സെവിയ്യയുടെ പ്രതിരോധ താരമായ ജൂൾസ് കൗണ്ടെ ബാഴ്സലോണയിലേക്ക്
സെവിയ്യയുടെ പ്രതിരോധ താരമായ ജൂൾസ് കൗണ്ടെ ബാഴ്സലോണയിലേക്ക്. അവസാന നിമിഷം പ്രീമിയർ ലീഗ് വമ്പൻമാരായ ചെല്‍സിയുടെ ഓഫര്‍ നിരസിച്ചാണ് ഫ്രഞ്ച് താരം കാറ്റാലൻ ക്ലബിലേക്ക് കൂടുമാറ്റം നടത്താൻ ഒരുങ്ങുന്നത്. 55 മില്യണ്‍ യൂറോ മുടക്കിയാണ് ബാഴ്സ കൗണ്ടെയെ ക്ലബിലെത്തിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
അഞ്ച് വര്‍ഷത്തെ കരാറിലാണ് താരം ഒപ്പിട്ടിരിക്കുന്നത്. 10 മില്യണ്‍ യൂറോ ശമ്പളമായും കൗണ്ടെയ്ക്ക് ലഭിക്കും. ചെല്‍സി 50 മില്യണ്‍ യൂറോയാണ് ഓഫര്‍ ചെയ്തിരുന്നത്. പരിക്കേറ്റ് വിശ്രമത്തിലുള്ള സെവിയ്യയുടെ പ്രീ സീസണ് കൂന്റേ സ്ക്വാഡിലുണ്ടായിരുന്നില്ല. ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ബാഴ്സ സ്വന്തമാക്കുന്ന അഞ്ചാമത്തെ താരമാണ് കൗണ്ടെ. ചെൽസിയിൽ നിന്നും ഡിഫെൻഡർ ആന്ദ്രയാസ് ക്രിസ്റ്റന്സന്, എസി മിലാനിൽ നിന്നും മധ്യനിര താരം ഫ്രാങ്ക് കെസി, ബയേൺ മ്യൂണിക്കിൽ നിന്നും സ്ട്രൈക്കർ റോബർട്ട് ലെവന്‍ഡോസ്കി, ലീഡ്സ് യുണൈറ്റഡിൽ നിന്നും വിങറായ റഫീഞ്ഞ എന്നിവര്‍ നേരത്തെ ബാഴ്സയുടെ പാളയത്തിലെത്തിയിരുന്നു.
പ്രതിരോധനിരയിലേക്ക് സാവിയുടെ പ്രധാന ലക്ഷ്യമായിരുന്നു ഫ്രഞ്ച് താരമായ ജൂൾസ് കൗണ്ടെ. യൂറോപ്പിലെ ഏറ്റവും മികച്ച പ്രതിരോധ താരങ്ങളിൽ ഒരാളായി കരുതപ്പെടുന്ന താരത്തെ ടീമിലെത്തിക്കാൻ ചെൽസി അവസാനം വരെ പൊരുതിയെങ്കിലും ലാലിഗയിലെ പരിചയസമ്പത്ത് ചാവിയുടെ ടീമിലേക്ക് പ്രയോഗിക്കാനാണ് താരം താത്പര്യം കാണിച്ചത്.
ജെറാർഡ് പിക്വ കരിയറിന്റെ അവസാന നാളുകളിലായതിനാൽ പകരമെത്തുന്നത് പരിചയ സമ്പത്തുള്ള യുവതാരമായിരിക്കണമെന്ന് കാറ്റാലൻ ക്ലബിന് നിർബന്ധമുണ്ടായിരുന്നു. അതിന്റെ ഭാഗമായാണ് ജൂൾസ് കൗണ്ടെയെ കണ്ടെത്തിയതും ടീമിലെത്തിച്ചിരിക്കുന്നതും.