സൂപ്പര്‍ താരം അഡ്രിയാന്‍ ലൂണയുമായുള്ള കരാര്‍ നീട്ടി ബ്ലാസ്റ്റേഴ്സ്
കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പര്‍ താരം അഡ്രിയാന്‍ ലൂണയുമായുള്ള കരാര്‍ നീട്ടി ക്ലബ്. രണ്ടു വര്‍ഷത്തേക്കാണ് താരവുമായുള്ള കരാര്‍ നീട്ടിയിരിക്കുന്നത്. ഇതോടെ 2024 വരെ ലൂണ മഞ്ഞപ്പടയിൽ തന്നെ തുടരും. കഴിഞ്ഞ സീസണില്‍ തകര്‍പ്പന്‍ ഫോമില്‍ കളിച്ച ലൂണ ആരാധകരുടെ മനം കവര്‍ന്നിരുന്നു.
കഴിഞ്ഞ സീസണില്‍ ആറു ഗോളുകളും ഏഴ് അസിസ്റ്റുകളുമാണ് യുറുഗ്വായ് അറ്റാക്കിങ് മിഡ്ഫീല്‍ഡറായ ലൂണയുടെ ബൂട്ടില്‍ നിന്നും പിറന്നത്. കരാര്‍ പുതുക്കിയതില്‍ സന്തോഷമുണ്ടെന്നും മഞ്ഞപ്പടയ്ക്ക് മുന്നില്‍ കളിക്കാനായി കാത്തിരിക്കുകയാണെന്നുമാണ് ലൂണ പറഞ്ഞത്. പുതിയ സീസണില്‍ മികച്ച പ്രകടനം പുറത്തെടുക്കുമെന്നും താരം കരാര്‍ നീട്ടിയശേഷം പ്രതികരിച്ചു.
നിലവില്‍ ലൂണയെക്കൂടാതെ വിക്ടര്‍ മോംഗില്‍, ജിയാനു അപ്പോസ്തലസ്, ഇവാന് കലിയൂഷ്നി എന്നീ വിദേശതാരങ്ങളെയും ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിനായി കരുതിയിട്ടുണ്ട്. പ്രീ സീസണ് മത്സരങ്ങള്‍ക്ക് മുന്‍പായുള്ള പരിശീലനത്തിനായി ലൂണ ഉടന്‍ തന്നെ ടീമിനൊപ്പം ചേരും.