EPL 2022 European Football Foot Ball Top News

ഒന്നുകിൽ കത്തിക്കും; ഇല്ലെങ്കിൽ കത്തി ചാമ്പലാകും.! മാഞ്ചസ്റ്റർ ഡെർബി ഇന്ന്.

October 2, 2022

author:

ഒന്നുകിൽ കത്തിക്കും; ഇല്ലെങ്കിൽ കത്തി ചാമ്പലാകും.! മാഞ്ചസ്റ്റർ ഡെർബി ഇന്ന്.

പ്രീമിയർ ലീഗ് ആരാധകർ ഒന്നടങ്കം ആവേശത്തോടെ കാത്തിരുന്ന മാഞ്ചസ്റ്റർ ഡെർബിക്ക് ഇന്ന് സിറ്റിയുടെ സ്വന്തം മൈതാനമായ എത്തിഹാദ് സ്റ്റേഡിയം ആതിഥേയത്വം വഹിക്കും. മത്സരം തെല്ലും നിരാശപ്പെടുത്തില്ലെന്ന് നമുക്ക് ആത്മ വിശ്വാസത്തോടെ പറയുവാൻ കഴിയും. കാരണം, എറിക് ടെൻഹാഗ് വന്നതിന് ശേഷം തിരിച്ചുവരവിൻ്റെ പാതയിലാണ് യുണൈറ്റഡ്. ആദ്യ 2 മത്സരങ്ങളിലും തോൽവി ഏറ്റുവാങ്ങിയ അവർ പിന്നീട് നടന്ന 4 മത്സരങ്ങളിലും വിജയക്കൊടി പാറിച്ചു. ഈയൊരു തേരോട്ടത്തിൽ ലിവർപൂൾ, ആഴ്സനൽ തുടങ്ങിയ വമ്പന്മാരും യുണൈറ്റഡിന് മുമ്പിൽ കടപുഴകി വീണു. ലിസാൻഡ്രോ മാർട്ടിനെസ്-റാഫയേൽ വരാനെ സഖ്യം നേതൃത്വം നൽകുന്ന പ്രതിരോധ നിര എന്തെന്ന് ഇല്ലാത്ത ആത്മവിശ്വാസമാണ് യുണൈറ്റഡ് ആരാധകർക്ക് സമ്മാനിക്കുന്നത്. അതോടൊപ്പം ജെയ്ഡൻ സാഞ്ചോ നയിക്കുന്ന മുന്നേറ്റ നിരയും മികച്ച ഫോമിലാണ്. ഇന്നത്തെ മത്സരത്തിലും കൗണ്ടർ അറ്റാക്കിലൂടെ സിറ്റിയെ മറികടക്കുവാൻ ആയിരിക്കും ടെൻഹാഗും സംഘവും ശ്രമിക്കുക. പരിക്ക് മൂലം കഴിഞ്ഞ മത്സരങ്ങളിൽ ഇല്ലാതിരുന്ന റാഷ്ഫോർഡ് ഒരുപക്ഷേ ഇന്നത്തെ മത്സരത്തിൽ ഇറങ്ങിയേക്കും. അങ്ങനെയെങ്കിൽ ആൻ്റണി, റാഷ്ഫോർഡ്, സാഞ്ചൊ സഖ്യമായിരിക്കും മുന്നേറ്റനിരയിൽ അണിനിരക്കുക. മറിച്ചെങ്കിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ആദ്യ ഇലവനിൽ കളിച്ചേക്കാം. മധ്യനിരയിൽ ഒരുപക്ഷേ ബ്രൂണോ ഫെർണാണ്ടസും ക്രിസ്റ്റ്യൻ എറിക്സണും ഒപ്പം മക്ടോമിനെയോ അല്ലെങ്കിൽ കാസെമിറോയോ ഇറങ്ങുവാൻ തന്നെയാണ് സാധ്യത.

മാഞ്ചസ്റ്റർ സിറ്റിയുടെ പ്രതീഷകളൊക്കെയും നോർവീജിയൻ താരം എർലിങ് ഹാലണ്ടിലാണ്. ലീഗിൽ ഇതുവരെ 7 മത്സരങ്ങളിൽ നിന്നും 11 ഗോളുകളും 1 അസിസ്റ്റും ഉൾപെടെ 12 ഗോൾ പങ്കാളിത്തങ്ങളാണ് ഹാലൻഡിൻ്റെ പേരിൽ ഇതുവരെയുള്ളത്. കഴിഞ്ഞ മത്സരത്തിൽ നോർവെയ്ക്ക് വേണ്ടി ഗോളോ അസിസ്റ്റോ നേടാൻ കഴിയാത്തതിൻ്റെ ക്ഷീണം ഹാലണ്ട് ഇന്നത്തെ മത്സരത്തിൽ തീർത്താൽ യുണൈറ്റഡ് നന്നേ വിയർക്കും. കൂടെ ഡിബ്രുയ്നും, ഫോഡനും, ഗ്രീലിഷും ഒക്കെ കൂടിയാകുമ്പോൾ ഒരു ആക്രമണ വിരുന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം. മാനുവൽ അക്കാഞ്ഞിയും, റൂബൻ ഡയസും ആയിരിക്കും സിറ്റിയുടെ പ്രതിരോധ നിരയിൽ അണിനിരക്കുക. മധ്യ നിരയിൽ ഡിബ്രുയ്നും, റോഡ്രിക്കുമൊപ്പം ബർണാഡോ സിൽവയോ, ഗുണ്ടോഗനോ ഇറങ്ങിയേക്കാം. 7 മത്സരങ്ങളിൽ നിന്നും 17 പോയിൻ്റ് നേടിയ സിറ്റി ആർസനലിന് പിന്നിൽ രണ്ടാം സ്ഥാനത്താണ്. പ്രീമിയർ ലീഗിൽ ഇതുവരെ തോൽവി നേരിടാത്ത ഏക ടീമും സിറ്റിയാണ്.

കഴിഞ്ഞ സീസണിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ 2 മത്സരങ്ങളിലും വിജയിച്ചത് സിറ്റിയാണ്. എത്തിഹാദിൽ നടന്ന മത്സരത്തിൽ 4-1 നും ഓൾഡ് ട്രാഫോർഡിൽ നടന്ന മത്സരത്തിൽ 2-0 ആണ് പെപ്പും സംഘവും വിജയിച്ചത്. എന്തായാലും ഇതിനൊരു പകരം വീട്ടലിനായി യുണൈറ്റഡ് എത്തുമ്പോൾ വാശിയേറിയൊരു മത്സരം തന്നെ നമുക്ക് പ്രതീക്ഷിക്കാം. ലിവർപൂൾ, ആഴ്സനൽ എന്നീ വമ്പന്മാർക്ക് എതിരെ നടത്തിയ പോരാട്ടം സിറ്റിക്കെതിരെയും പുറത്തെടുക്കാൻ കഴിയുമോയെന്ന് നമുക്ക് കാത്തിരുന്നുകാണാം. ഒന്നുകിൽ കത്തിക്കും; ഇല്ലെങ്കിൽ കത്തി ചാമ്പലാകും.!

ഇന്ത്യൻ സമയം വൈകിട്ട് 6.30 ന് സിറ്റിയുടെ മൈതാനമായ എത്തിഹാദ് സ്റ്റേഡിയത്തിൽ വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക.

Leave a comment