European Football Foot Ball Top News

ഇൻ്റർറിനെതിരെ ബാർസയ്ക്ക് സമനിലക്കുരുക്ക്.!

October 13, 2022

author:

ഇൻ്റർറിനെതിരെ ബാർസയ്ക്ക് സമനിലക്കുരുക്ക്.!

ചാമ്പ്യൻസ് ലീഗിലെ ഗ്രൂപ്പ് സി പോരാട്ടത്തിൽ ഇൻ്റർ മിലാനെതിരെ സ്വന്തം മൈതാനത്ത് എഫ്സി ബാർസലോണയ്ക്ക് സമനിലക്കുരുക്ക്. ഇരുടീമുകളും 3 ഗോൾ വീതം നേടി. നോക്കൗട്ട് സ്വപ്നം സാഫല്യമാക്കുവാൻ വിജയം അനിവാര്യമായിരുന്ന ഘട്ടത്തിലാണ് സാവിക്കും സംഘത്തിനും ഈ സമനില തിരിച്ചടിയായത്. മത്സരത്തിൽ ബാർസയുടെ പ്രധാന പ്രതിരോധ താരങ്ങളായ കോണ്ടേ, അരൗഹോ, ക്രിസ്റ്റൻസൺ എന്നിവരുടെ അഭാവം നല്ലവണ്ണം നിഴലിച്ചു. ആദ്യ പകുതിയിൽ ഡെമ്പെലെയിലൂടെ ബാർസ മുന്നിലെത്തി. 40ആം മിനിറ്റിൽ സെർജി റോബർട്ടോയുടെ ക്രോസിൽ നിന്നുമാണ് താരം ഗോൾ നേടിയത്. ആദ്യ പകുതി അങ്ങനെ 1-0 എന്ന നിലയിൽ അവസാനിപ്പിക്കുവാൻ ബാർസയ്ക്കായി.

ശേഷം രണ്ടാം പകുതിയിൽ 50ആം മിനിറ്റിൽ ബാരെല്ലയിലൂടെ ഇൻ്റർ ഗോൾ മടക്കി. പ്രതിരോധ താരം ജെറാർഡ് പിക്കെയുടെ മണ്ടത്തരം എന്ന് തന്നെ വേണം പറയാൻ. സ്കോർ 1-1. അതോടെ വാശി കൂടിയ മത്സരത്തിൽ തുടർ ആക്രമണങ്ങൾ നടത്തിയ ബാർസയ്ക്ക് കൗണ്ടർ അറ്റാക്കിലൂടെയാണ് ഇൻ്റർ മറുപടി നൽകിയത്. 63ആം മിനിറ്റിൽ മറ്റൊരു കൗണ്ടറിൽ ലൗതാരോ മാർട്ടിനെസിലൂടെ ഇൻ്റർ മുന്നിലെത്തി. ഇതും പ്രതിരോധ പിഴവ് തന്നെയായിരുന്നു. ഇത്തവണ എറിക് ഗാർഷ്യ ആണെന്ന് മാത്രം. പിന്നീട് 82ആം മിനിറ്റിൽ ലവണ്ടോസ്കിയിലൂടെ ബാർസ ഇൻ്റെറിനൊപ്പമെത്തി. സ്കോർ 2-2. എന്നാൽ അതുകൊണ്ടും ബാർസ പ്രതിരോധം പഠിച്ചില്ലെന്ന് വേണം പറയാൻ. മറ്റൊരു കൗണ്ടർ അറ്റാക്കിലൂടെ ഗോസൻസ് ഇൻ്റെറിനെ വീണ്ടും മുന്നിലെത്തിച്ചു. അതോടെ ബാർസ തോൽവി മണുത്തു. എന്നാൽ തുടർ ആക്രമണങ്ങളുടെ ഫലമായി ഇഞ്ചുറി ടൈമിൻ്റെ രണ്ടാം മിനിറ്റിൽ എറിക് ഗാർഷ്യയുടെ ക്രോസിന് തല വെച്ചുകൊണ്ട് ലെവ വീണ്ടും ബാർസയെ ഒപ്പമെത്തിച്ചു. സ്കോർ 3-3. അധികം വൈകാതെ തന്നെ കളിക്ക് തിരശ്ശീല വീണു. ഇതോടെ ബാഴ്സയുടെ നോക്കൗട്ട് പ്രതീക്ഷകൾ അസ്ഥാനത്തായി. ഇൻ്റെറിനെ മറികടന്ന് ബാർസയ്ക്ക് നോക്കൗട്ടിൽ കടക്കണമെങ്കിൽ കടമ്പകൾ ഏറെയാണ്. എന്തായാലും നമുക്ക് കാത്തിരുന്നുകാണാം.

Leave a comment