മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലക സംഘത്തിലേക്ക് ബെന്നി മക്കാർത്തിയും
ഇംഗ്ലീഷ് സൂപ്പർ ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകസംഘത്തിലേക്ക് വിഖ്യാത താരം ബെന്നി മക്കാർത്തിയും. ദക്ഷിണാഫ്രിക്കയുടെ ഇതിഹാസതാരമാണ് മക്കാർത്തി. അയാക്സ്, സെൽറ്റ വിഗോ, പോർട്ടോ, ബ്ലാക്ക്ബേണ്‍ റോവേഴ്സ്, വെസ്റ്റ് ഹാം തുടങ്ങിയ പ്രധാന ക്ലബുകൾക്കായി കളിച്ചിട്ടുണ്ട് ഈ സ്ട്രൈക്കർ.
ഫസ്റ്റ് ടീം കോച്ചായാണ് മക്കാർത്തിയുടെ നിയമനം. ഇക്കാര്യത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഔദ്യോഗിക പ്രഖ്യാപനവും എത്തിയിട്ടുണ്ട്. പോർട്ടോയുടെ ചാമ്പ്യൻസ് ലീഗ് കിരീടനേട്ടത്തിൽ നിർണായക പങ്ക് വഹിച്ച താരമാണ് ഇദ്ദേഹമെന്നതും ശ്രദ്ധേയമായ കാര്യമാണ്.
ദക്ഷിണാഫ്രിക്കയുടെ എക്കാലത്തേയും മികച്ച ഗോൾവേട്ടക്കാരൻ കൂടിയായ മക്കാർത്തി പ്രീമിയർ ലീഗിൽ ബ്ലാക്ക്ബേണിനായി നൂറിലേറെ മത്സരങ്ങളിൽ ബൂട്ടണിഞ്ഞ വ്യക്തിയാണ്. കളിക്കളത്തോട് വിടപറഞ്ഞശേഷം 2015 മുതൽ പരിശീലീകരംഗത്ത് സജീവമാണ് ഈ 44-കാരൻ. ദക്ഷിണാഫ്രിക്കൻ ക്ലബ് അമാസുലുവിലാണ് മക്കാർത്തി ഏറ്റുമൊടുവിൽ പ്രവർത്തിച്ചത്.