European Football Foot Ball Top News transfer news

യുണൈറ്റഡിൻ്റെ തിരിച്ചുവരവിനുള്ള തുടക്കമോ ഇത്..?

August 19, 2022

author:

യുണൈറ്റഡിൻ്റെ തിരിച്ചുവരവിനുള്ള തുടക്കമോ ഇത്..?

കാസെമിറോയെ സ്വന്തമാക്കുവാൻ വേണ്ടി യുണൈറ്റഡ് രംഗത്ത് എന്ന വാർത്ത കേട്ടപ്പോൾ സത്യത്തിൽ ഇത് ഒരിക്കലും നടക്കാത്ത ഒരു സ്വപ്നമായാണ് ഏവരും കരുതിയിട്ടുണ്ടാവുക. കാരണം റയൽ മാഡ്രിഡ് എന്ന് കേട്ടാൽ ഇപ്പൊൾ ആദ്യം മനസ്സിലേക്ക് വരുന്ന മുഖങ്ങളിൽ ഒന്നാണ് കാസിയുടേത്. അങ്ങനെയിരിക്കെ റയൽ തങ്ങളുടെ മുഖത്തെ വിരൂപമാക്കുവാൻ സമ്മതം മൂളുമോ..? മറിച്ച് കാസിയെ ഇന്നത്തെ കാസെമിറോ ആക്കിമാറ്റിയ റയലിനെ അവൻ കൈവിടുമോ..? ഇനി കൈവിട്ടാലും വർഷങ്ങൾ ആയി ഒരു കിരീടം പോലും നേടാൻ ആവാതെ ചാമ്പ്യൻസ് ലീഗിൽ പോലും യോഗ്യത ഇല്ലാതെ സ്‌ട്രഗിൾ ചെയ്യുന്ന യുണൈറ്റഡിലേക്ക് അവൻ പോകുമോ..? ഇതുപോലെയുള്ള ചോദ്യങ്ങൾ ആയിരിക്കും പലരുടെയും മനസ്സിലൂടെ കടന്നുപോയിട്ടുണ്ടാവുക. എന്നാലിപ്പോൾ ആരാധകരുടെ ഒന്നടങ്കം ചിന്താഗതികളും കൂട്ടിക്കിഴിക്കലുകളും എല്ലാം തകിടംമറിയുന്ന കാഴ്ചയാണ് കാണുവാൻ കഴിയുന്നത്. താരത്തിൻ്റെ യുണൈറ്റഡിലേക്ക് ഉള്ള കൂടുമാറ്റം ഇനി അധികം വിദൂരമല്ല. 4 വർഷത്തെ ഡീലിൽ 70 മില്യൺ യൂറോയുടെ ഒരു ടോട്ടൽ പാക്കേജ് ബിഡ് ആണ് യുണൈറ്റഡ് റയലിന് മുമ്പിൽ വെച്ചിരിക്കുന്നത്. റയൽ ഇതിന് സമ്മതം മൂളുമെന്ന് തന്നെ പ്രതീക്ഷിക്കാം. അങ്ങനെ സംഭവിച്ചാൽ 48 മണിക്കൂറിനുള്ളിൽ താരത്തിൻ്റെ മെഡിക്കൽ ഉണ്ടാവുമെന്ന് പ്രശസ്ത മാധ്യമപ്രവർത്തകൻ ആയ ഫാബ്രിസിയോ റൊമാനൊ അറിയിച്ചു.

