Cricket Cricket-International Editorial Top News

കോലിയുടെ കാലം കഴിഞ്ഞെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ..? എങ്കിൽ അത് വെറും തെറ്റിദ്ധാരണയാണ്.

August 10, 2022

author:

കോലിയുടെ കാലം കഴിഞ്ഞെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ..? എങ്കിൽ അത് വെറും തെറ്റിദ്ധാരണയാണ്.

ഇന്ത്യയുടെ എക്കാലത്തെയും വലിയ ഇതിഹാസമാണ് ക്രിക്കറ്റിൻ്റെ ദൈവം എന്ന് വിശേഷിപ്പിക്കുന്ന സാക്ഷാൽ സച്ചിൻ രമേഷ് ടെൻഡുൽക്കർ. എന്നാൽ അതെ സച്ചിൻ്റെ സകല റെക്കോർഡുകളും ഒരാൾ തൂക്കുമെന്ന് ക്രിക്കറ്റ് ലോകം മുഴുവൻ ഒന്നടങ്കം ഒരിക്കൽ എങ്കിലും കരുതിയിട്ടുണ്ടാവും. പിന്നീട് ആ നിലപാടിൽ മാറ്റം വരുത്തിയവർ ഉണ്ടാവും. ഇപ്പഴും ആ നിലപാടിൽ ഒരു മാറ്റവും വരുത്താത്തവർ ഉണ്ടാവും. ഇനി മറ്റൊരാളെ കൊണ്ടും അതൊന്നും മറികടക്കാൻ കഴിയുകില്ല എന്ന് അടിയുറച്ച് വിശ്വസിക്കുന്നവരും തീർച്ചയായും കാണും. ഇങ്ങനൊക്കെ പറയുമ്പോഴും ക്രിക്കറ്റ് ലോകത്ത് ഇങ്ങനൊരു ചിന്താഗതി കൊണ്ടുവരാൻ കാരണക്കാരൻ ആയ ഒരു പ്രതിഭാസം ഉണ്ടായിരിക്കുമല്ലോ. പറയാതെ തന്നെ അത് ആരായിരിക്കുമെന്ന് ഇത് വായിക്കുന്ന ഓരോ വായനക്കാർക്കും മനസ്സിലായിട്ടുണ്ട്.. എങ്കിലും പറയാം. അത് മറ്റാരുമല്ല ക്രിക്കറ്റ് ലോകത്ത് രാജാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സാക്ഷാൽ കിംഗ് കോലിയാണ്.

മമ്മൂക്കയുടെ സൂപ്പർഹിറ്റ് പടങ്ങളിൽ ഒന്നായ “മായാവി” സിനിമയിൽ സ്രാങ്ക് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സലിം ചേട്ടൻ ഒരു ഡയലോഗ് പറയില്ലേ.. അതാണ് എനിക്ക് ഇപ്പൊൾ ഓർമ വരുന്നത്. “ചിരിക്കും.. ഇപ്പൊ ഈ കണ്ണൻ സ്രാങ്കിൻ്റെ പേര് കേട്ടാ ഏതവനും ഒന്ന് ചിരിക്കും.. പണ്ട് കാലത്ത് ഈ സ്രാങ്കിനെ കണ്ടാൽ ഇവന്മരോക്കെ പെടുക്കുവാരുന്നു.” ഇതുപോലെ തന്നെയാണ് നിലവിൽ കോലിയുടെ അവസ്ഥ. 2019 നവംബറിൽ ബംഗ്ലാദേശിന് എതിരെ നടന്ന ഡേ-നൈറ്റ് ടെസ്റ്റ് മത്സരത്തിൽ ആണ് കോലി അവസാനമായി സെഞ്ചുറി നേടിയത്. ഏകദേശം ആ ഒരു സമയം വരെ സെഞ്ചുറികളുടെ തൂക്കിയടി ആണ് നമ്മൾ കണ്ട് കൊണ്ടിരുന്നത്.. മൂന്ന് ഫോർമാറ്റിൽ നിന്നുമായി 70 സെഞ്ചുറികൾ.. നിസംശയം ഏതൊരാളും പറഞ്ഞു പോകും സച്ചിൻ്റെ റെക്കോർഡുകൾ എല്ലാം വിരാട് കാറ്റിൽ പറത്തും. പക്ഷേ അവിടെ നിന്നാണ് നമ്മുടെ പ്രതീക്ഷകൾക്ക് എല്ലാം മങ്ങൽ ഏൽക്കുവാൻ തുടങ്ങിയത്. 70 സെഞ്ചുറികൾ എന്ന നാഴികകല്ലിലേക്ക് അതിവേഗം കുതിച്ചെത്തിയ കോലി പിന്നീട് തൻ്റെ അതുല്യമായ ഫോം മെല്ലെ കൈവിടുന്ന കാഴ്ചയാണ് ക്രിക്കറ്റ് ലോകം കണ്ടത്.

