ഞെങ്കിലും താരത്തിൻ്റെ കിക്ക് പോസ്റ്റിൽ തട്ടി പുറത്തേക്ക് ആണ് പോയത്. ഇതല്ലാതെയും ഗോൾ നേടുവാൻ ആദ്യപകുതിയിൽ മികച്ച നല്ല അവസരങ്ങൾ ടീമിന് ലഭിച്ചിരുന്നു. പക്ഷേ അവയൊന്നും ലക്ഷ്യത്തിലേക്ക് എത്തിക്കാൻ അവർക്ക് കഴിഞ്ഞില്ല. രണ്ടാം പകുതിയിൽ കളി ആരംഭിച്ച് 3 മിനിറ്റ് തികഞ്ഞപ്പൊഴേക്കും ഡെമ്പലെ ബാർസയ്ക്കായി വലകുലുക്കി.സെർജിയോ ബുസ്ക്വെറ്റ്സിൻ്റെ പാസ്സ് സ്വീകരിച്ച താരം അൽമേരിയ ഡിഫൻസിനെ ഡ്രിബിൾ ചെയ്ത് മുന്നേറി പന്ത് സെക്കൻ്റ് പോസ്റ്റിലേക്ക് പ്ലെയ്സ് ചെയ്തു. ഗോളിക്ക് കാഴ്ചക്കാരൻ ആയി നിൽക്കുവാനെ കഴിഞ്ഞുള്ളൂ. തുടർന്ന് 62 ആം മിനിറ്റിൽ ഡിജോങ്ങിലൂടെ ബാർസയുടെ രണ്ടാം ഗോൾ പിറന്നു. ആൽബയുടെ ക്രോസ് സ്വീകരിച്ച് ഫാറ്റി പോസ്റ്റിലേക്ക് ഷൂട്ട് ചെയ്തെങ്കിലും അൽമേരിയ കീപ്പർ പന്ത് തട്ടിയകറ്റി. എന്നാൽ പന്ത് ഡിജോങ്ങിൻ്റെ കാലുകളിലേക്ക് ആണ് എത്തിയത്. താരത്തിൻ്റെ കിടിലൻ ഷോട്ട് ഗോളിയെ മറികടന്ന് വലയിൽ. അതോടെ മത്സരം 2-0 എന്ന നിലയിലായി.

പിന്നീട് 85ആം മിനിറ്റിൽ വിടവാങ്ങൽ മത്സരത്തിനായി ഇറങ്ങിയ പിക്വെയെ പിൻവലിച്ചുകൊണ്ട് കുറച്ചുനാളുകളായി പരിക്ക് മൂലം നിരവധി മത്സരങ്ങൾ നഷ്ടപ്പെട്ട ഡാനിഷ് താരം ആന്ദ്രേ ക്രിസ്റ്റ്യൻസൺ കളിക്കാനിറങ്ങി. പിക്വെയെ കരഘോഷത്തോടെയാണ് ക്യാമ്പ്നൗ ഡഗ്ഔട്ടിലേക്ക് ആനയിച്ചത്. ഒടുവിൽ മത്സരം 2-0 എന്ന നിലയിൽ തന്നെ അവസാനിച്ചു. മത്സരശേഷം പിക്വെ കാണികളെ നോക്കി അവസാന ആശിർവാദം വാങ്ങി. വലിയ ആരവങ്ങളോടെയാണ് അവർ തങ്ങളുടെ എക്കാലത്തെയും മികച്ചൊരു താരത്തെ യാത്രയയച്ചത്. തുടർന്ന് വിവവാങ്ങൽ പ്രസംഗം നടത്തിയ താരം വിങ്ങിപ്പൊട്ടിയത് ഏതൊരു ബാർസ ആരാധകനെയും ഈറൻ അണിയിച്ചിട്ടുണ്ടാകാം. ഇനി ബാർസയുടെ ജേഴ്സിയിൽ പിക്വേ ഉണ്ടാകില്ല. എന്തായാലും ബാർസയിൽ തന്നെ കളി അവസാനിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞല്ലോ. അതുതന്നെ വലിയ കാര്യം. 2008 ലാണ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും ബാർസയിലേക്ക് പിക്വെ എത്തുന്നത്.

ഇതുവരെ 397 മത്സരങ്ങളിൽ ബാർസയ്ക്ക് വേണ്ടി ബൂട്ട് കെട്ടിയ താരം ഒരുപാട് മറക്കാനാവാത്ത ഓർമകൾ സമ്മാനിച്ചുകൊണ്ടാണ് പടിയിറങ്ങുന്നത്. ഒരു സെൻ്റർബാക്ക് താരം ആയിരുന്നിട്ടും 29 ഗോളുകൾ നേടുവാനും പിക്വെയ്ക്ക് കഴിഞ്ഞു. എന്തായാലും ഇനി അയാൾ ഇല്ല. സാവി, ഇനിയെസ്റ്റ, ക്രൈഫ്, പുയോൾ ഇവരെയൊക്കെ പോലെ പിക്വെയും ബാർസയുടെ എക്കാലത്തെയും മികച്ചൊരു താരമായി തന്നെ ഓർക്കപ്പെടും.

അൽമേരിയക്കെതിരെയുള്ള ഈയൊരു വിജയത്തോടെ റയലിനെ മറികടന്ന് ബാർസ ഒന്നാം സ്ഥാനത്തേക്ക് കയറി. 13 മത്സരങ്ങളിൽ നിന്നും 34 പോയിൻ്റാണ് ടീമിൻ്റെ സമ്പാദ്യം. അത്രയും മത്സരങ്ങളിൽ നിന്നും 13 പോയിൻ്റ് മാത്രമുള്ള അൽമേരിയ 15ആം സ്ഥാനത്താണ്.

Leave a comment