ഇന്ന് ലോകത്ത് ഉള്ളതിൽ വെച്ച് ഏറ്റവും മികച്ച ഡിഫൻസീവ് മിഡ്ഫീൽഡർമാരിൽ മുൻപന്തിയിൽ ഉള്ള താരമാണ് കാസെമിറോ. ആരാധകർക്കിടയിൽ അവൻ്റെ വിളിപ്പേര് “ടാങ്ക്” എന്നാണ്. ആ പേര് പോലെ തന്നെയാണ് കളിയും. ശത്രുക്കൾക്കെതിരെ വെടി ഉതിർക്കുവാൻ ആണ് ടാങ്ക് ഉപയോഗിക്കുന്നത്. അതുപോലെ തന്നെയാണ് കാസിയും. എതിരാളികളെ അഗ്ഗ്രസീവ് ആയി നേരിടുന്ന രീതിയാണ് കാസിയുടെത്. അതുകൊണ്ട് തന്നെ ഈ ഒരു ട്രാൻസ്ഫർ വിജയകരമാകുകയാണെങ്കിൽ അത് യുണൈറ്റഡിൻ്റെ ഒരു തിരിച്ചുവരവിന് തന്നെ സാക്ഷ്യം വഹിച്ചേക്കാം. യുണൈറ്റഡ് നിലവിൽ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് ഒരു മികച്ച മിഡ്ഫീൽഡർ ടീമിലില്ല എന്നുള്ളത്. ഇതിന് പകരമായി കാസിമിനേക്കൾ വലിയ ഒരു ഓപ്ഷൻ വേറെ ഉണ്ടാകില്ല. കളിക്കളത്തിൽ അത്രത്തോളം ഇംപാക്ട് ഉണ്ടാക്കി എടുക്കുന്ന താരമാണ് അയാൾ. മിഡ്ഫീൽഡിൽ വെച്ച് തന്നെ പലമുന്നേറ്റങ്ങളുടെയും മുനയൊടിക്കുവാൻ അവനെക്കൊണ്ട് കഴിയും. അത് പലവട്ടം റയലിലും ബ്രസിലിലുമായി നമ്മൾ കണ്ടിട്ടുള്ളതാണ്.

2013 ലാണ് ബ്രസീലിയൻ ക്ലബ് ആയ സവോപോളോയിൽ നിന്നും അവൻ റയലിലേക്ക് എത്തിയത്. ശേഷം 2014/15 സീസണിൽ പോർട്ടോയിലേക്ക് റയൽ അവനെ ലോണിൽ വിട്ടു. പിന്നീട് തിരിച്ച് റയലിൽ എത്തിയ താരത്തിന് ഒരിക്കൽ പോലും താഴേക്ക് പോകേണ്ടി വന്നിട്ടില്ല.. 2014 മുതൽ 2022 വരെയുള്ള ഈ കാലയളവിൽ 5 ചാമ്പ്യൻസ് ലീഗ് കിരീടങ്ങളാണ് അവൻ റയലിന് ഒപ്പം നേടിയത്. ആകെ കിരീട നേട്ടം 18. കൂടാതെ ഒരു DMF പ്ലയർ ആയിരുന്നിട്ടുകൂടി 221 മത്സരങ്ങൾ റയലിനായി കളിച്ച താരം 24 ഗോളുകളും നേടിയിട്ടുണ്ട്. ഈ കണക്കുകൾ മാത്രം മതിയാവും കാർലോസ് ഹെൻറിക്ക്വെ കാസെമിറോ എന്ന കളിക്കാരൻ റയൽ മാഡ്രിഡ് എന്ന ക്ലബ്ബിൽ ഉണ്ടാക്കിയ ഇംപാക്ട് എത്ര ആഴത്തിൽ ഉള്ളതാണെന്ന് മനസിലാക്കാൻ. ഏതൊരു മാനേജറും കൊതിച്ചു പോകും ഇതുപോലൊരു മിഡ്ഫീൾഡറെ കിട്ടുവാൻ.

