European Football Foot Ball Top News

എമ്പാപ്പെയുടെ കരുത്തിൽ യുവെൻ്റസിനെ കീഴടക്കി പി.എസ്.ജി.!

November 3, 2022

author:

എമ്പാപ്പെയുടെ കരുത്തിൽ യുവെൻ്റസിനെ കീഴടക്കി പി.എസ്.ജി.!

ചാമ്പ്യൻസ് ലീഗിലെ ഗ്രൂപ്പ് എച്ചിലെ പോരാട്ടത്തിൽ യുവെൻ്റസിനെതിരെ ഫ്രഞ്ച് വമ്പന്മാരായ പി.എസ്.ജിയ്ക്ക് വിജയം. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് പാരീസിയൻസ് വിജയിച്ചത്. യുവെയുടെ തട്ടകമായ അലിയൻസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പി.എസ്.ജി നേടിയ 2 ഗോളുകളിലും സൂപ്പർ താരം കിലിയാൻ എംബാപ്പേയ്ക്ക് പങ്കാളിത്തമുണ്ടായിരുന്നു. താരം ഒരു ഗോൾ നേടിയപ്പോൾ ഒന്നിന് വഴിയൊരുക്കി. മെസ്സിയും ഒരു അസിസ്റ്റ് സ്വന്തമാക്കി. മത്സരത്തിൻ്റെ 13ആം മിനിറ്റിൽ ലയണൽ മെസ്സിയുടെ പാസിൽ നിന്നും എംബാപ്പേയാണ് മത്സരത്തിലെ ആദ്യ ഗോൾ നേടിയത്. താരത്തിൻ്റെ ബോക്സിന് വെളിയിൽ നിന്നുമുള്ള തകർപ്പൻ ഷോട്ട് യുവെ കീപ്പർ ഷേസ്‌നിയെ മറികടന്ന് വലയിൽകയറി. ഇതിന് മറുപടി ആയികൊണ്ട് 39ആം മിനിറ്റിൽ യുവൻ്റസ് സമനിലഗോൾ നേടി. ക്യാപ്റ്റൻ ബൊനൂച്ചിയാണ് ആതിഥേയർക്കായി സമനിലപിടിച്ചത്. വിങ്ബാക്ക് താരം ക്വാഡ്രാഡോയാണ് ഈയൊരു ഗോളിന് വഴിയൊരുക്കിയത്. അതോടെ ആദ്യപകുതി 1-1 എന്ന നിലയിൽ അവസാനിപ്പിക്കുവാൻ ആതിഥേയർക്കായി.

എന്നാൽ രണ്ടാം പകുതിയിൽ ന്യൂനോ മെൻ്റസിലൂടെ പി.എസ്.ജി ഇതിന് തിരിച്ചടി നൽകി. സബ്സ്റ്റിറ്റ്യൂട്ട് ആയി കളത്തിലിറങ്ങി ഒരു മിനിറ്റ് ആയപോഴാണ് താരം ഗോൾ നേടിയത്. എംബാപ്പേയാണ് ഇതിനും വഴിയൊരുക്കിയത്. അതോടെ സ്കോർ 2-1 എന്ന നിലയിലായി. എന്നാൽ ഇതിനൊരു മറുപടി നൽകാൻ ആതിഥേയർക്കായില്ല. അതോടെ പി.എസ്.ജി മത്സരം കൈപ്പിടിയിൽ ഒത്തുക്കുകയായിരുന്നു. വിജയിച്ചെങ്കിലും പി.എസ്.ജി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 6 മത്സരങ്ങളിൽ നിന്നും 14 പോയിൻ്റ് ആണ് പി.എസ്.ജിയുടെ സമ്പാദ്യം. അത്രയും പോയിൻ്റ് തന്നെയുള്ള ബെനഫിക്കയാണ് ഗ്രൂപ്പ് ചാമ്പ്യന്മാർ. പോയിൻ്റിലും, ഗോൾ വ്യത്യാസത്തിലും, അടിച്ച ഗോളിലും, വഴങ്ങിയ ഗോളിലും ഇരുടീമുകളും സമാസമം ആണ്. എന്നാൽ കൂടുതൽ എവേഗോൾ നേടിയതിൻ്റെ അടിസ്ഥാനത്തിൽ ബെനഫിക്ക ഒന്നാം സ്ഥാനക്കാർ ആവുകയായിരുന്നു.

സസ്പെൻഷനിലായ സൂപ്പർ താരം നെയ്മർ ജൂനിയർ ഇല്ലാതെയാണ് പി.എസ്.ജി ഈയൊരു മത്സരം കളിച്ചത്.

Leave a comment