Cricket Cricket-International Top News

ബോളിംഗിൽ പിഴച്ചു, ആദ്യ ടി20യിൽ ഇന്ത്യയെ മലർത്തിയടിച്ച് ഓസീസ്

September 20, 2022

author:

ബോളിംഗിൽ പിഴച്ചു, ആദ്യ ടി20യിൽ ഇന്ത്യയെ മലർത്തിയടിച്ച് ഓസീസ്

ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയെ നാലു വിക്കറ്റിന് തകര്‍ത്ത് ഓസ്‌ട്രേലിയ. ഇന്ത്യ ഉയര്‍ത്തിയ 209 റണ്‍സ് വിജയലക്ഷ്യം നാലു പന്തുകള്‍ ബാക്കിനില്‍ക്കേ 6 വിക്കറ്റ് നഷ്ടത്തില്‍ സന്ദർശകർ മറികടക്കുകയായിരുന്നു.

30 പന്തില്‍ 61 റണ്‍സ് നേടിയ കാമറോണ്‍ ഗ്രീനാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. മാത്യു വെയ്ഡ് (21 പന്തില്‍ പുറത്താവാതെ 45) വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഓസീസിനായി ക്യാപ്റ്റന്‍ ആരോൺ ഫിഞ്ചും കാമറൂണ്‍ ഗ്രീനും മികച്ച തുടക്കമാണ് നൽകിയത്. ഫിഞ്ചിനെ (22) അധികം വൈകാതെ പുറത്താക്കാൻ ഇന്ത്യക്ക് സാധിച്ചിരുന്നു.

എന്നാൽ സ്റ്റീവന്‍ സ്മിത്ത് (24 പന്തില്‍ 35) ക്രീസിലെത്തിയതോടെ ഓസീസിന്റെ സ്‌കോര്‍ കുതിച്ചു. ഗ്രീനിനൊപ്പം 70 റണ്‍സ് കൂട്ടിചേര്‍ക്കാന്‍ സ്മിത്തിനായി. ഇതിനിടെ ഗ്രീനിനെ അക്‌സര്‍ പുറത്താക്കി. 30 പന്തില്‍ നിന്ന് നാലു സിക്‌സും എട്ട് ഫോറുമടക്കം 61 റണ്‍സെടുത്ത ഗ്രീനിനെ അക്ഷറിന്റെ പന്തില്‍ വിരാട് കോലി ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു.

അധികം വൈകാതെ സ്മിത്ത് ഉമേഷ് യാദവിന് വിക്കറ്റ് നല്‍കി. ഗ്ലെന്‍ മാക്‌സ്‌വെല്‍ (1) നിരാശപ്പെടുത്തിയെങ്കിലും ഡേവിഡ്- വെയ്ഡ് സഖ്യം ഓസീസിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ഹര്‍ഷല്‍ പട്ടേലെറിഞ്ഞ 18-ാം ഓവറില്‍ മൂന്ന് സിക്‌സടക്കം 22 റണ്‍സും ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ 19-ാം ഓവറില്‍ മൂന്ന് ബൗണ്ടറിയയടക്കം 16 റണ്‍സും അടിച്ചെടുത്ത ഈ സഖ്യമാണ് കളി ഓസീസിന് അനുകൂലമാക്കി തിരിച്ചത്.

21 പന്തുകള്‍ നേരിട്ട വെയ്ഡ് രണ്ടു സിക്‌സും ആറ് ഫോറുമടക്കം 45 റണ്‍സോടെ പുറത്താകാതെ നിന്നു. 14 പന്തുകള്‍ നേരിട്ട ടിം ഡേവിഡ് 18 റണ്‍സാണ് അടിച്ചെടുത്തത്. ഇന്ത്യയ്ക്കായി നാല് ഓവറില്‍ 17 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയ അക്ഷര്‍ പട്ടേല്‍ മാത്രമാണ് ബൗളിങ്ങില്‍ തിളങ്ങിയത്.

Leave a comment