എന്തൊക്കെയായാലും വരുന്ന മണിക്കൂറുകൾക്കുള്ളിൽ തന്നെ ഈയൊരു ട്രാൻസ്ഫർ പൂർത്തീകരിക്കുവാൻ വേണ്ടിയാണ് യുണൈറ്റഡ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. റയൽ സമ്മതം മൂളിയാൽ ഉടൻ തന്നെ 48 മണിക്കൂറിനുള്ളിൽ താരത്തിൻ്റെ മെഡിക്കൽ ഉണ്ടാവും. ഇരുകൂട്ടരെയും സംബന്ധിച്ചിടത്തോളം നിർണായക നിമിഷങ്ങളാണ് കടന്നുപോകുന്നത്. റയൽ ഈ ഓഫർ സ്വീകരിക്കുമെന്ന് തന്നെയാണ് യുണൈറ്റഡിൻ്റെ പ്രതീക്ഷ. എന്ത് സംഭവിക്കുമെന്ന് കണ്ട് തന്നെ അറിയണം.
റയലിൽ തനിക്ക് നല്ലൊരു റോൾ ഉണ്ടായിട്ട് കൂടി എന്തിനാണ് പ്രീമിയർ ലീഗിൽ കിതച്ചുകൊണ്ടിരിക്കുന്ന ഒരു ക്ലബിലേക്ക് അയാൾ പോകുന്നത് എന്ന് നമുക്ക് സംശയം തോന്നിയേക്കാം. പക്ഷേ അതെല്ലാം കാസെമിറോ എന്ന കളിക്കാരൻ്റെ പക്ഷത്ത് നിന്ന് ആലോചിച്ചാൽ മനുസിലാകാവുന്നതെ ഉള്ളൂ. ഇത്രയും പ്രതിഭ സമ്പന്നൻ ആയൊരു കളിക്കാരൻ ആയിട്ട് കൂടി താരത്തിന് റയലിൽ സാലറി കുറവാണ്. അവർ അത് കൂട്ടി നൽകുവാൻ തയ്യാർ ആയിട്ടുമില്ല. ഈ ഒരു സന്ദർഭത്തിൽ യുണൈറ്റഡ് പണം വാരിയെറിഞ്ഞ്കൊണ്ട് ഒരു കീ പ്ലേയർ ആയി താരത്തെ ടീമിലേക്ക് വേണം എന്ന രീതിയിൽ രംഗത്തേക്ക് വരുമ്പോൾ കാസിം എങ്ങനെ സ്വാധീനപ്പെടാതിരിക്കും. മാത്രമല്ല താരത്തിൻ്റെ വരവോട് കൂടി മാഞ്ചസ്റ്റർ യുണൈറ്റഡ് പഴയ പ്രതാപത്തിലേക്ക് മടങ്ങിത്തിയാൽ അതിൻ്റെ മുഴുവൻ ക്രെഡിറ്റും കാസെമിറോ എന്ന കളിക്കാരന് മാത്രം അവകാശപ്പെട്ടത് ആയിരിക്കും.

ഇപ്പൊൾ ഏതൊരു യുണൈറ്റഡ് ആരാധകനും ആഗ്രഹിക്കുന്നത് ഈയൊരു ഡീൽ ഇത്രയും പെട്ടെന്ന് നടന്നുകാണണം എന്നായിരിക്കും. കാരണം അത്രത്തോളം അവർ ഈ കുറഞ്ഞ സമയത്തിനുള്ളിൽ സ്വപ്നം കണ്ടിട്ടുണ്ടാവും. എന്തായാലും വരുന്ന മണിക്കൂറുകൾ സാക്ഷ്യം വഹിക്കുന്നത് ഈ സമ്മറിലെ ഏറ്റവും വലിയൊരു കൂടുമാറ്റത്തിന് ആയിരിക്കും.. ഒപ്പം ഒട്ടും പ്രതീക്ഷിക്കപ്പെടാത്തതും.
നമുക്ക് കാത്തിരിക്കാം… മാഞ്ചസ്റ്റർ യുണൈറ്റഡ് എന്ന ക്ലബ്ബിനെ തകർച്ചയിൽ നിന്നും കരകയറ്റുവാൻ അവതരിച്ച അവതാരമാകുമോ കാസെമിറോ എന്ന്. ഇവിടം മുതൽ ആയിരിക്കാം ചുവന്ന ചെകുത്താന്മാർ എന്ന പേര് യുണൈറ്റഡ് തിരിച്ച് പിടിക്കുവാൻ പോകുന്നത്. മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോർഡ് മൈതാനത്ത് ഇരമ്പിനിൽക്കുന്ന ചുവന്ന കടലിനെ സാക്ഷിനിർത്തി അവൻ യുണൈറ്റഡ് ജഴ്സിയിൽ ഇറങ്ങുമോ എന്ന് അറിയാൻ ഇനി മണിക്കൂറുകൾ മാത്രം കാത്തിരുന്നാൽ മതിയാവും.

Leave a comment

Your email address will not be published. Required fields are marked *