കാമുകിയായിരുന്ന അനുഷ്കയെ കല്യാണം കഴിച്ചത് മുതലാണ് കോലിയുടെ തകർച്ചകൾ ആരംഭിച്ചത് എന്ന് പറയുന്നവർ വരെ ഉണ്ട്.. പക്ഷേ അതൊക്കെ വെറും അന്തം ചിന്താഗതികൾ മാത്രമാണ്. ക്യാപ്റ്റൻസിയുടെ പ്രഷർ ആണ് ഫോം നഷ്ടപ്പെടാൻ കാരണം എന്ന് കരുതുന്നവരും ഉണ്ട്. ക്യാപ്റ്റൻ ആയികൊണ്ട് കിരീടം നേടാൻ കഴിഞ്ഞിട്ടില്ലല്ലോ. അതുകൊണ്ട് ആണ് ക്യാപ്റ്റൻ സ്ഥാനം കോലി ഒഴിഞ്ഞത്; ഈ തരത്തിലും സംസാരങ്ങൾ ഉണ്ട്. ഫോംഔട്ട് ആയതിനാൽ പതിയെ പതിയെ BCCI കോലിയെ തഴയുകയാണ്. അതുകൊണ്ടാണ് പല പര്യടനങ്ങളിലും കോലിക്ക് BCCI വിശ്രമം നൽകുന്നത്. എന്നൊക്കെയാണ് പലരുടെയും അഭിപ്രായങ്ങൾ. അതിനെപ്പറ്റി ഒന്നും പറഞ്ഞ് സമയം കളയേണ്ടതില്ല. നമുക്ക് ചില കണക്കുകളിലേക്ക് ഒന്ന് പോകാം.

മുകളിലുള്ള കണക്കുകൾ മാത്രം നോക്കിയാൽ മതിയാവും കോലി എന്ന പ്രതിഭാസത്തെ മനസ്സിലാക്കാൻ. ടെസ്റ്റിൽ 102 മത്സരങ്ങളിൽ നിന്നും 49.53 ആവറേജിൽ 8074 റൺസും 27 സെഞ്ചുറികളും 28 അർദ്ധ സെഞ്ച്വറികളും; ഏകദിനത്തിൽ 262 മത്സങ്ങളിൽ നിന്ന് 57.68 ആവറേജിൽ 12344 റൺസും 43 സെഞ്ചുറികളും 64 അർദ്ധ സെഞ്ച്വറികളും ടി20 യിൽ 99 മത്സരങ്ങളിൽ നിന്നായി 50.12 ആവറേജിൽ 3308 റൺസും 30 അർദ്ധ സെഞ്ച്വറികളും ഐ.പി.എല്ലിൽ 223 മത്സരങ്ങളിൽ നിന്നായി 36.2 ആവറേജിൽ 6624 റൺസും 5 സെഞ്ചുറികളും 44 അർദ്ധസെഞ്ച്വറികളും കോലിയുടെ പേരിൽ ഉണ്ട്. ഇനിയും പറയാൻ ഒരുപാട് ഉണ്ടെങ്കിലും എല്ലാം ഇവിടെ ഉൾപ്പെടുത്തുന്നില്ല. ഇത്രയും മികച്ച കണക്കുകൾ ഉള്ള മറ്റൊരാൾ ഉണ്ടോ എന്ന് ചോദിച്ചാൽ പലരും ഉത്തരം മുട്ടിപോകും. ഇത്രയും നേടാൻ കഴിഞ്ഞവന് ഇനിയും ഉയരങ്ങൾ കീഴടക്കാൻ എന്ത്കൊണ്ട് കഴിഞ്ഞുകൂടാ.? തീർച്ചയായും കഴിയും. ഇത് ഏതൊരു കളിക്കാരനും ഉണ്ടാകുന്ന താത്കാലിക ഫോംഔട്ട് മാത്രമാണ്. ഇന്ന് അല്ലെങ്കിൽ നാളെ കോലി തൻ്റെ പ്രതാപ കാലത്തിലേക്ക് തിരിച്ചു വരും.

“ദേവാസുരം” സിനിമയിൽ മംഗലശ്ശേരി നീലകണ്ഠൻ വെട്ടേറ്റ് മരണശയ്യയിൽ കിടക്കുമ്പോൾ വാർത്ത അറിഞ്ഞ് ചായകടയിൽ ഇരുന്ന് ഒരാൾ പറയില്ലേ.. “വെട്ടി ഇട്ടാൽ മുറി കൂടും.. അതാ ഇനം. ഇത് അങ്ങനെ ഒന്നും ചാകുന്ന മൊതൽ അല്ല” എന്ന്. അതുപോലെ തന്നെയാണ് കോലിയുടെ കാര്യവും. ഇതൊരു ഇടവേള ആയി മാത്രം കണ്ടാൽ മതി.. പൂർവാധികം ശക്തിയോടെ പഴയ അഗ്ഗ്രെസ്സീവ് കോലിയായി അവൻ തിരിച്ചു വരും. അന്ന് നമുക്ക് തെല്ലും സംശയമില്ലാതെ ഉറക്കെ വിളിക്കാം “വിരാട് കിംഗ് കോലി” എന്ന്.

Leave a comment