Cricket Cricket-International Top News

അയർലൻഡിനോട് പരാജയപ്പെട്ട് വെസ്റ്റ്ഇൻഡീസ് ലോകകപ്പ് യോഗ്യത നേടാതെ പുറത്ത്.!

October 21, 2022

author:

അയർലൻഡിനോട് പരാജയപ്പെട്ട് വെസ്റ്റ്ഇൻഡീസ് ലോകകപ്പ് യോഗ്യത നേടാതെ പുറത്ത്.!

വെസ്റ്റ്ഇൻഡീസ് ഇല്ലാത്ത വേൾഡ്കപ്പിന് ആണ് ഓസ്ട്രേലിയയിൽ നാളെ തുടക്കം കുറിക്കാൻ പോകുന്നത്. 2007 ൽ ടി20 ലോകകപ്പ് ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് അവർ യോഗ്യത നേടാനാകാതെ പുറത്താകുന്നത്. ടി20 ലോകകപ്പിൽ ഏറ്റവും കൂടുതൽ തവണ മുത്തമിട്ട ടീമാണ് വെസ്റ്റ്ഇൻഡീസ് (2). എന്തായാലും കരീബിയൻസിൻ്റെ വെടിക്കെട്ട് ഇത്തവണ നമുക്ക് ആസ്വദിക്കുവാൻ കഴിയില്ല.

ഇന്നത്തെ മത്സരത്തിൽ ടോസ് നേടിയ വിൻഡീസ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ ആ തീരുമാനം തെറ്റ് ആയിരുന്നുവെന്ന് തുടക്കം തന്നെ മനസിലായി. 27 റൺസ് എടുത്തപ്പോഴേക്കും 2 വിക്കറ്റ് അവർക്ക് നഷ്ടപ്പെട്ടു. പിന്നീട് 71 റൺസ് ആയപ്പോഴാണ് മൂന്നാമത്തെ വിക്കറ്റ് പോയതെങ്കിലും സ്കോറിങ്ങിലെ മെല്ലെപ്പോക്കും പിന്നീട് കയറിയവർ ബ്രണ്ടൻ കിങ്ങിന് ഒരു പിന്തുണ നൽകാതെ മടങ്ങിയതും ടീമിനെ മികച്ച സ്കോർ നേടുന്നതിൽ നിന്നും തടഞ്ഞു. 20 ഓവറിൽ നിന്നും 5 വിക്കറ്റ് നഷ്ടത്തിൽ 146 റൺസ് ആണ് വിൻഡീസിന് നേടുവാൻ കഴിഞ്ഞത്. വമ്പൻ അടിക്കാരാൽ സമ്പന്നമായ ടീം ആയിരുന്നിട്ടും ഇതുപോലൊരു നിർണായക മത്സരത്തിൽ ഒരു മികച്ച സ്കോർ പടുത്തുയർത്താൻ അവർക്ക് കഴിഞ്ഞില്ല. 48 പന്തിൽ നിന്നും 62 റൺസ് നേടിയ ബ്രണ്ടൻ കിംഗ് മാത്രമാണ് മികച്ച പ്രകടനം പുറത്തെടുത്തത്. ഇതല്ലാതെ 24 റൺസ് നേടിയ ജോൺസൺ ചാൾസ് അല്ലാതെ മറ്റാർക്കും 20 റൺസിന് മുകളിൽ സ്കോർ ചെയ്യാനായില്ല. 4 ഓവറിൽ നിന്നും 16 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റ് നേടിയ അയർലൻഡ് സ്പിന്നർ ഡെലനി വിൻഡീസിനെ തടുത്ത് നിർത്തുന്നതിന് നേതൃത്വം നൽകി.

147 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ അയർലൻഡിന് ഓപ്പണർമാരായ പോൾ സ്റ്റെർലിങും, ആൻഡ്രൂ ബാൽബേർണിയും ചേർന്ന് മികച്ച തുടക്കം നൽകി. ഓപ്പണിംഗ് വിക്കറ്റിൽ 73 റൺസ് കൂട്ടിച്ചേർത്തതിന് ശേഷമാണ് ഇവർ പിരിഞ്ഞത്. 23 പന്തിൽ 37 റൺസ് നേടിയ ബാൽബേർണിയാണ് പുറത്തായത്. പിന്നീട് കയറിയ ടക്കറിനെ കൂട്ടുപിടിച്ച് സ്റ്റെർലിങ് ടീമിനെ വിജയത്തിൽ എത്തിക്കുകയായിരുന്നു. 48 പന്തിൽ 66 റൺസ് നേടിയ സ്റ്റെർലിങ് ആണ് അയർലൻഡിനായി ഏറ്റവും മികച്ചുനിന്നത്. 35 പന്തിൽ 45 റൺസ് നേടിയ ലോർകൻ ടക്കർ സ്റ്റെർലിങിന് മികച്ച പിന്തുണ നൽകി. 17.3 ഓവറിൽ 15 പന്ത് ബാക്കി നിൽക്കെ കേവലം ഒരു വിക്കറ്റ് നഷ്ടത്തിൽ അയർലൻഡ് വിജയലക്ഷ്യം മറികടക്കുകയായിരുന്നു. അതോടെ 3 മത്സരങ്ങളിൽ നിന്നും 4 പോയിൻ്റ് നേടിയ അയർലൻഡ് ലോകകപ്പിന് യോഗ്യത നേടി. ഇനി സിംബാബ്‌വെയും സ്കോട്ട്ലണ്ടും തമ്മിൽ നടക്കുന്ന മത്സരത്തിൽ വിജയിക്കുന്നവർ അയർലൻഡിനൊപ്പം ഗ്രൂപ്പ് ബി യിൽ നിന്നും ലോകകപ്പ് യോഗ്യത നേടും.

നേരത്തെ ഗ്രൂപ്പ് എ യിൽ നിന്നും ശ്രീലങ്ക, നെതർലൻഡ്സ് തുടങ്ങിയ ടീമുകൾ ലോകകപ്പ് യോഗ്യത നേടിയിരുന്നു. നെതർലാൻഡ്സ് ഇന്ത്യ അടങ്ങുന്ന ഗ്രൂപ്പ് 2 ലും ശ്രീലങ്ക ആതിഥേയരായ ഓസ്ട്രേലിയ അടങ്ങുന്ന ഗ്രൂപ്പ് 1 ലും ആണ്.

Leave a comment