EPL 2022 European Football Foot Ball Top News

ടെൻ ഹാഗ് കൊണ്ടുവന്ന വൻമതിൽ; ലിസാൻട്രോ മാർട്ടിനെസ്

August 23, 2022

author:

ടെൻ ഹാഗ് കൊണ്ടുവന്ന വൻമതിൽ; ലിസാൻട്രോ മാർട്ടിനെസ്

ഇന്നലത്തെ ലിവർപൂളിനെതിരെയുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ച പ്രകടനങ്ങളിൽ ഒന്നായിരുന്നു ലിസാൻട്രോ മാർട്ടിനസിൻ്റേത്. താരം ഈ സമ്മറിലാണ് യുണൈറ്റഡിൽ എത്തിയത്. അയാക്സിൽ താൻ മുമ്പ് പരിശീലിപ്പിച്ചിട്ടുള്ള തൻ്റെ ശിഷ്യനെ ഓൾഡ് ട്രാഫോർഡിലേക്ക് എത്തിച്ചതിൽ ടെൻ ഹാഗിനാണ് മുഴുവൻ ക്രെഡിറ്റും. ലിവർപൂളിൻ്റെ കനത്ത ആക്രമണങ്ങളെ തടഞ്ഞു നിർത്തുന്നതിൽ നിർണായക പങ്ക് വഹിച്ചത് മാർട്ടിനസാണ്. വരാനെയും, മലാഷിയയും, ഡാലോട്ടും എല്ലാം പ്രതിരോധത്തിൽ മികച്ചു നിന്നെങ്കിലും എടുത്ത് പറയേണ്ടത് മാർട്ടിനസിൻ്റെ പ്രകടനം തന്നെയാണ്. അത്രത്തോളം ഇന്നലെ അയാൾ യുണൈറ്റഡിനായി പുറത്തെടുത്തു. സമീപകാലത്ത് എവിടെയും യുണൈറ്റഡ് പ്രതിരോധം ഇത്രക്കും മികച്ചു നിന്നത് കാണുവാൻ കഴിഞ്ഞിട്ടില്ല.

മാർട്ടിനെസ് യുണൈറ്റഡിലേക്ക് എത്തിയപ്പോൾ താരത്തിന് പൊക്കം കുറവാണ് എന്ന് പറഞ്ഞ് കളിയാക്കിയവർ എല്ലാം തന്നെ ഇന്നലെ കയ്യടിച്ചിട്ടുണ്ടാവും. ബ്രുണോ ഫെർണാണ്ടസിൻ്റെ സെൽഫ് ഗോളിൽ കലശിക്കേണ്ടിയിരുന്ന ഒരു പിഴവ് ഗോൾലൈനിൽ നിന്ന് മാർട്ടിനെസ് നെഞ്ച് കൊണ്ട് തടുത്തത് ഏതൊരു യുണൈറ്റഡ് ആരാധകനും നന്ദിയോടെ അല്ലാതെ സ്മരിക്കുവാൻ കഴിയില്ല. കാരണം ആ ഒരു സേവ് ഇല്ലായിരുന്നെങ്കിൽ ഇന്നലത്തെ വിജയം യുണൈറ്റഡിന് അന്യമായേനെ. ഇതുകൂടാതെ ഒട്ടനവധി ടാക്കിളുകളും ഇൻ്റർസെപ്ഷനുകളും താരം നടത്തി. എന്തായാലും ഇതോടുകൂടി യുണൈറ്റഡ് പ്രതിരോധനിരയിൽ തൻ്റെ സ്ഥാനം ഊട്ടിയുറപ്പിക്കുവാൻ മാർട്ടിനസിനായി. താരത്തിൻ്റെ ഈ ഒരു പ്രകടനം അർജൻ്റീന ആരാധകർക്കും സന്തോഷം പകരുന്ന കാഴ്ചയാണ്. കാരണം വരുന്ന ലോകകപ്പിൽ അർജൻ്റീനയുടെ പ്രതിരോധനിരയിലേക്ക് സ്കലോണി കണ്ടുവച്ചിട്ടുള്ള താരങ്ങളിൽ ഒരാളാണ് ലിസാൻട്രോ മാർട്ടിനെസ്.

കഴിഞ്ഞ സീസൺ ഉടനീളവും ഈ സീസണിലെ ആദ്യ 2 മത്സരങ്ങളിലും യുണൈറ്റഡ് പ്രതിരോധം ആടിയുലയുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്. ഹാരി മഗ്വെയർ ആയിരുന്നു പ്രതിരോധത്തിൽ പാളിച്ചകൾ കൂടുതൽ വരുത്തിയിരുന്നത്. വലിയ പ്രതീക്ഷകളോടെ ലെസ്റ്റർസിറ്റിയിൽ നിന്ന് യുണൈറ്റഡ് ടീമിലേക്കെത്തിച്ച താരമാണ് മഗ്വെയർ. പക്ഷേ ഇതുവരെ താരത്തിന് പ്രതീക്ഷകൾക്കൊത്ത് ഉയരുവാൻ കഴിഞ്ഞിട്ടില്ല. ഇന്നലെ മാർട്ടിനസ്-വരാനെ കോംബോ ലിവർപൂൾ പോലൊരു ടീമിനെതിരെ മികച്ച പ്രകടനം കാഴ്ചവെച്ചതോടെ മഗ്വെയറിൻ്റെ സ്ഥാനം തുലാസിലാവുമെന്ന് ഉറപ്പായിരിക്കുകയാണ്. എന്തുതന്നെയായാലും അയാക്‌സിൽ നിന്ന് ലിസാൻട്രോ വന്നിരിക്കുന്നത് അങ്ങനെ ചുമ്മാ പോവാൻ അല്ല.

16 ക്ലിയറൻസുകളും, 7 ബോൾ റിക്കവറിയും, 5 ടാക്കിളുകളും, 3 ബ്ലോക്കുകളും, 2 ഇൻ്റർസെപ്ഷനുകളും ആണ് മാർട്ടിനസും വരാനേയും ചേർന്ന് ഇന്നലെ പ്രതിരോധനിരയിൽ നടത്തിയത്.

ഇനി കാസെമിറോ കൂടി യുണൈറ്റഡ് നിരയിലേക്ക് എത്തുന്നതോടെ പ്രതിരോധം ഇനിയും ശക്തിപ്പെടും. യുണൈറ്റഡ് തങ്ങളുടെ പ്രതാപകാലത്തിലേക്ക് തിരിച്ചുവരുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Leave a comment